
വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കിയത് അഭിപ്രായ ഭിന്നത നിലനിർത്തിക്കൊണ്ടു തന്നെ: മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെന്നും അതു നിലനിർത്തിക്കൊണ്ടു തന്നെയാണു പദ്ധതി പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികാഘോഷ ഭാഗമായി ‘എന്റെ കേരളം’ ജില്ലാതല സമ്മേളനവും പൗരപ്രമുഖരുമായുള്ള സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാർ തയാറാക്കിയ കരാറിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതു റദ്ദാക്കിയാൽ നിയമപ്രശ്നമുണ്ടാകും. എൽഡിഎഫ് ഉന്നയിച്ച ആശങ്കകൾ ശരിയായിരുന്നു. എന്നിട്ടും പദ്ധതി നടപ്പാക്കാൻ തന്നെ ഇടതുസർക്കാർ തീരുമാനിച്ചു. നാടിന്റെ വികസനം തടയുന്ന നിലപാട് ആരും സ്വീകരിക്കരുത്.
നിർഭാഗ്യവശാൽ, 2016ൽ അവസാനിച്ച യുഡിഎഫ് സർക്കാരിന് അതിനു കഴിഞ്ഞില്ലെന്നു പിണറായി ആരോപിച്ചു. ദേശീയപാത വികസനത്തിന് 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാനം ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. ഒപ്പമുള്ള ചിലർ എതിർത്തപ്പോൾ യുഡിഎഫ് സർക്കാർ അതു നടപ്പാക്കിയില്ല. ഗെയ്ൽ പദ്ധതിയിലും ഇത് ആവർത്തിച്ചു. ആ പദ്ധതിയും ഇടതു സർക്കാർ നടപ്പിലാക്കി.
നിപ്പ, ഓഖി, മഹാപ്രളയം, കോവിഡ് തുടങ്ങി ഒട്ടേറെ പ്രതിസന്ധികളിലൂടെയാണു സംസ്ഥാനം കടന്നുപോയത്. ആ ഘട്ടങ്ങളിലൊന്നും കേന്ദ്രം സഹായിച്ചില്ല. പ്രതിപക്ഷം അവർക്കൊപ്പമാണു നിന്നത്. തനതു വരുമാന വർധനയിലൂടെ എല്ലാ പ്രശ്നങ്ങളും അതിജീവിച്ച കേരളത്തെ ലോകം ഇന്ന് അദ്ഭുതത്തോടെ നോക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്നും നവകേരള നിർമിതിയിലേക്ക് ഇനിയും മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.