ആലപ്പുഴ ∙ ഓർമയായത് മോഹൻലാൽ എന്ന അതുല്യനടനെ സിനിമയിലേക്ക് ഇന്റർവ്യൂ ചെയ്തു മാർക്കിട്ട കലാകാരൻ.
മലയാള ചലച്ചിത്ര ലോകം ഉദയാ സ്റ്റുഡിയോയിൽ തളിരിട്ടു നിന്ന കാലത്ത് മേക്കപ് മാൻ ആയി വളർന്നയാളാണ് നവോദയ അമാൻ. കലക്ടറേറ്റിനു സമീപം ഫാത്തിമ കോട്ടേജിൽ ക്ഷേമം അന്വേഷിച്ച് വരാറുള്ള ഫാസിൽ, മോഹൻലാൽ, ജിജോ പൊന്നൂസ് അടക്കമുള്ള ചലച്ചിത്ര രംഗത്തെ പ്രശസ്തർക്ക് ഇനി കാണാൻ കഴിയുക വീടിന്റെ വാതിലിൽ രേഖപ്പെടുത്തിയിട്ടുള്ള അമാൻ നവോദയ എന്ന ഫലകം സമ്മാനിക്കുന്ന ഓർമകളാകും.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തിനു പറ്റിയ നടനെ കണ്ടെത്താൻ നവോദയ അപ്പച്ചൻ ഇന്റർവ്യൂ ബോർഡ് നിശ്ചയിച്ചപ്പോൾ അതിൽ അമാനെയും ഉൾപ്പെടുത്തി. ലേഡീസ് കുട
കക്ഷത്തിൽ വച്ച് ഒരു വശത്തേക്ക് തലചരിച്ചു നടന്നു വന്ന മോഹൻലാലിനു മാർക്കിട്ട സിബി മലയിലിനും ഫാസിലും ജിജോ പുന്നൂസിനുമൊപ്പം അമാനുമുണ്ടായിരുന്നു.
ചങ്ങനാശേരിയിൽ വിവാഹത്തിനു ഫോട്ടോയെടുക്കാൻ മറ്റൊരാൾക്കു പകരമായി കുഞ്ചാക്കോയുടെ സഹോദരൻ അപ്പച്ചൻ കൂട്ടിക്കൊണ്ടുപോയത് അമാൻ എന്ന അന്നത്തെ ഇരുപതുകാരന്റെ ജീവിതത്തിൽ വഴിത്തിരിവായി.
എസ്ഡി കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ് നാടക അഭിനയവും പ്രച്ഛന്നവേഷത്തിനു മേക്കപ്പിടലും വിവാഹ ഫോട്ടോ എടുക്കലുമൊക്കെയായി നടക്കുകയായിരുന്നു.
1972 ഓഗസ്റ്റ് 15ന് അമാൻ ഉദയ സ്റ്റുഡിയോയിൽ പ്രവർത്തനം തുടങ്ങി. അമാനെ മേക്കപ്മാൻ വേലപ്പന്റെ അസിസ്റ്റന്റായി കുഞ്ചാക്കോ നിയമിച്ചു.
തിരക്കഥാകൃത്ത് ശാരംഗപാണിയുടെ കൂടെയായിരുന്നു താമസം. ശാരംഗപാണി എഴുതുന്ന തിരക്കഥകൾ പകർത്തിയെഴുതിയതോടെ തിരക്കഥാ രചനയും പഠിച്ചു.
ഉദയായുടെ ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാർച്ച, പൊന്നാപുരം കോട്ട, ദേവി കന്യാകുമാരി, സ്വാമി അയ്യപ്പൻ തുടങ്ങിയ സിനിമകളിൽ അമാൻ പ്രവർത്തിച്ചു.
അപ്പച്ചൻ നവോദയ തുടങ്ങിയപ്പോൾ അമാനെയും കൂട്ടി.
തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, തീക്കടൽ, പടയോട്ടം, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, മൈ ഡിയർ കുട്ടിച്ചാത്തൻ, പൂവേ പൂ ചൂടിവാ, ഒന്നു മുതൽ പൂജ്യംവരെ, ചാണക്യൻ, ബൈബിൾ കഹാനി ടെലിവിഷൻ പരമ്പര, ഛോട്ടാ ചേട്ടൻ, മാജിക് മാജിക് തുടങ്ങിയ നവോദയ സിനിമകളിലും അമാൻ പ്രധാന മേക്കപ്മാൻ ആയിരുന്നു.
സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, സംവിധായകൻ ഫാസിൽ, ജിജോ പൊന്നൂസ്, പട്ടണം റഷീദ്, നിർമാതാക്കളായ കയ്സ്, ബാബു ഷാഹിദ്, ഗായകൻ കെ.എസ്.സുദീപ് കുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. മേക്കപ് ആർട്ടിസ്റ്റ് നവോദയ അമാൻ അന്തരിച്ചു
ആലപ്പുഴ ∙ മലയാള സിനിമയിൽ മൂന്നു ദശാബ്ദത്തിലധികം മേക്കപ് ആർട്ടിസ്റ്റും നടനുമായിരുന്ന ആലപ്പുഴ ഫാത്തിമ കോട്ടജിൽ നവോദയ അമാൻ (82) അന്തരിച്ചു.
ഉദയ സ്റ്റുഡിയോ 1972ൽ ഇറക്കിയ ‘പൊന്നാപുരം കോട്ട’, ‘പോസ്റ്റ്മാനെ കാണാനില്ല’, എന്നീ സിനിമകളിലെ മേക്കപ് ആർട്ടിസ്റ്റ് ആയാണു തുടക്കം. 2003ൽ പുറത്തിറങ്ങിയ ‘മാജിക് മാജിക്’ വരെ നൂറിലേറെ ചിത്രങ്ങളിൽ മേക്കപ് ആർട്ടിസ്റ്റായിരുന്നു.
മൈ ഡിയർ കുട്ടിച്ചാത്തൻ, തച്ചോളി അമ്പു, പൊന്നാപുരം കോട്ട, തീക്കടൽ, മാ നിഷാദ, ചാണക്യൻ, പൂവിനു പുതിയ പൂന്തെന്നൽ, നോക്കെത്താ ദൂരത്തു കണ്ണുംനട്ട്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
കുഞ്ചാക്കോ– ശാരംഗപാണി കൂട്ടുകെട്ടിൽ പിറന്ന ചില സിനിമകളുടെ തിരക്കഥാ രചനയിലും അമാൻ പങ്കാളിയായി. നവോദയ സ്റ്റുഡിയോയുടെ തുടക്കം മുതലുള്ള പല സിനിമകളുടെയും മേക്കപ് ആർട്ടിസ്റ്റ് ആയിരുന്നു.
ചില ചിത്രങ്ങളുടെ കലാസംവിധാനവും നിർവഹിച്ചു. പ്രമേഹത്തെ തുടർന്നു ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: ഹലീമ ബീവി (സാമൂഹികക്ഷേമ വകുപ്പ് റിട്ട.ഉദ്യോഗസ്ഥ).
മക്കൾ: സിറാജ് അമാൻ (സിനിമ ആർട്ട് ഡയറക്ടർ), അജീബ് അമാൻ (ഇലക്ട്രോണിക്സ് ബിസിനിസ്), ഹസീന അമാൻ (നഗരസഭ കൗൺസിലർ, അധ്യാപിക ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്എസ്എസ്). മരുമക്കൾ: ഷെർമിൻ സിറാജ്, സബീന അജീബ് ( ഇരുവരും അധ്യാപികമാർ, ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്എസ്എസ്), അൻവർ ഹുസൈൻ (ലോക്കോ പൈലറ്റ്).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

