മുഹമ്മ ∙ ഉത്രാടനാളിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ റോഡരികിലെ എൽടി ലൈനിലെ വൈദ്യുതത്തൂൺ ഇടിച്ചു തകർത്തതിനാൽ മുഹമ്മയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത് 10 മണിക്കൂർ നീണ്ടുനിന്ന വൈദ്യുതി മുടക്കം.
അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞെങ്കിലും കമ്പി പൊട്ടാതിരുന്നതു മൂലം ഒഴിവായത് വൻദുരന്തം. ഉത്രാട
പാച്ചിലിനിടെ തിരക്കേറിയ റോഡിൽ മണിക്കൂറുകളോളം ഉണ്ടായ ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല.
ആലപ്പുഴ– മധുര റോഡിലെ മുഹമ്മ ജംക്ഷനിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് റോഡിന്റെ പടിഞ്ഞാറെ അരികിലെ വൈദ്യുതത്തൂണിൽ പിക്കപ് വാൻ ഇടിച്ചത്.
ആലപ്പുഴ ഭാഗത്തു നിന്നും വടക്കോട്ട് പോകുകയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പഴക്കം ചെന്ന കോൺക്രീറ്റ് തൂൺ രണ്ടായി ഒടിഞ്ഞു താഴ്ന്നു കിടന്നു.
വിവരമറിഞ്ഞ ഉടൻ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല.
എന്നാൽ നാൽക്കവലയിൽ നാലു ഭാഗത്തേക്കുമുള്ള വൈദ്യുത ലൈനുകൾ താഴ്ന്ന് കിടന്നത് വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിച്ചു. തുടർന്ന് ജംക്ഷന് ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട
നിര രൂപപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ മുഹമ്മ പൊലീസ് ഏറെ പണിപ്പെട്ടാണ് മണിക്കൂറുകൾ നീണ്ട
ഗതാഗത തടസ്സം പരിഹരിച്ചത്.
ഇതിനിടെ കെഎസ്ഇബി മുഹമ്മ ഇലക്ട്രിക്കൽ സെക്ഷൻ സബ് എൻജിനീയർ ഹരിലാലിന്റെ മേൽനോട്ടത്തിൽ 6 അംഗ സംഘം പുതിയ പോസ്റ്റ് സ്ഥാപിക്കലും അനുബന്ധ ജോലികളും ആരംഭിക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജോലികൾ പൂർത്തിയാക്കിയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
പോസ്റ്റ് ഇടിച്ചു തകർത്ത വാഹനത്തിന്റെ ഉടമയിൽ നിന്ന് നഷ്ടപരിഹാരമായി 18000 രൂപ ഈടാക്കുമെന്ന് അസി. എൻജിനീയർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]