
താൽക്കാലിക ബണ്ട് ഒഴുക്കിനു തടസ്സമായി, വീടുകൾ വെള്ളത്തിലായി; പ്രതിഷേധിച്ച് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ പാലങ്ങളുടെ നിർമാണത്തിനു വേണ്ടി നിർമിച്ച താൽക്കാലിക ബണ്ടുകൾ കാരണം എഎസ് കനാലിൽ ജലനിരപ്പ് ഉയർന്ന് പൂന്തോപ്പ് പുതുവലിൽ വീടുകൾ മുങ്ങി. പത്തിലേറെ വീടുകളിൽ വെള്ളം കയറി. നാട്ടുകാർ പ്രതിഷേധിച്ച് ബണ്ട് പൊളിക്കാൻ എത്തിയപ്പോൾ അധികൃതർ തന്നെ ബണ്ട് തുറന്നുവിട്ടു.ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സ്ത്രീകൾ ഉൾപ്പെടെ പുതുവലിൽ താമസിക്കുന്ന അൻപതോളം പേർ ജാഥയായി ജനകീയ പാലത്തിന്റെ ബണ്ടിൽ എത്തിയത്.
കലവൂർ, ആര്യാട് ഭാഗങ്ങളിൽ നിന്നു വരുന്ന വെള്ളം എഎസ് കനാലിൽ കൂടി ഒഴുകിപ്പോകാൻ ബണ്ടുകൾ തടസ്സമായതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നു നാട്ടുകാർക്കൊപ്പം വന്ന കൗൺസിലർ ബി.മെഹബൂബ് പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയായി വീടുകൾ വെള്ളത്തിലാണ്. ബണ്ട് നീക്കം ചെയ്തു വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെടുത്തണമെന്ന് ആറാട്ടുവഴി പാലത്തിന്റെയും ജനകീയ പാലത്തിന്റെയും നിർമാണച്ചുമതലയുള്ളവരോടു രണ്ടാഴ്ചയായി പറയുന്നതാണെന്നു പുതുവൽ വീട്ടിൽ പി.എ.ജാക്സൺ പറഞ്ഞു. പാലങ്ങളുടെ നിർമാണ ആവശ്യത്തിന് 6 മാസം മുൻപാണ് താൽക്കാലിക ബണ്ട് നിർമിച്ചത്.
2024 മേയ് 20നും ജലനിരപ്പുയർന്നു വീടുകൾ മുങ്ങിയപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു ബണ്ട് പൊളിച്ചിരുന്നു. മഴക്കാലം മാറിയപ്പോൾ വീണ്ടും ബണ്ട് നിർമിച്ച് പാലങ്ങളുടെ നിർമാണം തുടങ്ങി.രണ്ട് പാലങ്ങളുടെയും കോൺക്രീറ്റ് പൂർത്തിയായി. ഇനി അപ്രോച്ച് റോഡുകളുടെ സംരക്ഷണ ഭിത്തിയുടെ പണി മാത്രമേ ബാക്കിയുള്ളൂ. ഇതിന് ബണ്ട് പൊളിച്ചു മാറ്റിയാലും പ്രശ്നമില്ല. അതുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധവുമായി വന്നപ്പോൾ തന്നെ ബണ്ടുകൾ മുറിച്ചുവിടാൻ അധികൃതർ തയാറായത്.