
പഴയ ബോട്ടുകളിൽ പ്രാകൃത ശുചിമുറികൾ: ക്ലോസറ്റിനു പകരം ശുചിമുറികളിലുള്ളത് നിലത്ത് ഒരു ദ്വാരം
ആലപ്പുഴ ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ചില യാത്രാ ബോട്ടുകളിലുള്ളതു പ്രാകൃത ശുചിമുറികൾ. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള ആലപ്പുഴ– കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിൽ ഉൾപ്പെടെയാണു യാത്രികർക്ക് ഉപയോഗിക്കാനാകാത്ത നിലയിലുള്ള ശുചിമുറിയുള്ളത്.
ക്ലോസറ്റിനു പകരം നിലത്ത് ഒരു ദ്വാരമാണ് ഈ ശുചിമുറികളിലുള്ളത്. ബോട്ടിന്റെ ശുചിമുറി അടച്ചിട്ട
നിലയിൽ.
ഹൗസ്ബോട്ടുകളിൽ നിന്നും വീടുകളിൽ നിന്നും ശുചിമുറി മാലിന്യം കായലിലേക്കു തള്ളുന്നതു തടയാനും കായൽ മാലിന്യമുക്തമാക്കുന്നതിനുമായി ജില്ലാ ഭരണകൂടം കർശനനടപടികൾ സ്വീകരിക്കുമ്പോഴാണു സർക്കാരിന്റെ തന്നെ ബോട്ടുകൾ യാത്രികരോടു കായലിലേക്കു ‘കാര്യം സാധിക്കാൻ’ പറയുന്നത്. വിനോദസഞ്ചാരികളും ധാരാളം യാത്ര ചെയ്യുന്ന റൂട്ടാണിത്.
ഏറെ പഴക്കമുള്ള ബോട്ടുകളിലാണു പിൻവശത്ത് ഏച്ചുകെട്ടിയതു പോലെ ശുചിമുറിയുള്ളത്. ടിൻ ഷീറ്റ് കൊണ്ട് ഒന്നര മീറ്ററോളം ഉയരത്തിൽ ഒരു മറയാണ് ഈ ശുചിമുറികൾക്കുള്ളത്.
മേൽക്കൂരയില്ല, പലപ്പോഴും വെള്ളവും ഉണ്ടാകില്ല. തറയിൽ ദ്വാരം മാത്രം.
കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് ആലപ്പുഴയിലേക്കു യാത്ര ചെയ്ത വിനോദസഞ്ചാരി ഈ ദുരനുഭവം പങ്കുവച്ചു. ശുചിമുറിയുടെ ശോച്യാവസ്ഥ കാരണം മണിക്കൂറുകൾക്കു ശേഷം ആലപ്പുഴയിലെത്തിയപ്പോഴാണു മൂത്രശങ്ക തീർക്കാനായത്.
അതേസമയം, പഴയ ബോട്ടുകളിലെ ശുചിമുറികളിലാണ് ഈ പ്രശ്നമുള്ളതെന്നും അത് ആരും ഉപയോഗിക്കാറില്ലെന്നുമാണു ജലഗതാഗത വകുപ്പ് അധികൃതരുടെ വിശദീകരണം. ബോട്ടുകളുടെ വേഗം കൂടുകയും ദൈർഘ്യമേറിയ സർവീസുകൾ കുറയുകയും ചെയ്തതിനാൽ ശുചിമുറിയുടെ ആവശ്യമില്ലത്രേ.
അതിനാൽ പൂട്ടിയിടുകയാണ്. വകുപ്പിന്റെ വിനോദസഞ്ചാര ബോട്ടുകളായ സീ കുട്ടനാട്, വേഗ തുടങ്ങിയവയിലും ക്രൂസ് യാനങ്ങളിലും ബയോ ടോയ്ലറ്റ് സൗകര്യമുണ്ടെന്നും അധികൃതർ പറഞ്ഞു.
ആലപ്പുഴയിലെ താൽക്കാലിക ബോട്ട് ജെട്ടിയിലും ശുചിമുറി സൗകര്യമില്ല. ജീവനക്കാർക്കുള്ള ശുചിമുറി യാത്രക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കുകയാണു ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]