ഓണമെത്തിയാൽ പത്തുദിവസത്തേക്കു സ്കൂൾ അടയ്ക്കുന്നതാണു കുട്ടികളുടെ ആഘോഷം. സ്കൂളിൽ പോകേണ്ട, ആരും പഠിക്കാൻ പറയില്ല, പത്തുദിവസം ആഘോഷം തന്നെ.
സ്കൂൾ അടച്ചാൽ വീട്ടിലുള്ളവരുടെ ആദ്യത്തെ ദൗത്യം ഊഞ്ഞാലിടുന്നതാണ്. വീട്ടുമുറ്റത്തോ, തൊടിയിലോ പറമ്പിലൊക്കെയായി ഊഞ്ഞാലിടും.
ഊഞ്ഞാലില്ലാതെ എന്ത് ഓണക്കാലമെന്നാണ് പഴമക്കാർ പോലും പറയുക. ഊഞ്ഞാലും ആഘോഷങ്ങളുടെ പ്രധാന പങ്കാളിയാണ്.
‘‘ഊഞ്ഞാലിൽ ആയത്തിലാടി ആകാശത്തെ പൊൻ ആലിൻ ഇലകളെ തൊട്ടു വരാൻ തുമ്പിയോട്’’ തുമ്പീ വാ തുമ്പക്കുടത്തിൽ… എന്ന സിനിമ ഗാനത്തിൽ ഒഎൻവി പറയുന്നതു പോലെയാണു പണ്ടത്തെ ഊഞ്ഞാലാഘോഷം.
ആയത്തിലാടി മരത്തിലെ ഇലകളും ചില്ലകളും തൊട്ടുവരണം എന്നു മത്സരം വയ്ക്കുകയുമൊക്കെ ചെയ്യും പണ്ടു കുട്ടികൾ. മരങ്ങൾ പലതുണ്ടെങ്കിലും പുളിമരമാണ് ഊഞ്ഞാലിനു ബെസ്റ്റ്.
പെട്ടെന്നു പൊട്ടി വീഴിലല്ലോ.
പടിയൂഞ്ഞാൽ തന്നെ വേണം, ഉയരത്തിൽ കെട്ടണം. രണ്ടു കയറുപയോഗിക്കും.
കയറിന്റെ ഒരറ്റം മരച്ചില്ലയിലും മറ്റേയറ്റം മരപ്പലകയുടെ അറ്റത്തും കെട്ടും. പലകയാണ് ഇരിപ്പിടം പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടുമാടും.
കാലം മാറിയാലും ഓണമെത്തിയാൽ ഊഞ്ഞാലിനെ നമ്മൾ പിന്നെയുമോർക്കും. ഇന്നിപ്പോൾ മരപ്പലകയിൽ കയറുചുറ്റി കെട്ടുകയൊന്നും വേണ്ടല്ലോ.
വിപണിയിൽ തയാറല്ലേ റെഡിമെയ്ഡ് ഊഞ്ഞാൽ. പ്ലാസ്റ്റിക് കയറിലാണ് ഊഞ്ഞാലിൽ നിർമിക്കുന്നത്.
ഊഞ്ഞാൽ കണ്ടാൽ കുട്ടികൾക്ക് കൗതുകം.
പലക തിരയണ്ട, കയറു കെട്ടേണ്ട. വീട്ടുകാർക്ക് അത്രയും ആശ്വാസം.
ഊഞ്ഞാലുകൾക്ക് 400 നു മുകളിലാണ് വില. പടിക്കും കയറിനും അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാകും.
വീടിന്റെ മുറ്റത്തു നിന്നു കോളജ് അങ്കണങ്ങളിലേക്കും ഓഫിസ് വളപ്പിലേക്കുമെല്ലാം ഊഞ്ഞാൽ പടർന്നു കഴിഞ്ഞു. ഊഞ്ഞാലാട്ടത്തേക്കാൾ പ്രധാനം ഊഞ്ഞാൽ ഫൊട്ടോകളാണ്.
മൂന്നു പേർക്കു വരെ ഒന്നിച്ചിരുന്നാടാനുള്ള ഊഞ്ഞാലുകൾ ഇക്കുറി വിപണിയിലുണ്ട്. ഇരിപ്പിടത്തിൽ കുഷ്യനോടു കൂടിയ പ്രീമിയം ഊഞ്ഞാലുകൾക്കും ആവശ്യക്കാരുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]