
എടത്വ ∙ വെള്ളത്തിലൂടെ വാഹനയാത്ര ചെയ്യുന്നവർക്ക് കുഴിയിൽ വീഴാതിരിക്കാൻ അടയാളമായി വച്ചിരിക്കുന്നത് ഇവർക്കു മുൻപേ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്. എടത്വ വീയപുരം റോഡിലാണ് കുഴിക്കു മുകളിൽ കസേരയിൽ നമ്പർ പ്ലേറ്റ് വച്ചിരിക്കുന്നത്.
വെള്ളത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ നമ്പർ പ്ലേറ്റ് ഇളകുകയും, കുഴി അറിയാതെ അതിൽ വീഴുമ്പോൾ അടർന്നു പോകുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ നൂറിലേറെ നമ്പർ പ്ലേറ്റുകളാണ് ഓരോ വെള്ളപ്പൊക്കത്തിലും വാഹന ഉടമകൾക്ക് നഷ്ടമാകുന്നത്.
പിന്നീട് വീണ്ടും പുതിയത് വച്ചാൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനാൽ വീണ്ടും കാശു മുടക്കി ഇത് വയ്ക്കണം.
വെള്ളത്തിൽ ഓടിക്കുമ്പോൾ വാഹനത്തിന് ഉണ്ടാകുന്ന അറ്റകുറ്റപ്പണിക്കു പിന്നാലെ നമ്പർ പ്ലേറ്റ് കൂടി പുതിയതായി പിടിപ്പിക്കേണ്ട സ്ഥിതിയാണ്.
റോഡിലെ കുഴിയാണ് ഇതിനെല്ലാം കാരണമായി പറയുന്നത്.
എടത്വ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി.ജോസഫാണ് വെള്ളത്തിൽ വീണു കിടക്കുന്ന നമ്പർപ്ലേറ്റുകൾ ശേഖരിച്ച് മുന്നറിയിപ്പായി വച്ചിരിക്കുന്നത്. മുട്ടാർ കിടങ്ങറ റോഡിലും ഇത്തരത്തിൽ ഒട്ടേറെ നമ്പർ പ്ലേറ്റുകൾ കിടക്കുന്നുണ്ട്.
യാത്രക്കാർ എടുത്ത് സമീപത്തെ ഉയർന്ന സ്ഥലത്ത് വയ്ക്കും. തിരക്കി വന്നാൽ എടുക്കട്ടെ എന്നു കരുതിയും വെള്ളത്തിലൂടെ നീന്തുന്നവർക്ക് കാലിൽ തട്ടി മുറിയാതിരിക്കാനുമാണ് ഇങ്ങനെ വയ്ക്കുന്നതെന്നു പി.സി.ജോസഫ് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]