ആലപ്പുഴ ∙ ബീച്ചിൽ ഇന്നു മുതൽ സ്വകാര്യ കമ്പനി കാർണിവൽ നടത്താനിരിക്കെ ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭ. അതേസമയം, മുൻകൂട്ടി അനുമതി വാങ്ങിയില്ലെങ്കിലും പിന്നീട് അനുമതി നൽകിയെന്നു തുറമുഖ അധികൃതർ.
നഗരസഭാ അധികാരികളുടെ ഒത്താശയോടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത കാർണിവൽ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി. ജില്ലാ ഭരണകൂടം, തുറമുഖ അതോറിറ്റി, ടൂറിസം പ്രമോഷൻ കൗൺസിൽ, നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി, നഗരസഭ എന്നിവയുടെ സഹകരണത്തോടെ ആണ് കാർണിവൽ നടത്തുന്നതെന്നു ഇതു സംഘടിപ്പിക്കുന്ന റെഡ് ഫോർ ഇവന്റ്സ് ആൻഡ് മീഡിയ ആലപ്പി എന്ന സ്ഥാപനത്തിന്റെ പാർട്നർ എസ്.ഷെമീർ പറഞ്ഞു.
ഇതിന് സമയം രേഖപ്പെടുത്താതെ അനുമതി ലഭിച്ചെന്നും കഴിഞ്ഞ 24 വർഷമായി ഉത്സവ സ്ഥലങ്ങളിലും മറ്റും കാർണിവൽ നടത്തി പരിചയമുണ്ടെന്നും ഷെമീർ പറഞ്ഞു.
ബീച്ചിൽ ഇന്നു തുടങ്ങുന്ന കാർണിവലിനു നഗരസഭയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഷെമീർ അവകാശപ്പെട്ടു. എന്നാൽ, കാർണിവൽ നടത്താൻ പോകുന്ന വിവരം അറിഞ്ഞതല്ലാതെ അപേക്ഷ നൽകിയിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും തുറമുഖം വകുപ്പിന്റെ അനുമതിയോടെ തുടങ്ങുന്നതും ആകാമെന്നു നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനീയർ പറഞ്ഞു.
മുൻകൂട്ടി അനുമതി വാങ്ങാതെയാണു ബീച്ചിൽ സാധന സാമഗ്രികൾ ലോറിയിൽ കൊണ്ടുവന്നു ഇറക്കിയതെന്നു തുറമുഖ ഓഫിസർ പറഞ്ഞു.
പിന്നീട് അനുമതി കൊടുത്തെങ്കിലും മുൻകൂട്ടി അനുമതി വാങ്ങാതിരുന്ന കാരണം ബോധിപ്പിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫിസർ പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സർക്കാർ ഭൂമിയിൽ അനധികൃത കാർണിവൽ നടത്തുന്നതെന്നു ബിജെപി ആലപ്പുഴ മേഖല സെക്രട്ടറി ജി.വിനോദ് കുമാർ പറഞ്ഞു.
അനധികൃത കാർണിവൽ സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നും വിനോദ് കുമാർ ആവശ്യപ്പെട്ടു. ആലപ്പി ബീച്ച് ക്ലബ് (എബിസി) ധനശേഖരണത്തിനായി മുൻപ് കാർണിവൽ നടത്താൻ അനുമതി ചോദിച്ചിട്ട് അധികൃതർ നൽകാതിരുന്നതിനെ തുടർന്നു ഭാരവാഹികൾക്ക് 5 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായും ഇപ്പോൾ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകി കൊള്ള നടത്താൻ അധികൃതർ കൂട്ടു നിൽക്കുകയാണെന്നും എബിസി ജനറൽ സെക്രട്ടറി സി.വി.മനോജ് കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]