
ചേർത്തല ∙ ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരുപ്പുകളും കണ്ടെത്തി. സെബാസ്റ്റ്യന്റെ സുഹൃത്ത് ചേർത്തല ശാസ്താംകവല സ്വദേശി റോസമ്മ(70)യുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ഷെഡിലും പരിശോധന നടത്തി.
റോസമ്മയെ ചേർത്തല പൊലീസ് ചോദ്യം ചെയ്തു.
വീടിനോ ഭൂമിക്കടിയിലോ ഉള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ചായിരുന്നു പരിശോധന. തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ (സെസ്) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ജിപിആർ പരിശോധനയിൽ സംശയം തോന്നിയ സ്ഥലങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിയെടുത്തു പരിശോധിച്ചു.
വീട്ടുവളപ്പിൽ 15 ഇടത്തു കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അടുക്കളയിലെ വിറകടുപ്പിനുള്ളിൽ നിന്നാണു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയൽ കണ്ടെത്തിയത്.
വീടിനു പുറകുവശത്തു നിന്ന് രണ്ടു ചെരുപ്പും കിട്ടി. ഉച്ചയ്ക്ക് 12 ന് ആരംഭിച്ച പരിശോധന വൈകിട്ട് 4.30ന് വരെ നീണ്ടു.
അതിനു ശേഷമാണ് റോസമ്മയുടെ വീടിനു സമീപം കോഴിഫാം പ്രവർത്തിച്ച ഷെഡിൽ ജിപിആർ പരിശോധന നടത്തിയത്.
അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ(52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ(57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ പരിശോധന. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54)യുടെ തിരോധാനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങളും വീടിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിരുന്നു.
കാണാതായ ഐഷയുടെ സുഹൃത്തും അയൽവാസിയുമാണ് റോസമ്മ.
ഐഷയെ സെബാസ്റ്റ്യനു പരിചയപ്പെടുത്തിയതു റോസമ്മയാണ്. എന്നാൽ ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ടു റോസമ്മയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് പറഞ്ഞു.
റോസമ്മയ്ക്കെതിരെ ഐഷയുടെ ബന്ധുക്കളും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേർത്തല പൊലീസാണ് ഇന്നലെ റോസമ്മയുടെ മൊഴിയെടുത്തത്. ഇവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. സുനിൽരാജ്, സിഐ ഹേമന്ത് കുമാർ, ചേർത്തല എസ്എച്ച്ഒ ജി.
അരുൺ, അർത്തുങ്കൽ എസ്എച്ച്ഒ പി.ജി. മധു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സെബാസ്റ്റ്യന്റെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്തു
ഏറ്റുമാനൂർ ∙ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഇന്ന് ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണിത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സഹകരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇപ്പോൾ ചോദ്യങ്ങൾക്കു മറുപടി നൽകുന്നുണ്ട്.
എന്നാൽ പലതും പരസ്പരവിരുദ്ധമാണെന്ന് അന്വേഷണസംഘം പറയുന്നു.കേസുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നോ എന്നറിയാനായി അന്വേഷണസംഘം സെബാസ്റ്റ്യന്റെ ഭാര്യയെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്തത്.
തനിക്കൊന്നും അറിയില്ലെന്ന മറുപടിയാണ് അവർ നൽകിയതെന്നറിയുന്നു.
സിന്ധുവിനായും തിരച്ചിൽ
ചേർത്തല∙ ദുരൂഹസാഹചര്യത്തിൽ കാണാതായ ചേർത്തല തെക്ക് പഞ്ചായത്ത് 13-ാംവാർഡ് വള്ളാക്കുന്നത്ത്വെളി സിന്ധുവിന്റെ( 43) വീടിനു സമീപവും പൊലീസ് പരിശോധന. ഇവരുടെ സമീപവാസി മുൻപ് താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് പ്രത്യേക റഡാർ സംവിധാനം ഉപയോഗിച്ചു പരിശോധിച്ചത്. എന്നാൽ തെളിവുകളൊന്നും ലഭിച്ചില്ല.2020 ഒക്ടോബർ 19ന് തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്.
ബന്ധുക്കൾക്കു നേരെ വധശ്രമം; 17ാം വയസ്സിലും സെബാസ്റ്റ്യന് ‘ക്രിമിനൽ മൈൻഡ്’
ചേർത്തല∙ മൂന്നു സ്ത്രീകളുടെ തിരോധാനക്കേസിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ 17–ാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യൻ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തിയത്.
ഭക്ഷണം കഴിച്ച മൂന്നു പേർ അവശനിലയിൽ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയൽവാസിയായ ടി.ആർ.ഹരിദാസ് പറഞ്ഞു.
അന്നു ഇതു സംബന്ധിച്ചു പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. എന്നാൽ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പത്താം ക്ലാസ് വരെ പഠിച്ച സെബാസ്റ്റ്യൻ അതിനു ശേഷം സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്തു.
