ചെങ്ങന്നൂർ∙ ജലോപരിതലത്തിലെ മാലിന്യം നീക്കാൻ ഇനി റിസ്ക്കെടുക്കേണ്ട, ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ നിർമിച്ച യന്തിരൻ ആ പണി ചെയ്തോളും. കോളജിലെ ഐ ട്രിപ്പിൾ ഇ സ്പെഷൽ ഇന്ററസ്റ്റ് ഗ്രൂപ്പ് ഓൺ ഹ്യുമാനിറ്റേറിയൻ ടെക്നോളജി എന്ന വിദ്യാർഥി കൂട്ടായ്മയും ചെങ്ങന്നൂർ നഗരസഭ, പമ്പ പുനർജനി, ഐ ട്രിപ്പിൾ ഈ സൈറ്റ് കേരള സെക്ഷൻ എന്നിവരും കൈകോർത്താണു നിർമാണം.
റോബട്ടിന്റെ പ്രധാന നിയന്ത്രണം റാസ്പ്ബെറി പൈ ഉപയോഗിച്ചാണ്. സെമി ഓട്ടോണമസ്, മാന്വൽ രീതികളിൽ ഇതിനു ചലിക്കാനാകും.
റോബട്ടിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ വെബ് കൺസോൾ വഴി തത്സമയം നിരീക്ഷിക്കാനും കൃത്യമായി യാത്രാമാർഗം ക്രമീകരിക്കാനും സാധിക്കും.
ഫ്ലൈസ്കൈ ട്രാൻസ്മിറ്റർ- റിസീവർ വഴിയാണ് റോബട്ടിന്റെ മാനുവൽ ചലന നിയന്ത്രണം സാധ്യമാകുന്നത്. ഏകദേശം 700 മീറ്റർ അകലെ നിന്നു വരെ നിയന്ത്രിക്കാനാവും.
ഇതിൽ ഘടിപ്പിച്ച ശക്തമായ ത്രസ്റ്ററുകൾ വെള്ളത്തിലൂടെ സുഗമമായ ചലനം ഉറപ്പുവരുത്തുന്നു. 30 കിലോയോളം ഭാരവും 1.3 മീറ്റർ നീളവും 1.6 മീറ്റർ വീതിയും 0.4 മീറ്റർ ഉയരവും ഉള്ള ഈ റോബട്ടിനു ഒരേസമയം 6.4 ചതുരശ്ര മീറ്റർ വരെ വിസ്തീർണത്തിലുള്ള ഉപരിതല മാലിന്യം ശേഖരിക്കാനുള്ള ശേഷിയുണ്ട്.
പായൽ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഏതു മാലിന്യവും ശേഖരിക്കും. റോബട്ടിൽ ഘടിപ്പിച്ച സൗരോർജ പാനലുകളിൽ നിന്ന് പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി നേരിട്ട് ഉൽപാദിപ്പിക്കുന്നു.
പരീക്ഷണം വിജയം
ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട് വാർഡിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
എപിക്സ് (എൻജിനീയറിങ് പ്രൊജക്ട്സ് ഇൻ കമ്യുണിറ്റി സർവീസ്) ഇൻ ഐ ട്രിപ്പിൾ ഈ എന്ന സാങ്കേതിക സംഘടനയാണ് ഈ പദ്ധതിക്ക് ആവശ്യമായ 5800 ഡോളർ (ഏകദേശം 4.85 ലക്ഷം രൂപ) അനുവദിച്ചു നൽകിയത്.
പിന്നണിയിൽ ഇവർ
ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്.ഹരി, ഇലക്ട്രിക്കൽ വകുപ്പ് തലവൻ ഡോ.
എം.രാജു, മുൻ അധ്യാപിക ഡോ.ജെ.ദീപ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. വിദ്യാർഥികളായ യോഹാൻ സി.മാമ്മൻ, മേഘ അജി എന്നിവരായിരുന്ന പ്രൊജക്ട് കോ–ഓർഡിനേറ്റർമാർ.
വിജയ് സതീഷ് ( സോഫ്റ്റ്വെയർ ഡവലപ്മെന്റ് ലീഡ്), എസ്. വിഘ്നേഷ് (ടെക്നിക്കൽ ലീഡ്), ജെറിൻ ഷിബു (ഡിസൈൻ ആൻഡ് ക്രിയേറ്റീവ് ലീഡ്), മുഹമ്മദ് അബ്നാസ് (ഫിനാൻസ് ആൻഡ് ബജറ്റിങ് ലീഡ്), അനുശ്രീ അനിൽ, മാനസ് രവി ചന്ദ്രൻ, ആനി എൽസ അനു (ഡോക്യുമെന്റേഷൻ ലീഡ്സ്), ഭവേഷ് സഞ്ജയ് (മീഡിയ ലീഡ്), എസ്.അമൽ കൃഷ്ണ, വി.രവിശങ്കർ, നിതിൻ മാത്യു ജോജി (പിആർ ആൻഡ് ഔട്ട്റീച്ച് കോ–ഓർഡിനേറ്റർമാർ) എന്നിവർ ചേർന്നാണു പ്രൊജക്ട് വിജയകരമായി പൂർത്തിയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]