കൊടുങ്ങല്ലൂർ ∙ ട്രെയിൻ യാത്രയ്ക്കിടെ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസ് ബോട്ട് കമാൻഡർ തളർന്നു വീണു മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പനി പിടിച്ചിട്ടും ഹരികുമാറിന് അവധി അനുവദിക്കാത്തത് ആയിരുന്നു കുഴഞ്ഞു വീഴാൻ കാരണമെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടിയതോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തീരദേശ പൊലീസ് ഇൻസ്പെക്ടർക്കു ഗുരുതര വീഴ്ച സംഭവിച്ചതായി സൂചന ലഭിച്ചതോടെ ജില്ലാ റൂറൽ പൊലീസ് മേധാവി തീരദേശ പൊലീസ് ഇൻസ്പെക്ടർ സി.രമേഷിൽ നിന്നു വിശദാംശങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ 12 വർഷമായി തീരദേശ പൊലീസ് സ്റ്റേഷൻ പൊലീസ് ബോട്ട് കമാൻഡർ ആയി ജോലി ചെയ്യുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ജി. ഹരികുമാർ (55) ആണ് തിങ്കളാഴ്ച 12.15ന് തുറവൂരിൽ വച്ച് മരിച്ചത്.
പനി ബാധിച്ച് അവശനിലയിലായ ഹരികുമാർ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ നിന്നു ഹരിപ്പാട്ടെ വീട്ടിലേക്ക് പോകവേ ട്രെയിനിൽ തളർന്നു വീഴുകയായിരുന്നു.
റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഎസ്എഫിൽ നിന്നു വിരമിച്ച ഹരികുമാർ കൃത്യമായി ഡ്യൂട്ടിയിൽ ഹാജരാകുന്ന ആളാണ്. പനിയും മറ്റു അനുബന്ധ രോഗങ്ങളും കാരണം കഴിഞ്ഞ നാലു ദിവസം അവധിയിലായിരുന്നു.
ഞായറാഴ്ച രാവിലെ ആണ് ഹരികുമാർ അഴീക്കോട് സ്റ്റേഷനിൽ എത്തിയത്.
ഹരികുമാർ അവശനിലയിലായതിനാൽ ജോലിക്കു ഹാജരാകാൻ കഴിയില്ലെന്നു ഹരികുമാറിന്റെ ഭാര്യ അഴീക്കോട് സ്റ്റേഷനിലെ ബോട്ട് ജീവനക്കാരിൽ ചിലരോട് സൂചിപ്പിച്ചിരുന്നു. ഇൻസ്പെക്ടർ അവധി അനുവദിക്കാഞ്ഞതിനാൽ ഹരികുമാർ ജോലിക്ക് എത്തുകയായിരുന്നു.
ജോലിയിൽ പ്രവേശിച്ചെങ്കിലും അവശനിലയിൽ ആയതിനാൽ ബോട്ടിൽ കയറിയില്ല.
സഹപ്രവർത്തകർ വിശേഷങ്ങൾ തിരക്കിയെങ്കിലും മരുന്നു കഴിച്ചു കിടക്കുകയായിരുന്നു. ഒടുവിൽ ഇൻസ്പെക്ടറെ നേരിൽ വിളിച്ച് അവധി ആവശ്യപ്പെട്ടെങ്കിലും കൊടുങ്ങല്ലൂരിലെ ഡോക്ടറെ കാണിച്ചാൽ മതിയെന്നു പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പിറ്റേന്ന് രാവിലെ ഹരികുമാറിന്റെ സ്ഥിതി മോശമായി.
പനി കൂടിയതോടെ ജോലി മതിയാക്കുകയാണെന്നു പറഞ്ഞു അഴീക്കോട് നിന്നു ഹരികുമാർ മടങ്ങുകയായിരുന്നു. അവധി നൽകുന്നതിലും ഡ്യൂട്ടി അനുവദിക്കുന്നതിലും നീതിപൂർവകമായ നിലപാടല്ല മേലുദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നു തീരദേശ പൊലീസ് സ്റ്റേഷനിൽ വ്യാപക ആക്ഷേപമുണ്ട്.
ഹരികുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭാര്യ കാത്തിരുന്നു; എത്തിയത് വിയോഗ വാർത്ത
ഹരിപ്പാട് ∙ അവധിയെടുത്ത് ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്ന ഭാര്യ അറിയുന്നതു അദ്ദേഹത്തിന്റെ വിയോഗം.കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കമാൻഡറായിരുന്ന പള്ളിപ്പാട് നടുവട്ടം ചെറിയ മഠത്തിൽ പടീറ്റതിൽ ജി.ഹരികുമാർ 2നു പനിയായിട്ടാണു വീട്ടിൽനിന്ന് ഡ്യൂട്ടി ചെയ്യാൻ പോയത്.
പനി കൂടുതലായതിനാൽ അവധിയെടുത്തു വരുമെന്നു 3ന് രാവിലെ ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.
ഇതേത്തുടർന്നു ചെന്നിത്തല പഞ്ചായത്ത് അസി. സെക്രട്ടറി കൂടിയായ ഭാര്യ ഗീതാകുമാരി അവധിയെടുത്തു ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു കാത്തിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ ഹരികുമാറിനു ദേഹാസ്വാസ്ഥ്യം തോന്നിയതിനാൽ തുറവൂർ ഗവ.ആശുപത്രിയിലേക്കു കൊണ്ടുപോയതായി ഗീതാകുമാരിയെ ആരോ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ഗീതാകുമാരി ഉടൻ തുറവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ വിവരങ്ങൾ അറിയാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. പിന്നീട് മരണവിവരമാണ് അറിയുന്നത്.
അവധി തന്നില്ലെങ്കിൽ ജോലി വേണ്ടെന്നുവച്ചു തിരിച്ചുവരുമെന്നു ഹരികുമാർ ഭാര്യയോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അസുഖം കാരണം രണ്ടു ദിവസമായി അവധിയിലായിരുന്ന ഹരികുമാർ ഞായറാഴ്ചയാണു തിരികെപോയി ആരോഗ്യകാരണങ്ങളാൽ അവധി ആവശ്യപ്പെട്ടത്. കിട്ടാതായതോടെ തിങ്കളാഴ്ച രാവിലെ ബാഗും സാധനങ്ങളുമെടുത്തു നാട്ടിലേക്കു മടങ്ങും വഴിയാണു ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചത്.
ബിഎസ്എഫിൽനിന്നു വിരമിച്ച ശേഷം അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ 12 വർഷമായി ബോട്ട് കമാൻഡറായി ജോലി ചെയ്യുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.ബിഎസ്എഫ് ഉദ്യോഗസ്ഥരും, അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ആരോഗ്യ കാരണങ്ങളാൽ അവധി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നത് സംബന്ധിച്ച് പരാതി നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

