കൈനകരി ∙ അപേക്ഷകളും പ്രഖ്യാപനങ്ങളും ഫലം കണ്ടില്ല. നടവഴി പോലും ഇല്ലാതെ കൈനകരിയിലെ ഏതാനും കുടുംബങ്ങൾ.
കൈനകരി പഞ്ചായത്ത് 14–ാം വാർഡ് (മുൻപ് 13–ാം വാർഡ്) മണലോടി തുരുത്തിലുള്ള കുടുംബങ്ങളാണു പുറംലോകത്തേക്ക് എത്താൻ പാടുപെടുന്നത്. ജമ്മുവിൽ വച്ചുണ്ടായ പാക്ക് ആക്രമണത്തിൽ 1994 ജനുവരി 19നു വീരമൃത്യു വരിച്ച സൈനികൻ സോജൻ വർഗീസിന്റേത് ഉൾപ്പടെ 4 സൈനികരുള്ള വീട് അടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള റോഡിനായാണ് പ്രദേശവാസികൾ വർഷങ്ങളായി വിവിധ ഓഫിസുകൾ കയറി ഇറങ്ങുന്നത്.
കൈനകരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൈതാനത്തോടു ചേർന്നാണു പ്രദേശവാസികൾക്ക് വഴിയുള്ളത്.
ചെറിയൊരു വേലിയേറ്റത്തിൽ പോലും വെള്ളം കയറുന്ന പ്രദേശമാണിത്. വെള്ളക്കെട്ട് സ്ഥരിമായതോടെ മൈതാനം പുല്ലു നിറഞ്ഞു കാടായി.
മൈതാനത്തിനു ചുറ്റും പഞ്ചായത്ത് മതിൽ കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും മൈതാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനാൽ കുട്ടികൾക്കു മൈതാനത്ത് ഇറങ്ങാൻ സാധിക്കുകയില്ല. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ പ്രദേശമായതിനാൽ ഭയപ്പാടോടെയാണ് ആളുകൾ ഇതുവഴി സഞ്ചരിക്കുന്നത്.
വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി യാത്ര ഒഴിവാക്കേണ്ട സ്ഥിതിയാണ്.
2018 മുതൽ റോഡിനായി ഓടി നടക്കുകയാണു പ്രദേശവാസികൾ.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2 പ്രാവശ്യം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് വഴി ലഭ്യമാക്കുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെയായിട്ടും നടപ്പിലായില്ല. സൈനികരുടെ മാതാപിതാക്കൾ ജീവിച്ചിരുന്ന സമയത്ത് അയൽവാസികളുടെ സഹായത്തോടെ കസേരയിൽ എടുത്താണു പ്രധാന വഴിയിലേക്കു കൊണ്ടുപോയിരുന്നത്.
സൈനികരുടെ അമ്മയുടെ സംസ്കാര സമയത്ത് ചാക്കിൽ മണ്ണു നിറച്ച് അതു നിരത്തിയുണ്ടാക്കിയ വഴിയിലൂടെയാണു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരടക്കം സഞ്ചരിച്ചത്. വാഹനങ്ങൾ എത്തിച്ചേരുന്ന റോഡ് നിർമിക്കാൻ സ്ഥലം ലഭ്യമാണ്.
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു പ്രദേശത്തേക്കു സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

