എടത്വ ∙ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി ആക്കുന്നതിനും, പിആർഎസ് വായ്പ ഒഴിവാക്കി സംഭരണ സമയത്തു തന്നെ നെല്ലു വില നൽകുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനം കർഷകരെ ആശയക്കുഴപ്പത്തിൽ ആക്കുന്നതായി കർഷകർ പറയുന്നു. പിആർഎസ് വായ്പ അവസാനിപ്പിച്ച് നേരിട്ടു നൽകും എന്നു പറയുന്നുണ്ടെങ്കിലും കർഷകരുടെ അക്കൗണ്ടിലൂടെ മാത്രമേ പണം നൽകാൻ കഴിയൂ.
അതു കേരള ബാങ്കു വഴി ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതും കർഷകരെ ബുദ്ധിമുട്ടിലാക്കും. ഇപ്പോൾ കനറാ ബാങ്കു വഴിയും എസ്ബിഐ വഴിയുമാണ് വില നൽകുന്നത്.
ഇനിയും ബാങ്ക് മാറണമെങ്കിൽ വീണ്ടും കേരള ബാങ്കിൽ അക്കൗണ്ട് എടുക്കേണ്ടി വരും.
നെല്ലു സംഭരിക്കാൻ ചുമതലപ്പെടുത്തുന്ന മില്ലുകൾ സമരരംഗത്ത് വരികയും നെല്ലു സംഭരണം പാളുകയും ചെയ്യുമ്പോഴാണ് സർക്കാർ നെല്ല് സംഭരണം സഹകരണ മേഖല വഴി ആക്കുമെന്നു പറയുന്നത്. പല പ്രാവശ്യം ഇത്തരത്തിൽ സംഭരണം സഹകരണ സംഘങ്ങളെ ഏൽപിച്ചിരുന്നു.
എന്നാൽ അതു പരാജയപ്പെടുകയായിരുന്നു. 20 വർഷം മുൻപ് ഇത്തരത്തിൽ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുകയും ചെയ്തിരുന്നു എന്നാൽ സംഭരിച്ചു വയ്ക്കാൻ ഗോഡൗണുകൾ ഇല്ലാതെ വരികയും, സ്വകാര്യ കെട്ടിടങ്ങളിൽ നെല്ല് സംഭരിച്ച് വയ്ക്കുകയും ചെയ്തിരുന്നു. അന്നു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
ജില്ലയിൽ നെല്ല് സംഭരിച്ചു വയ്ക്കാൻ ഗോഡൗണുകൾ ഉള്ള സഹകരണ സംഘങ്ങൾ ഇപ്പോഴും അപൂർവം മാത്രമാണ്. അതേസമയം, സംഭരണം സപ്ലൈകോ വഴിയാണെന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇത് എങ്ങനെയാകും എന്നതും ആശയക്കുഴപ്പം വർധിക്കുന്നു.
ജില്ലയിൽ മാത്രം 35000 ഹെക്ടറിലധികം കൊയ്ത്ത് നടക്കും. കഴിഞ്ഞ സീസണിൽ 54 മില്ലുകൾ രംഗത്തുണ്ടായിട്ടും സംഭരണത്തിൽ പാളിച്ചകൾ ഉണ്ടായി.
ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പും, വളരെ കുറച്ചു രണ്ടാം കൃഷി ഉണ്ടായിരുന്നതും കാരണം രണ്ടാം കൃഷിയുടെ നെല്ലു സംഭരണം പരുക്കില്ലാതെ രക്ഷപ്പെട്ടു.
എന്നാൽ പുഞ്ചക്കൃഷിക്ക് സ്ഥിതി അതല്ല എന്നാണ് കർഷകർ പറയുന്നത്. നെല്ലു സംഭരണത്തിനു സഹകരണ മാതൃക നടപ്പാക്കാൻ ചീഫ് സെക്രട്ടറിയടക്കം ബന്ധപ്പെട്ട
വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയെന്നും, ഇനി പ്രാദേശിക തലത്തിൽ സഹകരണ സംഘങ്ങളുടെയും, പാടശേഖര സമിതികളുടെയും, കർഷകരുടെയും, ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘങ്ങൾ രൂപീകരിക്കും. അവരുടെ ഉടമസ്ഥതയിലുള്ള മില്ലുകൾ, അല്ലെങ്കിൽ വാടകയ്ക്കെടുക്കുന്ന മില്ലുകൾ, അതുമല്ലെങ്കിൽ സ്വകാര്യ മില്ലുകൾ വഴിയോ ആകാം സംഭരണം എന്നാണ് പറയുന്നത്.
കൊയ്ത്തിനു ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ ഇതെല്ലാം എങ്ങനെ സാധ്യമാകുമെന്നാണു കർഷകർ ചോദിക്കുന്നത്. ഇതിനെതിരെ പല സംഘടനകളും രംഗത്തു വന്നു കഴിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

