ആലപ്പുഴ∙ ഇറിഡിയം ലോഹക്കച്ചവടത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ മുഖ്യ ഇടനിലക്കാരനും ഭാര്യയും മകളും അറസ്റ്റിൽ. വൻലാഭം വാഗ്ദാനം ചെയ്ത് 2.66 കോടി രൂപ തട്ടിയെടുത്തെന്ന ഇടുക്കി ബൈസൺവാലി സ്വദേശിയുടെ പരാതിയിലാണു വീയപുരം വെള്ളംകുളങ്ങര സജി ഔസേഫ്, ഭാര്യ ഷൈനി സജി, മകൾ റിയ അന്ന സജി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികൾക്ക് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് ചെറിയാനു മുന്നിൽ ഹാജരായ പ്രതികളുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.2002 മുതൽ 2022 വരെയുള്ള കാലയളവിൽ പല തവണയായി 2.66 കോടി രൂപ സജി ഔസേഫും സംഘവും തട്ടിയെടുത്തെന്ന ഇടുക്കി സ്വദേശിയുടെ പരാതിയിൽ വീയപുരം പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്.
സാമ്പത്തികത്തട്ടിപ്പിന്റെ വ്യാപ്തിയും പ്രതിക്കെതിരെ സമാനമായ കൂടുതൽ പരാതികൾ ഉള്ളതും പരിഗണിച്ചു കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി. രുതലമൂരി കച്ചവടത്തിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്തു 2002ലാണു സജി ഔസേഫ് ആദ്യമായി തന്നെ സമീപിച്ചതെന്ന് ഇടുക്കി സ്വദേശിയുടെ പരാതിയിലുണ്ട്.
അന്ന് 4.55 ലക്ഷം രൂപ നൽകി പിന്നീട് ഇറിഡിയം കച്ചവടത്തിൽ നിക്ഷേപിക്കാനെന്ന പേരിൽ പേരിൽ 2022 വരെ പല തവണയായി പണം വാങ്ങി. എന്നാൽ മുടക്കിയ പണമോ ലാഭമോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.
പ്രതിക്കെതിരെ കൂടുതൽ പരാതികൾ
ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ 196 പേരിൽ നിന്നായി ഇറിഡിയം കച്ചവടത്തിനെന്ന പേരിൽ കോടികൾ തട്ടിയെടുത്തെന്നും സജി ഔസേഫിനെതിരെ പരാതിയുണ്ട്.
ഇറിഡിയം വിൽപന നടത്തിയതിന്റെ പ്രതിഫലമായി സജിയുടെ ബാങ്ക് അക്കൗണ്ടിൽ 12400 കോടി രൂപയും തമിഴ്നാട് സ്വദേശിയായ രാജമാണിക്യത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 96000 കോടി രൂപയും എത്തിയിട്ടുണ്ടെന്നും ഇതു പിൻവലിക്കണമെങ്കിൽ കോടികൾ നികുതി അടയ്ക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പണം അക്കൗണ്ടിലെത്തിയതിനു തെളിവായി റിസർവ് ബാങ്കിന്റെ പേരിലുള്ള വ്യാജരേഖകൾ കാണിച്ചു. നികുതി അടയ്ക്കാനുള്ള പണം നൽകിയാൽ അഞ്ചിരട്ടിയായി തിരിച്ചു നൽകുമെന്നു വാഗ്ദാനം നൽകിയാണു പണം പിരിച്ചെടുത്തത്.
ഇതിനായി കുമരകത്തെ റിസോർട്ടുകളിൽ ഉൾപ്പെടെ നിക്ഷേപകൂട്ടായ്മകൾ സംഘടിപ്പിച്ചു.
കൂടുതൽ നിക്ഷേപം സമാഹരിക്കുന്നവർക്കു സമ്മാനങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തു. ദുബായിൽ നടക്കുന്ന നിക്ഷേപസംഗമത്തിൽ വച്ചു പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം.
ദുബായിൽ സംഗമം നടത്തിയെങ്കിലും പണം നൽകിയില്ല. 6 മാസത്തിനകം പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. നിക്ഷേപകർ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