പിന്നീട് ടാക്സി ഡ്രൈവറായി. അതിനു ശേഷമാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായത്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ, വാരനാട് സ്വദേശി ഐഷ എന്നിവരെ പരിചയപ്പെടുത്തുന്നത്. 50–ാം വയസ്സിലായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ ശേഷം ഏറ്റുമാനൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. ഇടയ്ക്കു മാത്രം പള്ളിപ്പുറത്തെ വീട്ടിലെത്തും.
ബിന്ദു പത്മനാഭന്റെ സ്വത്തെല്ലാം സെബാസ്റ്റ്യനിലേക്ക്
ആലപ്പുഴ∙ വൻ ഭൂസ്വത്തുക്കളുടെ ഉടമയായിരുന്ന ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മ നിവാസിൽ ബിന്ദുപത്മനാഭന്റെ പേരിൽ ഇപ്പോൾ ഒരു തുണ്ട് ഭൂമി പോലുമില്ല.
ആലപ്പുഴയിലെ സ്ഥലങ്ങളെല്ലാം താൻ വിറ്റതു റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുതൽമുടക്കാനാണെന്നു ബിന്ദു ബന്ധുക്കളോടു പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. സെബാസ്റ്റ്യനായിരുന്നു അക്കാലത്തെല്ലാം ഇവരുടെ വിശ്വസ്ത മിത്രവും സഹായിയും.
കടക്കരപ്പള്ളിയിലും അമ്പലപ്പുഴയിലുമൊക്കെ ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റാണ് ഇവർ എറണാകുളം പാടിവട്ടത്തു 10 സെന്റ് സ്ഥലം വാങ്ങിയത്.
വ്യാജ മുക്ത്യാറിലൂടെ ആ സ്ഥലം പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യൻ സ്വന്തമാക്കുകയും ചെയ്തു. ബിന്ദുവിനു പിന്നീടെന്തു സംഭവിച്ചു എന്ന അന്വേഷണം ഇപ്പോഴും തുടരുന്നു.
വ്യാജ മുക്ത്യാറിലൂടെയായതിനാൽ ഈ ഇടപാടു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രവീൺ കൊടുത്ത കേസിൽ തീരുമാനമായിട്ടില്ല. ബിന്ദുവിന്റെ പിതാവ് പരേതനായ പത്മനാഭപിള്ള എക്സൈസ് ഇൻസ്പെക്ടറായാണു വിരമിച്ചത്. കിസ്ത് കുടിശികയാക്കിയ ആളിന്റെ സ്ഥലം എക്സൈസ് വകുപ്പിൽനിന്നു ലേലത്തിനു പിടിച്ച് ആ ഒരേക്കറിലാണ് ഇദ്ദേഹം വീടുവച്ചത്.
അതു മക്കളായ ബിന്ദുവിന്റെയും പ്രവീണിന്റെയും പേരിലാക്കി വിൽപത്രം തയാറാക്കിയിരുന്നെന്നാണു വിവരം.
വ്യാജവിൽപത്രമുണ്ടാക്കി ബിന്ദു അതു സ്വന്തം പേരിലാക്കിയെന്നും പ്രവീൺ തന്നെ ശല്യപ്പെടുത്തരുതെന്നു കോടതിയിൽനിന്ന് ഉത്തരവു നേടിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.കടക്കരപ്പള്ളിയിൽ തന്നെ മറ്റൊരിടത്തു 90 സെന്റ് സ്ഥലം ബിന്ദുവിന്റെ പേരിലുണ്ടായിരുന്നു. ഇതു ബിന്ദുവിന്റെ പേരിൽ പ്രവീൺ വാങ്ങിയതായിരുന്നു.
അമ്പലപ്പുഴയിൽ തന്റെ പേരിലുള്ള 15 സെന്റ് സ്ഥലം പള്ളിപ്പുറം സ്വദേശിക്കു വിൽക്കാൻ ബിന്ദു കരാറാക്കിയെങ്കിലും കാലാവധിക്കു മുൻപു കൈമാറ്റം ചെയ്തില്ല.
വിഷയം കോടതിയിൽ എത്തിയെങ്കിലും ബിന്ദു ഹാജരായില്ല. തുടർന്ന് ഈ സ്ഥലത്തിന്റെ അവകാശം പള്ളിപ്പുറം സ്വദേശിക്കു നൽകി കോടതി വിധിച്ചു. വ്യാജ മുക്ത്യാർ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
വിചാരണ തുടങ്ങാനുള്ള നടപടിയായെന്നു പൊലീസ് പറഞ്ഞു. ബിന്ദുവായി ആൾമാറാട്ടം നടത്തി സബ് റജിസ്ട്രാർ ഓഫിസിൽ ഒരു സ്ത്രീയെ സെബാസ്റ്റ്യൻ കൊണ്ടുവന്നിരുന്നു.
ഇവർ രണ്ടുപേരും ഉൾപ്പെടെ ഈ കേസിൽ 13 പ്രതികളുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]