
കുരുക്കഴിയുമോ ? ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: ഗതാഗത ക്രമീകരണത്തിനു തീരുമാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത ക്രമീകരണത്തിനു തീരുമാനം. ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട ഹെവി വാഹനങ്ങൾ ആലപ്പുഴ എസ്ഡി കോളജ് ജംക്ഷനിൽ നിന്നു ചങ്ങനാശേരി റോഡ് വഴി എംസി റോഡിലേക്കു വഴിതിരിച്ചുവിടാൻ ഇന്നലെ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണു ധാരണയായത്. തീരുമാനം നടപ്പാക്കി തുടങ്ങി. എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു വരേണ്ട വാഹനങ്ങൾ നേരത്തേതന്നെ എംസി റോഡ് വഴി തിരിച്ചുവിടുന്നതിനു പുറമേയാണിത്.
അരൂർ- തുറവൂർ മേഖലയിൽ 8.4 കിമീ ദൂരത്തിൽ ജല അതോറിറ്റിക്കു പുതിയ പൈപ്ലൈനുകൾ സ്ഥാപിക്കുന്നതിനു യോഗത്തിൽ ധാരണയായി. വണ്ടാനം മെഡിക്കൽ കോളജിനു മുൻപിലെ അടിപ്പാതയുടെ നിലവിലെ രൂപരേഖ പ്രകാരം വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത തരത്തിലാണ്. അത്യാഹിത സംഭവങ്ങളുണ്ടായാൽ വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ കടന്നുപോകേണ്ടതുണ്ട്. ആശുപത്രിക്കു മുൻപിൽ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതരത്തിൽ അടിപ്പാത നിർമിക്കാൻ രൂപരേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
റോഡ് നിർമാണവേളയിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ അടിക്കടിയുണ്ടാകുന്നതു നീതീകരിക്കാനാവില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്താവൂയെന്നും യോഗത്തിൽ കെ.സി.വേണുഗോപാൽ എംപി നിർദേശിച്ചു. എല്ലാ ചുമതലയും കൺസൽറ്റന്റുമാർക്കു നൽകുന്ന രീതി മാറ്റണമെന്നും എൻഎച്ച്എഐ അധികൃതർ നേരിട്ടു നിർമാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കണമെന്നും സുരക്ഷാ മുൻകരുതലുകളും മോണിറ്ററിങ് സംവിധാനവും ശക്തിപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. എച്ച്.സലാം എംഎൽഎ, കലക്ടർ അലക്സ് വർഗീസ്, എൻഎച്ച്എഐ റീജനൽ ഓഫിസർ ബി.എൽ.മീണ, പ്രോജക്ട് ഡയറക്ടർമാരായ ബിപിൻ മധു, പി.പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഗോവ ഗവർണറും ഗതാഗതക്കുരുക്കിൽപെട്ടു
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നു പത്തനംതിട്ടയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജില്ലാ അതിർത്തിയായ അരൂർ ബൈപാസ് കവലയിൽ രാവിലെ 8നാണ് എത്തിച്ചേർന്നത്. അരൂർ, കുത്തിയതോട് പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്കൊഴിവാക്കാനായി വൻ പൊലീസ് സംഘത്തെ പ്രധാന കവലകളിലും മീഡിയൻ വിടവുകളിലും വിന്യസിച്ചിരുന്നു.
എന്നിട്ടും ഗതാഗതക്കുരുക്ക് ഒഴിയാത്തതിനാൽ ഗവർണറും സംഘവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്റർ കടക്കുന്നതിനു 28 മിനിറ്റോളം എടുത്തു. ഗവർണർ ഉച്ചയ്ക്ക് ഒന്നിനു പത്തനംതിട്ടയിലെ പരിപാടിക്ക് ശേഷം തിരികെ എറണാകുളത്തേക്ക് പോകുമ്പോഴും ഗതാഗതക്കുരുക്കിനു അയവില്ല.