
7.65 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്: പൊലീസിനെ വട്ടം ചുറ്റിക്കാൻ വിപിഎൻ വരെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിലെ പ്രതികൾ പ്രവർത്തിച്ചിരുന്നതു രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ (വിപിഎൻ) സൃഷ്ടിച്ച്. ഇരകളെ ബന്ധപ്പെടുന്ന ഇന്റർനെറ്റ് വിലാസം വഴി പൊലീസ് പിന്നാലെയെത്താതിരിക്കാനാണു വിപിഎൻ ഉപയോഗിച്ചത്. രാജ്യത്തു പലയിടങ്ങളിലായി കോടികളുടെ തട്ടിപ്പ് നടത്തിയ വലിയൊരു സംഘമാണ് ഇവരുടേതെന്നു പൊലീസ് അറിയിച്ചു. ഡോക്ടർ ദമ്പതികളെ ഓഹരി ട്രേഡിങ്ങിന്റെ പേരിലാണു കബളിപ്പിച്ചത്.
ഇതിനാവശ്യമായ സാങ്കേതികവിദ്യയും ഇലക്ട്രോണിക് ഉപകരണങ്ങളും എത്തിച്ചതും സജ്ജീകരിച്ചു നൽകിയതും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തയ്വാൻ സ്വദേശികളായ സുങ് മു ചീ (മാർക്ക്– 42), ചാങ് ഹോ യൻ (മാർക്കോ– 34), ജാർഖണ്ഡ് സ്വദേശി സെയ്ഫ് ഗുലാം ഹൈദർ (28) എന്നിവരാണെന്നു കണ്ടെത്തി. തട്ടിപ്പുസംഘത്തിലേക്ക് ആളെയെടുക്കാൻ ഇവർ റിക്രൂട്മെന്റും നടത്തിയിട്ടുണ്ട്. മറ്റെന്തോ ജോലിയാണെന്നു കരുതി അന്വേഷിച്ചെത്തുന്നവരിൽ നിന്നു സഹായികളെ കണ്ടെത്തും. അവരുടെ താമസസ്ഥലത്ത് ഹൈടെക് കംപ്യൂട്ടർ സംവിധാനങ്ങൾ സജ്ജമാക്കും. അവർ വഴി കൂടുതൽ ഇരകളെ വീഴ്ത്തും. സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട്, ഓഹരി ഇടപാടെന്നു വിശ്വസിപ്പിച്ചാണു പണം തട്ടിയിരുന്നത്.
വിപിഎൻ സൃഷ്ടിക്കുന്നതിൽ വിദഗ്ധനാണ് കഴിഞ്ഞ ദിവസം പിടിയിലായ മാർക്ക്. ഇയാൾ തയാറാക്കുന്ന നെറ്റ്വർക്കുകൾ ഹാർഡ്വെയറിൽ ഇൻസ്റ്റാൾ ചെയ്തു രാജ്യത്തിന്റെ പല ഭാഗങ്ങളിലെ തട്ടിപ്പുകാർക്ക് എത്തിച്ചു സജ്ജീകരിച്ചു നൽകിയിരുന്നതു സെയ്ഫ് ആണ്. മൊബൈൽ ഫോൺ ചാർജറിന്റെ മാത്രം വലുപ്പമുള്ള വിപിഎൻ ഉപകരണം മുഴുവൻ സമയവും വൈഫൈ വഴി ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്നു.ഇതേ കേസിൽ ബെംഗളൂരുവിൽ നിന്നു നേരത്തെ അറസ്റ്റിലായ ഭഗവൻ റാം പട്ടേലിനു കംപ്യൂട്ടർ സംവിധാനം സജ്ജമാക്കിയതും ഇവരാണെന്നു സംശയമുണ്ട്. സെയ്ഫ് സജ്ജീകരിച്ച 5 കംപ്യൂട്ടിങ് മെഷീനുകൾ ഉൾപ്പെടെ ഒട്ടേറെ ഉപകരണങ്ങളും 700ലേറെ മൊബൈൽ സിമ്മുകളും ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തിരുന്നു.
പ്രതികൾ കസ്റ്റഡിയിൽ
മറ്റൊരു ഓൺലൈൻ തട്ടിപ്പു കേസിൽ അറസ്റ്റിലായി ഗുജറാത്തിലെ സബർമതി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന 3 പ്രതികളെയാണു കഴിഞ്ഞ ദിവസം ജില്ലയിലെത്തിച്ചത്. ഇതിൽ രണ്ടു പേർ തയ്വാൻ സ്വദേശികളാണ്. ഇവരെ ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അവധിയിലായതിനാൽ ആലപ്പുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലാണു നിലവിൽ അന്വേഷണം.