തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ജംക്ഷൻ മുതൽ ചന്തിരൂർ വരെ ഗതാഗതക്കുരുക്കിലമർന്ന് ജനങ്ങൾ. ഇന്നലെ വൈകിട്ട് 5ന് തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തീർന്നിട്ടില്ല.
അരൂർ ബൈപാസ് കവല മുതൽ അരൂക്കുറ്റി, ചന്തിരൂർ എന്നിവിടങ്ങളിലെത്താൻ 2 മണിക്കൂറോളം വേണ്ടിവന്നു.
അരൂർ ടോൾ പ്ലാസ മുതൽ അരൂർ ക്ഷേത്രം കവല വരെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതുമൂലം വാഹനങ്ങളുടെ ഇന്ധനച്ചെലവും അധികമായി.
കുമ്പളം ടോൾ പ്ലാസ മുതൽ തുറവൂർ, അരൂക്കുറ്റി പാലം എന്നിവിടങ്ങളിൽ എത്തണമെങ്കിൽ ഫുൾടാങ്ക് ഇന്ധനം വാഹനങ്ങളിൽ നിറയ്ക്കണം എന്ന സ്ഥിതിയാണെന്നു ഡ്രൈവർമാർ പറയുന്നു.
അഞ്ചാമത്തെ റീച്ചായ അരൂർ ക്ഷേത്രം കവല മുതൽ അരൂർ ബൈപാസ് കവല വരെ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ ഇരുവശങ്ങളിലും റയിലുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ നാലുവരിപ്പാതയിൽ ഇരുവശങ്ങളിലും റോഡിന്റെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇന്നു മുതൽ പലർക്കും ഒാണം അവധിയായതിനാൽ ആലപ്പുഴ, ചേർത്തല, അരൂർ എന്നിവിടങ്ങളിലേക്ക് പോയ യാത്രക്കാരും കഷ്ടപ്പെട്ടു.
റോഡ് നിർമാണം തുടങ്ങിയ ശേഷം മൂന്നൂറോളം വ്യാപാര സ്ഥാപനങ്ങളാണ് പൂട്ടിയത്. ലക്ഷങ്ങൾ വായ്പ എടുത്ത് വിൽപനയ്ക്കായി സാധനങ്ങൾ വാങ്ങിയ കടയുടമകൾ വാഹന പാർക്കിങ് സൗകര്യമില്ലാതായതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. അരൂർ പള്ളി ജംക്ഷനിൽ റോഡിന്റെ ഇരു ഭാഗത്തുമായി 5 താൽക്കാലിക പോസ്റ്റുകൾ ഇട്ട് 110 കെവി ലൈനുകൾ ഉയർത്തുന്ന ജോലിയും നടക്കുന്നുണ്ട്.
റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് മേഴ്സി ആശുപത്രിക്കു മുന്നിൽ കുഴിയെടുത്ത് താൽക്കാലിക പോസ്റ്റ് സ്ഥാപിച്ചു തുടങ്ങി.
ഇതിനു പിന്നിലും ഇനി ഒരു താൽക്കാലിക പോസ്റ്റിടണം. ഇപ്പോൾ പണി നടക്കുന്നത് അരൂർ ഗ്രാമീൺ സർവീസ് സഹകരണ ബാങ്കിനു മുന്നിലാണ്.
ഇതിനു കിഴക്കു ഭാഗത്ത് രണ്ടു താൽക്കാലിക പോസ്റ്റുകൾ കൂടി സ്ഥാപിക്കണം. ദിവസങ്ങൾ വേണ്ടി വരുന്ന പണികളാണ് ഇതുമായി ബന്ധപ്പെട്ടുളളത്. മഴയും സർവീസ് റോഡിലെ വെള്ളക്കെട്ടും ഉയരപ്പാത നിർമാണ പ്രവർത്തനങ്ങളുടെ തടസ്സവും കാരണം യാത്രക്കാർ ദുരിതത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]