എടത്വ ∙ തിളച്ചുതൂവുന്ന ഭക്തിയുടെ ഉത്സവമായി നാളെ ചക്കുളത്തുകാവിൽ പൊങ്കാല. പുലർച്ചെ ക്ഷേത്ര ശ്രീകോവിലിൽ നിന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പണ്ടാരപ്പൊങ്കാല അടുപ്പിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗണപതി വിളക്കിൽ തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഭദ്രദീപം തെളിക്കും.
രമേശ് ഇളമൺ നമ്പൂതിരി വിളിച്ചു ചൊല്ലി പ്രാർഥന നടത്തും. തുടർന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുകയും വാർപ്പിൽ അരി പകരുകയും ചെയ്യും.
ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടത്തും. തുടർന്ന് ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കും.
പൊങ്കാല ഇടാൻ എത്തുന്നവർക്കു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇക്കുറി സൗജന്യ ഭക്ഷണം ഒരുക്കുന്നുണ്ട്.
വൈകിട്ട് ദീപാരാധനയോട് അനുബന്ധിച്ച് ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും. തുടർന്ന് ലക്ഷദീപം തെളിക്കും. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്നു വൈകിട്ടു മുതൽ നാളെ പൊങ്കാല ചടങ്ങുകൾ തീരുന്നതു വരെ പുരുഷന്മാരെ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കില്ലെന്നും ഭാരവാഹികളായ രഞ്ജിത്ത് ബി.നമ്പൂതിരി, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ അറിയിച്ചു.
വാഹന പാർക്കിങ്
പൊങ്കാലയിടാൻ വാഹനങ്ങളിൽ എത്തുന്നവർക്കായി പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനം, ജെ.ജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.കോട്ടയം, തൃശൂർ, പുനലൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി എയ്ഞ്ചൽസ് സ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

