
മാവേലിക്കര ∙ നിർമാണത്തിനിടയിൽ തകർന്നു വീണു രണ്ടു തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ കീച്ചേരിക്കടവ് പാലത്തിൽ തൊഴിലാളികൾക്കു സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നു മരാമത്ത് വിജിലൻസിന്റെ പ്രാഥമിക നിഗമനം. വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.പാലം തകർന്നു വീണ ഭാഗത്ത് അച്ചൻകോവിലാറിന്റെ ഇരുകരകളിലും വിജിലൻസ് സംഘം പരിശോധന നടത്തി.
ഗർഡർ കോൺക്രീറ്റിങ് വേളയിൽ നിർമാണ തൊഴിലാളികൾക്കു ലൈഫ് ജാക്കറ്റ് നൽകിയിരുന്നില്ലെന്നും താഴെ വീണാൽ തങ്ങിനിൽക്കാൻ വല ഉൾപ്പെടെ മുൻകരുതലുകൾ ഇല്ലായിരുന്നെന്നും കണ്ടെത്തി. ഗർഡർ തകർന്നു വീണത് എന്തുകൊണ്ടെന്നു വിശദമായി അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെന്നു സംഘം സൂചിപ്പിച്ചു.
ആറ്റിലേക്കു തകർന്നുവീണ ഭാഗം പുറത്തെടുത്തു പരിശോധിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു.
കീച്ചേരിക്കടവിൽ ചെട്ടികുളങ്ങര പഞ്ചായത്തിന്റെ ഭാഗത്തുള്ള കരാറുകാരുടെ ഷെഡ് ഇന്നലെ രാവിലെ തിടുക്കത്തിൽ വൃത്തിയാക്കി സുരക്ഷാ ഉപകരണങ്ങൾ ക്രമീകരിക്കാനുള്ള നീക്കം പഞ്ചായത്തംഗം സോമവല്ലി സാഗറിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. വിജിലൻസ് പരിശോധന അറിഞ്ഞാണ് ഇതു ചെയ്തതെന്നു അവർ ആരോപിച്ചു. ഇവിടെ 6 മാസത്തിനിടെ 3 തവണ വെള്ളപ്പൊക്കമുണ്ടായി. അപ്പോഴെല്ലാം ഗർഡർ കോൺക്രീറ്റിങ്ങിനായി ക്രമീകരിച്ച തട്ട് ഉണ്ടായിരുന്നു.
വെള്ളപ്പൊക്കത്തിൽ അതിനു ബലക്ഷയമുണ്ടായോ എന്നു കോൺക്രീറ്റിങ് നടത്തുന്നതിനു മുൻപു പരിശോധിച്ചില്ലെന്നും പരാതിയുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15ന് ആണു ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നു വീണത്. അപകടത്തിൽ കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻ ചിറയിൽ ബിനു ഭവനത്തിൽ ബിനു (42) എന്നിവർ മരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]