
തുറവൂർ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന, മീഡിയൻ ഭിത്തി എന്നിവയുടെ നിർമാണം ഫൈബർ കമ്പി ഉപയോഗിച്ച്. ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ദേശീയപാത നിർമാണത്തിന് ഫൈബർ കമ്പി ഉപയോഗിക്കുന്നത്.
ഇരുമ്പ് കമ്പിയുടെ ഒൻപതിലൊന്ന് ഭാരം, വെള്ളത്തിൽ കിടന്നാലും തുരുമ്പെടുക്കില്ല തുടങ്ങിയ സവിശേഷതകളുണ്ട് ഫൈബർ കമ്പിക്ക്. ഇരുമ്പ് കമ്പിക്ക് പകരം ഉപയോഗിക്കുന്ന ഫൈബർ കമ്പിയുടെ മുഴുവൻ പേര് ജിഎഫ്ആർപി റീബാർ എന്നാണ്.
ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് പോളിമർ എന്നതിന്റെ ചുരുക്കെഴുത്താണ് ജിഎഫ്ആർപി.
ഇരുമ്പ് കമ്പി ആവശ്യമായി വരുന്ന പല ഇടങ്ങളിലും ഫൈബർ കമ്പി ഉപയോഗിക്കാം. സ്ഥിരമായി വെള്ളം വീണാലും തുരുമ്പെടുക്കില്ല എന്നതാണ് ഫൈബർ കമ്പിയുടെ പ്രധാന സവിശേഷത.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 25.5 കിലോമീറ്ററാണ് പാതയുടെ ഇരുവശങ്ങളും കാന നിർമിക്കുന്നത്.തൂണും പാതയും തമ്മിൽ വേർതിരിക്കുന്നിടത്ത് 22 കിലോമീറ്ററോളം തൂണിന്റെ ഇരുവശങ്ങളിലും മീഡിയൻ ഭിത്തിയും ഫൈബർ കമ്പി ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്യുന്നത്. കമ്പനിയിൽ നിന്നു കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ അളവിൽ മുറിച്ചും സി ആകൃതിയിലുമുള്ള കമ്പികളാണ് നിർമാണത്തിനായി എത്തിച്ചിരിക്കുന്നത്.
ഇത് നിർമാണ ചെലവ് കുറയ്ക്കാനും ജോലി വേഗത്തിൽ തീർക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
ഇരുമ്പ് കമ്പിയെക്കാൾ ഭാരം കുറവ്, ചെലവ് കുറവ്, ഈട് കൂടുതൽ തുടങ്ങിയ ഗുണങ്ങളുമുണ്ട്. ഇരുമ്പ് കമ്പിയേക്കാൾ രണ്ടിരട്ടി ഈട് ഫൈബർ കമ്പിക്ക് ഉണ്ടെന്നാണ് ഈ രംഗത്തെ പ്രമുഖ കമ്പനികളുടെ അവകാശവാദം.
വെള്ളമോ രാസവസ്തുക്കളോ വീണാൽ നശിക്കില്ല. ടെൻസൈൽ സ്ട്രെങ്ത് കൂടിയ എംആർജി കോംപസിറ്റ്സ് ഉപയോഗിച്ചാണ് ഫൈബർ കമ്പി നിർമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]