ആലപ്പുഴ∙ ‘‘ജീവിതം ഇഴപിടിപ്പിക്കാനായി 12ാം വയസ്സിൽ ചകിരി പിരിച്ചു തുടങ്ങി. ജീവിതം പച്ചപിടിച്ചപ്പോഴേക്കും കയർ മേഖല ഇഴപൊട്ടി വീണു.
എങ്കിലും ഞാൻ ഇനിയും കയർ പിരിക്കും’’– കഞ്ഞിക്കുഴി പഞ്ചായത്ത് 15ാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ 76 വയസ്സുകാരി സരസമ്മ കയർ പിരിക്കുന്ന തിരക്കിനിടെ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രണ്ടു തവണ ക്ഷയരോഗബാധിതയായി, ഒരു തവണ വീണു കാലൊടിഞ്ഞു കിടപ്പിലായി, എങ്കിലും സരസമ്മ സന്തോഷം കണ്ടെത്തുന്നതു കയറിലാണ്. മക്കൾ ജോലിക്കു പോയാൽ പിന്നെ വെയിൽ മൂക്കുന്നതു വരെ വീട്ടുമുറ്റത്തെ മരത്തണലിൽ ചകിരി പിരിക്കും.
തൃക്കുന്നപ്പുഴയിൽ ജനിച്ചു വളർന്ന സരസമ്മ തൃക്കുന്നപ്പുഴ കയറിന്റെ ചേരുവകളുമായാണു തടുക്കു നിർമാണത്തൊഴിലാളിയായിരുന്ന പളനിയെ വിവാഹം ചെയ്തു കഞ്ഞിക്കുഴിയിലെത്തിയത്.
റാഡ് ഉപയോഗിച്ചു പ്രദേശത്ത് ആദ്യം കയർ ഉൽപാദിപ്പിച്ചു തുടങ്ങിയവരിൽ ഒരാൾ സരസമ്മയാണ്. കയറും സരസമ്മയുമായുള്ള ബന്ധം ഇപ്പോൾ 64ാം വർഷത്തിലെത്തി.
ഇതിനിടെ കയർ പിരിക്കലിനിടെ ചെറിയ പരുക്കുകളുമുണ്ടായി.
വർഷങ്ങൾക്കു മുൻപു റാഡിന്റെ മോട്ടർ പ്രവർത്തിപ്പിക്കാൻ വയർ വലിച്ചപ്പോൾ ഇടതു കൈക്കു വൈദ്യുതാഘാതമേറ്റു. ഇതോടെ കൈ മുകളിലേക്ക് ഉയർത്താനാകാതെയായി.
വലതു കയ്യിലെ ഒരു ഞരമ്പിനു തകരാർ വന്നതോടെ ഇരു കയ്യും മുകളിലേക്ക് ഉയർത്താനാകാത്ത സ്ഥിതിയായി. ഏതാനും മാസങ്ങൾക്കു മുൻപു വീണു കാലൊടിഞ്ഞതോടെ രണ്ടു മാസത്തോളം പൂർണവിശ്രമം.
എങ്കിലും ഇപ്പോൾ വീണ്ടും കയർ പിരിക്കലിൽ സജീവമാണ്.
തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന ചകിരി ഉപയോഗിച്ചു ദിവസവും 40–50 പിടി കയറാണു പിരിക്കുന്നത്. 50 പിടി പിരിച്ചാൽ 85 രൂപയാണു സ്വകാര്യ വ്യക്തികൾ കൂലി നൽകുന്നത്.
സഹകരണ സംഘങ്ങൾക്കു നൽകിയാൽ 100 പിടിക്ക് 333 രൂപ ലഭിക്കുമെങ്കിലും പണം കിട്ടാൻ മാസങ്ങൾ കാത്തിരിക്കണമെന്നതിനാൽ സ്വകാര്യ വ്യക്തികൾക്കു തന്നെ നൽകുകയാണ്. ഭർത്താവ് പളനി മരിച്ചിട്ട് 10 വർഷത്തിലേറെയായി.
മകൻ ഗിരീഷിനും കുടുംബത്തിനുമൊപ്പമാണു താമസം. മക്കൾ ചെലവിനു തരുമെങ്കിലും സ്വന്തം ചെലവിനുള്ളതു സ്വയം പണിചെയ്തുണ്ടാക്കണമെന്നു സരസമ്മ പറയുന്നു.
കയർ ദിനം ആഘോഷിക്കാതെ സർക്കാർ
ആലപ്പുഴ∙ കയർ ദിനത്തെ സംസ്ഥാന സർക്കാർ അവഗണിക്കുന്നെന്ന് ആക്ഷേപം.
യുഡിഎഫ് സർക്കാരിന്റെ കാലത്തു കയർ ദിനം സംസ്ഥാനതലത്തിൽ ആഘോഷിക്കുകയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കയർ സംഘങ്ങൾക്കു പുരസ്കാരങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇടതു സർക്കാരുകൾ വന്നതോടെ കയർ ദിനം ആഘോഷിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇത്തവണയും ഔദ്യോഗിക പരിപാടികളില്ലെന്നു കയർത്തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ പറയുന്നു. കയർ ദിനം ആഘോഷിക്കാത്തതു കയർ മേഖലയെ അവഗണിക്കുന്നതിനു തുല്യമാണെന്നും കയർ ദിനം, വഞ്ചനാദിനമായി ആചരിക്കുമെന്നും രാജൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

