ആലപ്പുഴ∙ ദേശീയപാതകളിൽ നിർമാണത്തിനിടെ അപകടങ്ങളും പാത തകരാറിലാകുന്നതും ആവർത്തിക്കുന്നതിനിടെ ദേശീയപാത നിർമാണ സ്ഥാപനങ്ങൾക്കും കരാറുകാർക്കും റേറ്റിങ് ഏർപ്പെടുത്താനുള്ള നടപടികൾക്ക് ആക്കം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. റേറ്റിങ്ങിൽ പോയിന്റ് 60 ശതമാനത്തിൽ താഴെ പോയാൽ പിന്നീടുള്ള പദ്ധതികളിൽനിന്നു വിലക്കുന്നതുൾപ്പെടെ നടപടി നേരിടേണ്ടിവരും.
റേറ്റിങ് നടത്തുന്നതു സംബന്ധിച്ചു മന്ത്രാലയം പൊതുജനാഭിപ്രായം തേടി. നേരത്തെ റോഡുകൾക്കു റാങ്കിങ്ങും പെർഫോമൻസ് റേറ്റിങ്ങും ഏർപ്പെടുത്തിയിരുന്നു.
പദ്ധതി കൃത്യസമയത്തു തന്നെ പൂർത്തിയാക്കൽ (30%), നിർമാണത്തിന്റെ നിലവാരം (40%), പരിപാലനം (10%), സുരക്ഷ (5%), നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ (3%), ഉപകരാറുകൾ (2%), ആകെയുള്ള പ്രകടനവും ഗുണഭോക്തൃ റേറ്റിങ്ങും (10%) എന്നിങ്ങനെ ആകെ 100 പോയിന്റ് അടിസ്ഥാനമാക്കിയാണു നിർമാണ സ്ഥാപനങ്ങളെയും കരാറുകാരെയും വിലയിരുത്തേണ്ടത്.
റോഡ് ഉപയോക്താക്കളുടെ വിലയിരുത്തലിന് 4% പോയിന്റ് മാത്രമേ നീക്കിവച്ചിട്ടുള്ളൂ. അതേസമയം, നിലവാരമില്ലാത്ത നിർമാണം, റോഡ് തകർന്നു വീഴൽ പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ പോയിന്റിൽ 30% കുറയും.
സംസ്ഥാനത്തു തന്നെ ദേശീയപാത 66ൽ മലപ്പുറം കൂരിയാട് നിർമിച്ച ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്നിരുന്നു.കഴിഞ്ഞ 13ന് ആലപ്പുഴ തുറവൂർ– അരൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴെ വാനിനു മുകളിലേക്കു വീണു ഡ്രൈവർ മരിച്ചിരുന്നു.
സമാനമായി മറ്റു സംസ്ഥാനങ്ങളിലും നിർമാണത്തിൽ പാളിച്ചകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുടർന്നാണു റേറ്റിങ് നടപടി വേഗത്തിലാക്കുന്നത്.100 കോടി രൂപ മുതൽ 300 കോടി രൂപ വരെ നിർമാണച്ചെലവുള്ള പദ്ധതികൾ, 300–1,000 കോടിയുടെ പദ്ധതികൾ, 1,000 കോടിയിലേറെ ചെലവു വരുന്നവ– എന്നിങ്ങനെ മൂന്നായി തിരിച്ചാണു റേറ്റിങ്.
വർഷത്തിൽ ഒരിക്കലാകും റേറ്റിങ്. ആദ്യ ഘട്ടത്തിൽ, ഫെബ്രുവരി 15 വരെയുള്ള പദ്ധതികൾ പരിഗണിച്ചു മാർച്ച് 31ന് അകം റേറ്റിങ് പൂർത്തിയാക്കാനാണു ശ്രമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

