ആലപ്പുഴ∙ ജില്ലയിൽ റോഡപകടങ്ങളിൽ കുറവ്. 2024, 2025 വർഷങ്ങളിൽ അപകടങ്ങൾ കുറയുന്ന പ്രവണതയാണു 2019 മുതലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് കാരണം ലോക്ഡൗണിലായിരുന്ന 2020ലാണു കുറവ് അപകടങ്ങളും മരണവുമുണ്ടായത്.
അതുകഴിഞ്ഞാൽ കുറവ് അപകടമരണമുണ്ടായത് 2025ലാണ്. ഏഴു വർഷങ്ങൾക്കിടെ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 2251 ജീവനുകളാണ്. അതായത് ഓരോ മാസവും ശരാശരി 27 ജീവനുകൾ.
2019 മുതലുള്ള വർഷങ്ങളിലാണു ജില്ലയിലെ റോഡുകളിൽ ഇത്രയും ജീവൻ പൊലിഞ്ഞത്. ഇക്കാലയളവിൽ റോഡ് അപകടങ്ങളെത്തുടർന്ന് 24,806 കേസുകളാണു പൊലീസ് റജിസ്റ്റർ ചെയ്തത്.
ഈ അപകടങ്ങളിൽ 28,344 പേർക്കു പരുക്കേറ്റു.
മുൻപു ദേശീയപാതയിലാണു കൂടുതൽ അപകടങ്ങൾ ഉണ്ടായത് എങ്കിൽ 2021നു ശേഷം ഗ്രാമീണപാതകളിലാണു കൂടുതൽ അപകടമരണങ്ങൾ. മുൻപും ഗ്രാമീണ പാതകളിൽ അപകടങ്ങളുടെ എണ്ണം കൂടുതലായിരുന്നെങ്കിലും ചെറുപാതകളിൽ വാഹനങ്ങളുടെ വേഗം കുറവാകുമെന്നതിനാൽ അപകടത്തിൽ മരിക്കുന്നതും പരുക്കേൽക്കുന്നതും കുറവായിരുന്നു.
ദേശീയ, സംസ്ഥാനപാതകളിലെ അപകടങ്ങളിൽ കൂടുതലും മുൻപിലെ വാഹനത്തെ അശ്രദ്ധമായി മറികടക്കുന്നതു കാരണമാകുന്നുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വേണ്ടത്ര മുന്നറിയിപ്പു ബോർഡുകളും രാത്രിയിൽ വെളിച്ചവുമില്ലാതെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതും അപകടങ്ങൾക്കു കാരണമായി.
ദീർഘദൂര യാത്രയിൽ റോഡിനെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തവർ അമിതവേഗമെടുക്കുന്നതും ഡ്രൈവർ ഉറങ്ങിപ്പോകുന്നതും കാരണവും അപകടങ്ങളുണ്ടായി. റോഡിന്റെ സ്ഥിതി കണക്കിലെടുത്തു സ്വയം വേഗ നിയന്ത്രണം ഏർപ്പെടുത്തുകയും ശ്രദ്ധയോടെ വാഹനം ഓടിക്കുകയും ചെയ്താൽ അപകടങ്ങൾ കുറയ്ക്കാമെന്നു പൊലീസ് പറയുന്നു.
ട്രാഫിക് നിയമലംഘനം പിഴത്തുക ലളിതമായി തീർപ്പാക്കാം
ആലപ്പുഴ ∙ ട്രാഫിക് നിയമലംഘനത്തിന്റെ പിഴത്തുക ഇടനിലക്കാരില്ലാതെ അടച്ചു തീർപ്പാക്കാൻ സംവിധാനമായി.
പിഴയടയ്ക്കാൻ വൈകിയതിനാൽ കോടതിയിലേക്കു പോയ കേസുകളിൽ echallan.parivahan.gov.in എന്ന വെബ്സൈറ്റിലൂടെ പിഴ ഓൺലൈനായി അടയ്ക്കാം. കോടതിയിലേക്കു പോയ പെറ്റികൾ അടയ്ക്കാൻ കഴിയാതെ വന്നാൽ ഇതേ വെബ്സൈറ്റിലെ GRIEVANCE എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ചലാൻ നമ്പറും മൊബൈൽ നമ്പറും കൊടുത്തു ജനറേറ്റ് ചെയ്യുന്ന ഒടിപി കൊടുത്ത ശേഷം പരാതി എന്താണെന്നും ചേർത്തു റജിസ്റ്റർ ചെയ്യാം. ഈ പരാതി അതതു ട്രാഫിക് നോഡൽ ഓഫിസിൽനിന്നു വൈകാതെ പരിഹരിച്ച്, റജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിൽ മറുപടി ലഭിക്കും.തുടർന്ന് വെബ്സൈറ്റിലൂടെ ലളിതമായി പിഴ അടയ്ക്കാം.
സ്വകാര്യ സൈറ്റുകളുടെയും മറ്റ് ഇടനിലക്കാരുടെയും ചൂഷണം ഇതിലൂടെ ഒഴിവാക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

