ആലപ്പുഴ ∙ തിരുവനന്തപുരം സ്വദേശിയെ ലഹരിക്കേസിൽ കുടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ ലഹരിമരുന്നു നൽകിയുള്ള ക്വട്ടേഷൻ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന സംഭവത്തിലെ മൂന്നാം പ്രതിയായ കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ ശ്യാംലാൽ (താറാവ് ശ്യാം) ആണു കായംകുളം പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഡിസംബർ 30നു കായംകുളത്തുവച്ചാണു കുട്ടിയെ ഉപയോഗിച്ചുള്ള ക്വട്ടേഷൻ നീക്കം നടത്തിയത്.
230 ഗ്രാം എൽഎസ്ഡി സ്റ്റാംപുമായി കുട്ടി പിടിയിലായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സംഗീത് എന്ന യുവാവിനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്യാമിന്റെ അടുത്ത സുഹൃത്തും ചേപ്പാട് സ്വദേശിയുമായ രാഘിൽ 30 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്ത ക്വട്ടേഷനായിരുന്നു ഇതിനു പിന്നിൽ.
കുട്ടിക്ക് പ്രതിഫലമായി ഐ ഫോൺ നൽകാമെന്നായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ വാഗ്ദാനം. ശ്യാമാണു കുട്ടിയെ കണ്ടെത്തിയത്.
സംഗീതിന്റെ തിരുവനന്തപുരത്തെ വീടിനു സമീപവും ചവറയിലെ ബന്ധുവീടിനു സമീപവും കുട്ടിയെ ക്വട്ടേഷൻ സംഘം എത്തിച്ചിരുന്നു.
കുട്ടിയുടെ മൊബൈൽ ഫോണിലേക്കു വിളിക്കുകയും കട്ട് ചെയ്യുകയുമായിരുന്നു രീതി. രണ്ടു സ്ഥലത്തെയും കുട്ടിയുടെ സാന്നിധ്യവും മൊബൈൽ ഫോൺ വഴി സംഗീതുമായുള്ള ബന്ധവും തെളിവാക്കാനായിരുന്നു ഇത്.
തുടർന്നു കുട്ടിയുടെ പക്കൽ ലഹരിമരുന്നു നൽകി പൊലീസിന്റെ പിടിയിലാക്കി. പൊലീസ് ചോദ്യം ചെയ്തപ്പോൾ കുട്ടി പറഞ്ഞതു ലഹരിമരുന്നു നൽകിയതു സംഗീതാണെന്നാണ്.
തുടർന്നു പൊലീസ് സംഗീതിനെ പിടികൂടി. കുട്ടിയോടു കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ മൊഴിയിൽ വൈരുധ്യം കണ്ടെത്തി.
പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ക്വട്ടേഷൻ കഥയുടെ ചുരുളഴിഞ്ഞു. രണ്ടാം പ്രതി രാഘിലിനെ പൊലീസ് പിടികൂടിയെങ്കിലും ശ്യാം ഒളിവിൽ പോയി.
പിറന്നാൾ പാർട്ടികളിൽ യുവാക്കൾക്കു ലഹരിമരുന്നു നൽകി പണമുണ്ടാക്കുന്നതും ശ്യാമിന്റെ രീതിയാണെന്നു പൊലീസ് പറയുന്നു.
ഒളിവിൽ കഴിയുമ്പോൾ കഞ്ചാവുത്തോട്ടത്തിൽനിന്നുള്ള ചിത്രങ്ങളെടുത്തും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം,പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണു ശ്യാം. 2023ൽ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുത്തിരുന്നു.പാലക്കാട് പാമ്പള്ളം ടോൾ പ്ലാസയിൽ വച്ചാണു ശ്യാമിനെ കായംകുളം പൊലീസ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നേരിട്ടുള്ള നേതൃത്വത്തിൽ കായംകുളം ഡിവൈഎസ്പി ബിനുകുമാർ, സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ റെജി, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അനു, ഷാനവാസ്, ഷാൻ എന്നിവരുടെ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.
ശ്യാമിനെ കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

