ചെങ്ങന്നൂർ ∙ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ നടപ്പാക്കിയ പരിഷ്കാരം യാത്രക്കാർക്കു തലവേദനയാകുന്നു. തിരക്ക് കുറയുന്നില്ലെന്നു മാത്രമല്ല ആശയക്കുഴപ്പവും ഒഴിയുന്നില്ല.
വേണ്ടത്ര ആലോചനയില്ലാതെയാണ് പരിഷ്കാരം നടപ്പാക്കിയതെന്നാണ് ആക്ഷേപം. വെള്ളാവൂർ ഭാഗത്തു നിന്നു ബഥേൽ ജംക്ഷനിലേക്ക് എത്തുന്ന വാഹനങ്ങൾ വലതു വശത്തേക്ക് ബഥേൽ–ത്രിവേണി റോഡിലേക്കോ തിട്ടമേൽ റോഡിലേക്കോ തിരിയാൻ പാടില്ലെന്നാണ് വ്യവസ്ഥയെന്നു ഡ്യൂട്ടിയിലുള്ള ഹോംഗാർഡുകളും പൊലീസുകാരും പറയുന്നു.
ഇതുപ്രകാരം വാഹനങ്ങൾ തടഞ്ഞ് നേരെ വിടുന്നുണ്ട്. നന്ദാവനം ജംക്ഷനിലെത്തി യുടേൺ എടുത്ത് ബഥേൽ, തിട്ടമേൽ റോഡിലേക്കു പോകണമെന്നും ഇവർ നിർദ്ദേശിക്കും.
എന്നാൽ വലതുവശത്തേക്കു തിരിയാൻ പാടില്ലെന്നു സൂചിപ്പിക്കുന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇതു കൊണ്ടുതന്നെ സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ തർക്കിക്കാറുമുണ്ട്.
അതേസമയം ഇഷ്ടക്കാരെ ഇതുവഴി കടത്തിവിടുന്നതും കാണാം.
തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കല്ലിശേരി ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് നിർദ്ദിഷ്ട ബൈപാസ് വഴി സെഞ്ചുറി ജംക്ഷനിലെത്തി എംസി റോഡിൽ പ്രവേശിക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ.
ഇതു വിവാദമായതോടെ ദീർഘദൂര യാത്രക്കാരുടെ വാഹനങ്ങൾക്കു മാത്രമാണ് വ്യവസ്ഥ ബാധകമാകുന്നതെന്നും നാട്ടുകാർക്ക് നേരെ എംസി റോഡ് വഴി തന്നെ പോകാമെന്നുമായി. ദീർഘദൂര, ഹ്രസ്വദൂര യാത്രക്കാരെ ഡ്യൂട്ടിയിലുള്ള പൊലീസുകാർ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യം ബാക്കിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

