
പെരുമ്പളത്തിനും കളിക്കളമാകുന്നു; ആധുനിക കളിക്കളം നിർമിക്കാൻ അനുമതിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂച്ചാക്കൽ ∙ സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പളത്ത് ആധുനിക കളിക്കളം നിർമിക്കാൻ അനുമതിയായി. 7–ാം വാർഡിലെ തോപ്പുവെളി ഭാഗത്തെ പഞ്ചായത്ത് മൈതാനം നവീകരിച്ചാണ് കളിക്കളം നിർമിക്കുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആർ, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ കണ്ടെത്തുന്ന 50 ലക്ഷം രൂപയുമാണ് ചെലവാക്കുന്നത്.
80 സെന്റോളമുള്ള മൈതാനത്തിൽ ട്രാക്ക്, ഓപ്പൺ ജിം, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ പരിശീലിക്കാനുള്ള ഇടം, നടപ്പാത, ശുചിമുറി തുടങ്ങിയവയാണ് ഒരുക്കുന്നത്. മൈതാനത്ത് സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിനും പരിഗണനയുണ്ട്. ഇതോടെ ദ്വീപിലെ വിദ്യാർഥികൾക്ക് എറണാകുളത്തും ആലപ്പുഴയിലുമുള്ള ട്രാക്കുകളെ ആശ്രയിക്കാതെ ദ്വീപിൽ തന്നെ പരിശീലനം നടത്താൻ കഴിയും. പെരുമ്പളം പാലത്തിനൊപ്പം ദ്വീപിലേക്ക് ആധുനിക കളിക്കളവും എത്തുന്നത് ദ്വീപിന് വികസക്കുതിപ്പാകും.
2025-2026 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് അനുവദിച്ച 36 കളിക്കളങ്ങളിൽ അഞ്ചെണ്ണമാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്. ഒരെണ്ണം അരൂർ മണ്ഡലത്തിലെ പെരുമ്പളത്തും ബാക്കി നാലെണ്ണം മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, പാലമേൽ, വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളിലുമാണ് അനുവദിച്ചത്. ലഹരിയുടെ ഉപയോഗവും അക്രമവും യുവാക്കളിലും കൗമാരക്കാർക്കിടയിലും വർധിക്കുമ്പോൾ കായിക മത്സരങ്ങളുടെയും കായിക വിനോദങ്ങളുടെയും നല്ല ലഹരിയിലേക്ക് പുതുതലമുറയെ നയിക്കുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. പെരുമ്പളത്തെ ജനങ്ങളുടെ പ്രാദേശിക ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ സഹായിക്കുന്ന കേന്ദ്രമാക്കി ഇതിനെ മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു.