മുഹമ്മ ∙ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കത്ത് വേമ്പനാട് കായൽ തീരത്ത് കോടികൾ മുടക്കി നിർമിച്ച തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനൽ നോക്കുകുത്തിയായിട്ട് 8 വർഷം. 1.67 കോടി രൂപ വിനിയോഗിച്ച് നിർമിച്ചെങ്കിലും ടെർമിനലിന്റെ ഉദ്ഘാടനം പോലും നടത്താൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. അധികൃതർ ഉപേക്ഷിച്ചതോടെ രാത്രി സമയങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും പകൽ സമയങ്ങളിൽ തെരുവ് നായ്ക്കളുടെയും താവളമാണ് ഇവിടം.
സംരക്ഷണം ഇല്ലാത്തതിനാൽ കായൽ തീരത്തെ കെട്ടിടവും നടപ്പാതയും നശിച്ചു തുടങ്ങി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്ന ജില്ലയിലെ കായൽ ടൂറിസം രംഗത്തിന് ഉണർവേകുന്നതാണ് തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനൽ. മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തണ്ണീർമുക്കം ബോട്ടു ജെട്ടിക്കും മത്സ്യമാർക്കറ്റിനും സമീപം ഹൗസ് ബോട്ട് ടെർമിനൽ നിർമാണം പൂർത്തീകരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനായിരുന്നു നിർമാണ ചുമതല.
6 ഹൗസ് ബോട്ടുകളെ കെട്ടിയിടാനുള്ള സൗകര്യമാണ് പ്രത്യേക സവിശേഷത. സഞ്ചാരികൾക്ക് കായൽ കാഴ്ചകൾ വീക്ഷിക്കാൻ പവിലിയൻ, വിശ്രമ സ്ഥലം, ലഘുഭക്ഷണശാല, ശുചിമുറി തുടങ്ങിയവ ടെർമിനലിലുണ്ട്. ജില്ലയിൽ തണ്ണീർമുക്കത്തിനു പുറമേ അരൂക്കുറ്റി, തഴുപ്പ്, പള്ളാത്തുരുത്തി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, നെടുമുടി വട്ടയാൽ, വയ്യാങ്കരചിറ എന്നീ സ്ഥലങ്ങളിൽ നിർമിച്ച ഹൗസ് ബോട്ട് ടെർമിനലുകളിൽ ഭൂരിഭാഗവും ഇപ്പോഴും പ്രവർത്തന സജ്ജമാകാതെ കിടക്കുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നടത്തിപ്പ് ചുമതല കൈമാറുന്നതിന് കരാറുകാരെ ക്ഷണിച്ചെങ്കിലും തുടർ നടപടികളിൽ നേരിട്ട
കാലതാമസമാണ് ടെർമിനലുകൾ തുടങ്ങാൻ വൈകുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. കുട്ടനാടൻ മേഖലകളിൽനിന്ന് ഹൗസ് ബോട്ടിലെത്തുന്നവർക്കു തണ്ണീർമുക്കത്ത് ഇറങ്ങാനും പാതിരാമണൽ ഉൾപ്പെടെയുള്ള തുരുത്തുകൾ ചുറ്റി സഞ്ചരിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാനും തണ്ണീർമുക്കം ടെർമിനൽ സഹായകമാകും.
എറണാകുളം, കുമരകം എന്നിവിടങ്ങളിൽ എത്തുന്ന വിദേശസഞ്ചാരികൾക്ക് തണ്ണീർമുക്കത്തു നിന്നു ഹൗസ് ബോട്ടിൽ യാത്ര നടത്താനും കഴിയും.നിലവിൽ വിനോദ സഞ്ചാരികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് ആലപ്പുഴയിലെത്തിയതിനു ശേഷമാണ് കായൽ യാത്ര ആരംഭിക്കുന്നത്. ടെർമിനലിന്റെ പ്രവർത്തനം ആരംഭിച്ചാൽ തണ്ണീർമുക്കം പഞ്ചായത്തിന്റെയും കായൽ ടൂറിസത്തിനും വലിയ നേട്ടമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]