
കടൽ കടന്നെത്തിയ സ്നേഹം ഇനിയില്ല; ദിനേശ് കുമാറിന്റെ ‘ലണ്ടൻ ചേച്ചി’ യാത്രയായി, മുറിഞ്ഞത് 25 വർഷത്തെ ആത്മബന്ധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ലണ്ടൻ സ്വദേശിനിയായ ‘ചേച്ചി’യെ നിരന്തരം തേടുകയായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസ്റ്റ് ഗൈഡ് ദിനേശ് കുമാർ. 25 വർഷത്തെ ആത്മബന്ധം പൊടുന്നനെ മുറിഞ്ഞുപോയതാണ്. എന്തെങ്കിലും സംഭവിച്ചോ എന്ന പേടി സത്യമായി. കുട്ടനാട് കാണാനെത്തി ദിനേശിന്റെ കുടുംബാംഗമായി മാറിയ കരോൾ സെവൽ (84) കഴിഞ്ഞ നവംബറിൽ മരിച്ചുവെന്ന ബന്ധുവിന്റെ കത്ത് കൈനകരി കുപ്പപ്പുറം കളത്തിൽച്ചിറ വീട്ടിലെത്തി.
അപൂർവവും സുന്ദരവുമായ ഒരു ബന്ധമായിരുന്നു അത്. തെറപ്പിസ്റ്റ് ആയ കരോൾ ലണ്ടനിൽ നിന്ന് 1997 ലാണ് കേരളം കാണാനെത്തിയത്. കുട്ടനാട്ടിൽ ദിനേശ് ആയിരുന്നു ഗൈഡ്. കരോളിനെ വള്ളത്തിലിരുത്തി കുപ്പപ്പുറം വഴി പോകുമ്പോൾ, ആറ്റുതീരത്തെ കടവിൽ പാത്രം കഴുകുന്ന അമ്മയെയും പാടത്ത് പണിയെടുക്കുന്ന പിതാവിനെയും ദിനേശ് കാണിച്ചുകൊടുത്തു. ആ കടവിൽ വള്ളം അടുപ്പിക്കാൻ കരോൾ നിർദേശിച്ചു.
അവിടെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടു, ഇളനീർ കുടിച്ചു, ദിനേശിനൊപ്പം കാൽനടയായി കുട്ടനാടൻ കാഴ്ചകൾ കണ്ടു. ഇടയ്ക്കു ദിനേശ് അവരോടു പ്രായം ചോദിച്ചു. തനിക്ക് 29 വയസ്സായെന്നും പ്രായം അറിഞ്ഞാൽ കരോളിനെ ചേച്ചിയെന്നോ ആന്റിയെന്നോ വിളിക്കാമെന്നും ദിനേശ് വിശദീകരിച്ചു. പ്രായത്തിൽ മുതിർന്നവരെ കേരളത്തിൽ പേരു പറഞ്ഞു വിളിക്കില്ലെന്നതും കരോളിനു കൗതുകമായി. പിന്നീടങ്ങോട്ട് ദിനേശ് അവരെ വിളിച്ചത് ‘എൽഡർ സിസ്റ്റർ’. അതു കരോളിനും ഹൃദ്യമായി. ലണ്ടനിലേക്കു തിരിച്ചുപോയ കരോൾ കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും ഫോട്ടോകളുമെല്ലാം അയച്ചുകൊണ്ടിരുന്നു. കത്തിൽ കരോൾ ദിനേശിനെ വിളിച്ചു: മൈ ലിറ്റിൽ ബ്രദർ.
2000 മേയിൽ ദിനേശ് വിവാഹത്തിനു ‘ചേച്ചി’യെ ക്ഷണിച്ചു. കരോൾ പങ്കെടുത്തു. പിറ്റേന്നു വധുവരന്മാരെ കൂട്ടി വർക്കലയിൽ പോയി. അവിടെ മൂന്നു ദിവസം കരോളിന്റെ ആതിഥ്യം. പിന്നീടും എല്ലാ സ്നേഹസന്തോഷങ്ങളും പങ്കിട്ട് ആ ബന്ധം തുടർന്നു. 2018ലെ പ്രളയകാലത്ത് ഏതാണ്ട് എല്ലാ ദിവസവും വിളിച്ച് ഇവിടത്തെ വിവരങ്ങൾ അവർ തിരക്കിയിരുന്നു. 2020 ഡിസംബറിൽ കിട്ടിയത് അവസാനത്തെ ക്രിസ്മസ് സമ്മാനവും കത്തുമായിരുന്നു. പിന്നീട് ഒരു വിവരവുമില്ല. ലണ്ടനിൽ നിന്നു വരുന്ന സഞ്ചാരികളോടെല്ലാം കരോളിനെക്കുറിച്ചു ദിനേശ് തിരക്കും. ആർക്കും അറിയില്ല.
കഴിഞ്ഞ മേയിൽ കരോളിന്റെ നാട്ടിൽ നിന്നെത്തിയ ലില്ലി ഫ്രാൻസിസ് തിരിച്ചു ചെന്ന് അന്വേഷിച്ച ശേഷം ആദ്യ വിവരം നൽകി: കരോൾ ലണ്ടനിലെ വീടു വിറ്റ് അമ്മയ്ക്കടുത്തേക്കു പോയി. കോവിഡ് ബാധിച്ച് അമ്മ മരിച്ചതോടെ അവർ പിന്നെ തിരികെ വന്നില്ല. ദിനേശിന് ആകെ നിരാശയായി. പക്ഷേ ലില്ലി അന്വേഷണം തുടർന്നു. കരോളിന്റെ അനുജത്തി ഗ്ലെൻഡയുടെ മകൾ ഹെലനെ അവർ കണ്ടെത്തി. ഹെലൻ കഴിഞ്ഞ 27ന് ലില്ലിക്കു വിശദമായ ഒരു കത്തെഴുതി. അതു ലില്ലി ദിനേശിന് അയച്ചു കൊടുത്തു. അപ്രതീക്ഷിതമല്ലെങ്കിലും ഏറെ വേദനിപ്പിക്കുന്ന വിവരം അതിലുണ്ടായിരുന്നു: കരോൾ ഈ ലോകത്തു നിന്നു യാത്രയായി. ഭാര്യ റേഷനിങ് ഇൻസ്പെക്ടർ മിനിമോളും മക്കൾ ഗോകുലും ഗോവിന്ദുമടങ്ങിയ ദിനേശിന്റെ കുടുംബത്തിന്റെ സ്നേഹസ്മരണകളിൽ പക്ഷേ കരോളിനു മരണമില്ല.