എടത്വ ∙ എടത്വ വലിയ പാലത്തിൽ അപകടക്കെണിയായി കിടന്നിരുന്ന കേബിളുകളും പൈപ്പുകളും നീക്കം ചെയ്തു. 50 വർഷം മുൻപ് അന്നത്തെ തിരക്കിനനുസരിച്ചു നിർമിച്ച പാലത്തിലൂടെ രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നു പോകാനേ കഴിയൂ.
സ്ഥിതി ഇതായിരിക്കെ പാലത്തിന്റെ കൈവരിയോടു ചേർന്നു കേബിളുകൾ കടന്നു പോകുന്നതിനായി ഒട്ടേറെ വലിയ ഇരുമ്പു കുഴലുകൾ സ്ഥാപിച്ചിരുന്നു. അതിൽ പലതും റോഡിലേക്ക് നീങ്ങി കിടക്കുന്ന വിധത്തിലായി.
ഇതോടെ അപകടവും പതിവായി.
കുഴലുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മനോരമ വാർത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് മുൻ അംഗം പി.സി. ജോസഫ് ബിഎസ്എൻഎൽ അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഇതേ തുടർന്നാണ് റോഡിലേക്കു നീങ്ങി കിടന്നിരുന്ന കേബിളുകളും കുഴലും നീക്കം ചെയ്യാൻ ആരംഭിച്ചത്. ഈ കുഴൽ കിടന്നിരുന്നതുമൂലം ഇരുചക്ര വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ഇരുമ്പു കുഴലിൽ തട്ടി തെന്നി വാഹനത്തിന്റെ അടിയിലേക്കു പോയ സംഭവവും ഉണ്ടായിരുന്നു.
നായ്ക്കൾ കൂട്ടത്തോടെ പൈപ്പിനു മുകളിൽ കിടക്കാൻ സ്ഥലം പിടിക്കുന്നതും പതിവായിരുന്നു.
ഇതും യാത്രക്കാർക്കു ഭീഷണി സൃഷ്ടിച്ചിരുന്നു. പാലത്തിന്റെ തെക്കേ കരയിലും, വടക്കേ കരയിലും ആയി എടത്വ സെന്റ് അലോഷ്യസ് കോളജും അനേകം സ്കൂളുകളും, ധനകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
രാവിലെയും വൈകിട്ടും നൂറുകണക്കിനു കുട്ടികളടക്കം യാത്രക്കാരാണ് നടന്നു പോകുന്നത്. പൈപ്പ് കിടക്കുന്നതിനാൽ പാലത്തിലേക്ക് ഇറങ്ങി വേണമായിരുന്നു യാത്ര ചെയ്യാൻ.
പൈപ്പ് മാറ്റിയെങ്കിലും പാലത്തിന്റെ വീതി കുറവ് വാഹന യാത്രയെ ബാധിക്കുന്നുണ്ട്.
എടത്വ പള്ളി പെരുന്നാൾ കാലത്താണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇതു കണക്കിലെടുത്തു പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാലം നിർമിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അടക്കം ജനപ്രതിനിധികൾ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടന്നിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാലം നിർമിച്ചില്ല. നടപ്പാലം കൂടി നിർമിച്ചാൽ ഒരു പരിധിവരെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയുമെന്നാണ് ജനങ്ങൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

