
ആലപ്പുഴ∙ ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) സാമ്പത്തിക ഇടപാടുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. രണ്ടു വർഷത്തിനിടെ ജില്ലയുടെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യൻ പിൻവലിച്ചിരുന്നു.
ഈ പണത്തിന്റെ ഉറവിടം, പിൻവലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യൻ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരെ വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യൻ പരിചയപ്പെട്ടത്.
ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്ത്യാർ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യൻ വിൽപന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്.
ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
ഏറ്റവും ഒടുവിൽ കാണാതായ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54)യുടെ സ്വർണാഭരണങ്ങൾ സെബാസ്റ്റ്യൻ വിൽപന നടത്തിയെന്നും കണ്ടെത്തി. കാണാതായ സ്ത്രീകളിൽ നിന്ന് ഇയാൾ എത്ര മാത്രം സമ്പാദ്യം കവർന്നിട്ടുണ്ട് എന്തു കണ്ടെത്താനാണു സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്.
തന്റെ കയ്യിൽ 150 പവൻ സ്വർണമുണ്ടെന്നു സെബാസ്റ്റ്യൻ പലരോടും പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. സെബാസ്റ്റ്യൻ സാമ്പത്തിക സഹായം നൽകിയിരുന്ന ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്എൽ പുരം സ്വദേശിയെ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
2024 മേയ് 11നു കണിച്ചുകുളങ്ങരയിൽ യുവ വ്യവസായിയെ കാർ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ദേശീയ പാത നിർമാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത 2 കരാറുകാർ തമ്മിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു അന്നത്തെ ഭീഷണിക്കു കാരണം.
ഇതിൽ ഒരു കരാറുകാരന് സെബാസ്റ്റ്യന്റെ സുഹൃത്തായ എസ്എൽ പുരം സ്വദേശി 45 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്റെ സ്രോതസ്സും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഐഷ തിരോധാനം: കേസ് വീണ്ടും അന്വേഷിക്കും
ആലപ്പുഴ ∙ ചേർത്തല വാരനാട് സ്വദേശിനി ഐഷയുടെ തിരോധാന കേസ് ചേർത്തല പൊലീസ് വീണ്ടും അന്വേഷിക്കും.
ഇതിനായി പൊലീസ് ചേർത്തല കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകി. ജെയ്നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചതോടെയാണ് വീണ്ടും അന്വേഷണം.
12 വർഷങ്ങൾക്ക് കാണാതായ ഐഷ കേസ് പൊലീസ് അന്വേഷിച്ചിരുന്നെങ്കിലും തെളിവുകൾ ലഭിക്കാതെ വന്നതോടെ കേസ് അന്വേഷണം നിർത്തിയിരുന്നു. കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് വീണ്ടും അന്വേഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]