
അസ്തമയ സൂര്യൻ കായൽപരപ്പിൽ സിന്ദൂരതിലകം ചാർത്തുന്നു; സഞ്ചാരികളെ കാത്ത് ഉളവയ്പ് വ്യൂ പോയിന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ അസ്തമയ സൂര്യൻ കായൽപരപ്പിൽ സിന്ദൂരതിലകം ചാർത്തി. ഒരുദിവസത്തെ വിശേഷങ്ങൾ പങ്കിട്ട് കൂട്ടിൽ ചേക്കേറുന്ന കിളികളുടെ ശബ്ദം അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കി. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പകൽ മുഴുവൻ വീർപ്പുമുട്ടിയ കുട്ടികൾ മാതാപിതാക്കളുടെ കൂടെ അവധി ആഘോഷിക്കാൻ എത്തിക്കൊണ്ടിരുന്നു. അവരെ വരവേൽക്കാൻ ഇളം തെന്നലുമായി ഉളവയ്പ് കാത്തിരുന്നു.കായലിനരികെ സ്ഥിതി ചെയ്യുന്ന ഉളവയ്പ് വ്യൂ പോയിന്റിന് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കുതിപ്പൊന്നും ഇല്ലെങ്കിലും വേനലിലെ കിതപ്പ് ലഘൂകരിക്കാൻ മികച്ച ഇടമാണ് ഇവിടം. മനസ്സിനു കുളിർമയും ശാന്തതയും നൽകുന്ന മനോഹര ഭൂമി.
കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ മികച്ച ഇടമാണ് ഉളവയ്പ് വ്യൂ പോയിന്റ്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ മത്സ്യക്കൃഷിയും നടത്തുന്നുണ്ട്. വേലിയേറ്റത്തിലും ഇറക്കത്തിലും മത്സ്യക്കൃഷിയിൽ കായലിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്ന ‘പത്താഴം’ കാണാം. പുതുതലമുറ പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിരിക്കുന്ന പത്താഴം ഇവിടെ എത്തിയാൽ നേരിട്ടു കാണാമെന്നു ചുരുക്കം. ‘‘മകനും ഞാനും വീട്ടിലിരുന്നു മടുത്തപ്പോൾ നേരെ ഇങ്ങോട്ടു പോന്നു. ഒന്നു വന്നാൽ വീണ്ടും വരാൻ തോന്നും ’’ കാരാളപതി സ്വദേശിയായ രശ്മിയും മകൻ അഭിജിത്തും പറഞ്ഞു.വാരിക്കുഴിയിലെ കൊലപാതകം, മൈ ബോസ് തുടങ്ങിയ സിനിമകളിലെ ചില രംഗങ്ങൾ ചിത്രീകരിച്ച ഇവിടം ഫോട്ടോഷൂട്ട് നടത്താനും മികച്ച സ്ഥലമാണ്.
ശ്രദ്ധിക്കാൻ
കായലും കരയും തമ്മിൽ വേർപെടുത്തി സുരക്ഷാവേലികൾ ഇല്ലാത്തതിനാൽ കുട്ടികളുമായി വരുന്നവർ ശ്രദ്ധിക്കുക.
സൗകര്യങ്ങൾ പരിമിതം
സന്ദർശന സമയം രാവിലെ 6 മുതൽ വൈകിട്ട് 7 വരെ.പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു.
റൂട്ട്
ആലപ്പുഴ–തുറവൂർ–തൈക്കാട്ടുശേരി ജംക്ഷൻ–പള്ളിവേലി–ഉളവയ്പ് വ്യു പോയിന്റ്