
കടലിൽ പോയ വള്ളങ്ങൾക്കെല്ലാം ലഭിച്ചത് ചാളയും ചെറുമീനുകളും; വരും ദിവസങ്ങളിലും പ്രതീക്ഷയോടെ
തുറവൂർ∙ അനുകൂല കാലാവസ്ഥയെ തുടർന്നു ചെല്ലാനം ഹാർബർ വീണ്ടും സജീവമായി. വള്ളങ്ങൾ കടലിൽ പോയി.
എന്നാൽ കപ്പൽ അപകടത്തെ തുടർന്നു എണ്ണയും അസംസ്കൃത പദാർഥങ്ങളും കടലിൽ പരന്നതിനാൽ മത്സ്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രചാരണം മത്സ്യ വിൽപനയെ ബാധിച്ചു. ശക്തമായ കാറ്റും മഴയും മൂലം കഴിഞ്ഞ 2 ആഴ്ചയായി തൊഴിലാളികൾക്കു കടലിൽ പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ പോയവള്ളങ്ങൾക്കെല്ലാം ചാളയും ചെറുമീനുകളും ലഭിച്ചു. രാവിലെ തന്നെ ചാളയ്ക്കു ഒരു കിലോഗ്രാമിനു 200 രൂപ വരെ വിലവന്നു. പിന്നീട് അത് കുറഞ്ഞ് 150 രൂപയിലെത്തി.
അർത്തുങ്കൽ മുതൽ ചെല്ലാനം വരെയുള്ള നൂറുക്കണക്കിനു വള്ളങ്ങളിൽ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളാണു ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
മത്സ്യത്തൊഴിലാളി സമ്പാദ്യ പദ്ധതി കുടിശിക ഉടൻ വിതരണം ചെയ്യണം: കെ.സി.വേണുഗോപാൽ
കൊല്ലം ∙ മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ കുടിശിക ഗഡുക്കൾ അടിയന്തരമായി വിതരണം ചെയ്യണമെന്നു കെ.സി.വേണുഗോപാൽ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് എംപി മുഖ്യമന്ത്രിക്കു കത്ത് നൽകി.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കായി പദ്ധതിയാണിത്. മത്സ്യത്തൊഴിലാളി 1500 രൂപയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നു 3000 രൂപയും മാസംതോറും നിക്ഷേപിച്ചു വരുന്നു.
ജൂൺ മാസം ആരംഭിച്ചിട്ടും ആദ്യ ഗഡുവിന്റെ തുക നൽകിയില്ല. ഇത് മത്സ്യത്തൊഴിലാളികളെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കു മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികൾക്കു ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഗഡുക്കളായി പണം നൽകുന്ന ഈ പദ്ധതിയിൽ, ഇത്തവണ മേയ് പിന്നിട്ടിട്ടും ആദ്യഗഡു നൽകാത്തത് ഈ മേഖലയിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.
കൂടാതെ, മത്സ്യത്തൊഴിലാളി പെൻഷനും വിധവ പെൻഷനും മൂന്നും നാലും മാസം കുടിശികയായതും പെൺമക്കളുടെ വിവാഹ ധനസഹായം സംബന്ധിച്ചുള്ള 208 അപേക്ഷകളിൽ തുകയൊന്നും വിതരണം ചെയ്യാത്തതും ദുരിതം ഇരട്ടിപ്പിച്ചെന്നും ഇവയും അനുവദിക്കാനുള്ള അടിയന്തര നടപടി വേണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]