ഹരിപ്പാട്∙ മദപ്പാടിൽ പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്നു നിരീക്ഷണത്തിലുള്ള ആനയുടെ അടിയിലൂടെ പാപ്പാന്റെ സഹായി തന്റെ കുഞ്ഞിനെകൈമാറുന്നതിനിടെ കുട്ടി താഴെ വീണു. ആനയുടെ മുന്നിലേക്കാണു വീണതെങ്കിലും അത് അനങ്ങാതിരുന്നതിനാൽ അപകടം ഒഴിവായി.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദൻ എന്ന കൊമ്പനാനയുടെ മുന്നിലേക്കു കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കൊട്ടിയം സ്വദേശി അഭിലാഷിന്റെ കയ്യിൽ നിന്ന് 6 മാസം പ്രായമുള്ള കുഞ്ഞ് വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പ്രചരിച്ചതിനെ തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയിൽ നിന്നു നീക്കി.
പൊലീസ് കേസെടുത്തു. മദപ്പാടിൽ അഴിക്കുന്നതിനിടെ പാപ്പാനെ കുത്തിക്കൊല്ലുകയും രണ്ടാം പാപ്പാനെ കുത്തി ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തതിനെത്തുടർന്ന് ഈ ആന നിരീക്ഷണത്തിലായിരുന്നു.
രാവിലെ ക്ഷേത്രത്തിൽ കുഞ്ഞിന് ചോറൂണ് നടത്തിയ ശേഷമാണ് അമ്മയും ബന്ധുക്കളും ചേർന്ന് ആനത്തറിയിലെത്തിയത്. രണ്ടാം പാപ്പാൻ ജിതിൻ രാജും ഇയാളുടെ സഹായിയായി ജോലി ചെയ്യുകയായിരുന്ന അഭിലാഷും ചേർന്നു കുഞ്ഞിനെ ആനയുടെ അടിയിലൂടെയും തുമ്പിക്കൈയുടെ അടിയിലൂടെയും ഓരോ തവണ കടത്തിക്കൊണ്ടു പോയി.
ആനക്കൊമ്പിൽ കുഞ്ഞിനെ ഇരുത്താനോ മറ്റോ അഭിലാഷ് വീണ്ടും ശ്രമിച്ചപ്പോഴാണു കുട്ടി താഴെ വീണത്. ആന കാൽ ഒന്നനക്കിയിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു.
പേടി മാറ്റാൻ വേണ്ടിയെന്ന വിശ്വാസത്തിലാണത്രേ കുഞ്ഞിനെ ആനയ്ക്കടിയിലൂടെ കടത്തുന്നത്.അഭിലാഷിനെ ജോലിയിൽ നിന്നു നീക്കിയ ഹരിപ്പാട് ദേവസ്വം ബോർഡ് ജിതിൻ രാജിനു നോട്ടിസും നൽകി. ഇയാൾ പരിശീലനം കഴിഞ്ഞ് ഏതാനും മാസം മുൻപാണു നിയമിതനായത്.
ആഴ്ചകൾക്കകം ആന വീണ്ടും മദപ്പാടിലാകുമെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 31ന് ആണ് ഒന്നാം പാപ്പാനെ സ്കന്ദൻ കൊലപ്പെടുത്തിയത്. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു കൊണ്ടു പോകുന്നതിനിടെ ഇടഞ്ഞ് രണ്ടാം പാപ്പാനെ കുത്തി പരുക്കേൽപിച്ചു.
തുടർന്ന് സമീപ ക്ഷേത്രങ്ങളിലെ പാപ്പാന്മാരുടെ സംഘവും എലിഫന്റ് സ്ക്വാഡും ചേർന്ന് ഏറെ പണിപ്പെട്ട് തളച്ച് ആനത്തറിയിലേക്ക് മാറ്റുന്നതിനിടെ ആനപ്പുറത്ത് ഇരുന്ന ഒന്നാം പാപ്പാനെ സ്കന്ദൻ കുലുക്കി താഴെയിട്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു ഡപ്യൂട്ടി കമ്മിഷണർ ഓഫിസിനു സമീപം കഴിഞ്ഞ നാലു മാസമായി ആനയെ തളച്ചിരിക്കുകയാണ്. പുറമേ ശാന്തനായി കാണപ്പെടുന്നുണ്ടെങ്കിലും എഴുന്നള്ളത്തിനു കൊണ്ടുപോകുന്നതിനുള്ള അനുവാദം ലഭിച്ചിട്ടില്ല.
വനംവകുപ്പും തിരുവിതാംകൂർ ദേവസ്വം വെറ്ററിനറി ഓഫിസറും ആനയെ അഴിക്കുന്നതിനുള്ള അനുവാദം നൽകിയിട്ടില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും പാപ്പാൻമാർ കുഞ്ഞിനെ ആനയ്ക്കടിയിലൂടെയും തുമ്പിക്കൈയ്ക്ക് അടിയിലൂടെയും കടത്തിയതാണു ഞെട്ടലുണ്ടാക്കുന്നത്.
ആനയ്ക്കടിയിലൂടെ കുഞ്ഞിനെ കൊണ്ടുപോകുന്നതു കണ്ടുനിന്നവരെല്ലാം വിലക്കിയിരുന്നതായും പറയുന്നു.ഏതാനും മാസം മുൻപാണ് ജിതിൻ രാജ് ആനയുടെ രണ്ടാം പാപ്പാനായി എത്തിയത്.
അപ്പോൾ ഒന്നാം പാപ്പാൻ അവധിയെടുത്തു പോയി. തുടർന്ന് അഭിലാഷിനെ സഹായിയായി നിർത്തി ഇരുവരും ചേർന്നാണു സ്കന്ദനെ പരിപാലിച്ചിരുന്നത്. കഴിഞ്ഞ തവണ മദപ്പാടിലായിരുന്ന ആനയെ അഴിച്ചപ്പോൾ മുൻകരുതൽ എടുക്കാതിരുന്നതാണ് അനർഥം വരുത്തിവച്ചതെന്ന ആക്ഷേപമുണ്ടായിരുന്നു.ജിതിൻരാജ് എത്തിയപ്പോൾ തന്നെ ഒന്നാം പാപ്പാൻ അവധിയിൽ പ്രവേശിച്ചതിനാൽ ഇയാൾക്ക് ആനയെ ചട്ടം പഠിപ്പിക്കുന്നതിനു സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
ആന വീണ്ടും മദപ്പാടിലാകുന്നതിനു മുൻപേ നല്ല പരിചയമുള്ള ഒന്നാം പാപ്പാനെ നിയമിക്കണമെന്നും ആനയുടെ സമീപത്തേക്ക് പുറത്തു നിന്നുള്ളവർ എത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

