ആലപ്പുഴ∙ ‘കഴിഞ്ഞ 9 മാസത്തിനിടെ ഒറ്റ ദിവസമാണ് പൈപ്പിൽ വെള്ളം വന്നത്; പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേദിവസം മാത്രം. വെള്ളം കിട്ടുന്നില്ലെങ്കിൽ ബിൽ കൃത്യമായി വരുന്നുമുണ്ട്’’ റോഡരികിൽ ശുദ്ധജലം വാങ്ങാനായി നിരത്തിവച്ച പാത്രങ്ങൾക്കു സമീപത്തു നിൽക്കുമ്പോൾ ഇവരുടെ കണ്ണുകളിൽ രോഷമല്ല; നിസ്സഹായതയാണ്.
മണ്ണഞ്ചേരി പഞ്ചായത്തിലെ 13–ാം വാർഡിൽ വടക്കനാര്യാട് ലെനിൻ കോർണറിനു പടിഞ്ഞാറു താമസിക്കുന്ന അൻപതോളം കുടുംബങ്ങളാണു കുടിവെള്ളമില്ലാതെ വലയുന്നത്.
‘കുഴൽക്കിണർ കുഴിച്ചാൽ കിട്ടുന്നത് തവിട്ടുനിറത്തിലുള്ള വെള്ളമാണ്. ഇതു കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാൻ പാടില്ലെന്ന് ആരോഗ്യ, ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി പറഞ്ഞിട്ടുള്ളതാണെന്നു പ്രദേശവാസിയായ ജേക്കബ് തോമസ് പറഞ്ഞു.
രണ്ടു വർഷം മുൻപാണ് ജല അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ വീടുകളിൽ ലഭിച്ചത്. കണക്ഷൻ ലഭിച്ചെങ്കിലും കൃത്യമായി വെള്ളം ലഭിക്കാറില്ലെന്ന് ഫിലോമിന തോമസും സൂസമ്മയും പറയുന്നു.
9 മാസം മുൻപ് ജലവിതരണം പൂർണമായും മുടങ്ങി.
ജല അതോറിറ്റിയിലും പഞ്ചായത്തിലും എംഎൽഎയുടെ അടുത്തുമെല്ലാം പലവട്ടം പരാതി പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വീടുകളിൽ വെള്ളമെത്തിയത്.
അന്നും ഉയർന്ന ഭാഗത്തുള്ള വീടുകളിൽ വെള്ളമെത്തിയില്ലെന്നു വി.സി.ലതയും ആനിയമ്മ ആന്റണിയും പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജലവിതരണം വീണ്ടും നിലച്ചു.
പക്ഷേ, രണ്ടു മാസത്തെ ഇടവേളകളിൽ കൃത്യമായി ജല അതോറിറ്റിയുടെ ബില്ലെത്തുന്നുണ്ട്.
ആർഒ പ്ലാന്റുകളിൽ നിന്ന് വാഹനങ്ങളിൽ എത്തിക്കുന്ന ശുദ്ധജലം ലീറ്ററിന് ഒരു രൂപ നിരക്കിൽ വിലകൊടുത്തു വാങ്ങിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കുളിക്കാനും കുടിക്കാനുമെല്ലാം ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.
രാവിലെയും വൈകിട്ടും വാഹനങ്ങളിൽ വെള്ളം കൊണ്ടുവരും. ശരാശരി 100 ലീറ്റർ വെള്ളം വരെയാണ് ഒരു വീട്ടിലേക്ക് ദിവസം വാങ്ങേണ്ടിവരുന്നത്.
കയർത്തൊഴിലാളികളും കൂലപ്പണിക്കാരുമുള്ള സാധാരാണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഈ ചെലവ്. പൈപ്പിന്റെ പ്രശ്നം മൂലമാണ് ജലവിതരണം മുടങ്ങിയതെന്നു ജല അതോറിറ്റി പറയുമ്പോഴും ഇതു പരിഹരിക്കാൻ 9 മാസമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

