
ചേർത്തല ∙ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ മൊബൈൽ ഫോൺ കഴിഞ്ഞ ഡിസംബർ 23 മുതൽ 25 വരെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിരിക്കുന്ന ടവർ പരിധിയിൽ ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അതിനു ശേഷം ഫോൺ ഓഫായി.
ജനുവരി 5നു ഓണായപ്പോഴും അതേ ടവർ പരിധിയിലായിരുന്നു. ജൂലൈ 19ന് ഉച്ചയ്ക്ക് ഈരാറ്റുപേട്ടയിലെ മൊബൈൽ ഷോപ്പിൽ നിന്നു സെബാസ്റ്റ്യൻ ജെയ്നമ്മയുടെ ഫോൺ റീചാർജ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.ജെയ്നമ്മയെ കാണാതായ ഡിസംബർ 23ന് 25.5 ഗ്രാം തൂക്കമുള്ള, രണ്ടായി പൊട്ടിയ സ്വർണമാല ചേർത്തലയിലെ സഹകരണ സ്ഥാപനത്തിൽ 1,25,000 രൂപയ്ക്കു പണയം വയ്ക്കുകയും 24നു സ്വർണവള ഉൾപ്പെടെ ചേർത്തലയിലെ മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ വിറ്റെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
23നു തന്നെ ജെയ്നമ്മ കൊല്ലപ്പെട്ടിരിക്കാമെന്നാണു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. സെബാസ്റ്റ്യന്റെ വീടും പരിസരവും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും
ആലപ്പുഴ∙ ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സംശയത്തിലുള്ള സി.എം.സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടും പരിസരവും ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ യൂണിറ്റ് പരിശോധിക്കും.
ഇതിനു ചേർത്തല കോടതിയിൽ നിന്ന് അനുമതി കിട്ടി. കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് ഇന്നു സെബാസ്റ്റ്യന്റെ വീട്ടിലും പരിസരത്തും നടത്തുന്ന രണ്ടാമത്തെ പരിശോധനയിലും ആലപ്പുഴ യൂണിറ്റ് പങ്കെടുക്കും.
ഇയാളുടെ വീട്ടുവളപ്പിൽ നിന്നു കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
സെബാസ്റ്റ്യനുമായി പരിചയമുണ്ടായിരുന്ന ഐഷയുടെ 2012ലെ തിരോധാനം സംബന്ധിച്ച അന്വേഷണവും പുതിയ സംഭവങ്ങളെത്തുടർന്നു സജീവമായി. പുനരന്വേഷണ ആവശ്യവും ഉയർന്നിട്ടുണ്ട്.ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷയെ കാണാതായതിലും സെബാസ്റ്റ്യനു ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു.
ഐഷ സമീപവാസിയുടെ 5 സെന്റ് സ്ഥലം വാങ്ങിയതിൽ സെബാസ്റ്റ്യൻ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. 2012 മേയ് 13നാണ് ഐഷയെ കാണാതായത്. ബാങ്കിൽ പോകുന്നെന്നു പറഞ്ഞാണു വീട്ടിൽനിന്നു പോയത്.
ബന്ധുക്കൾ ചേർത്തല പൊലീസിൽ നൽകിയ പരാതിയിലുള്ള അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല.
കള്ളം പറഞ്ഞും ചെയ്തും
ചേർത്തല∙ ബിന്ദു പത്മനാഭന്റെ തിരോധാനം സംബന്ധിച്ചു സംശയിക്കപ്പെടുന്ന സെബാസ്റ്റ്യൻ ബിന്ദുവിന്റെ സഹോദരനോടും പൊലീസിനോടും പറഞ്ഞതു പലതും കള്ളമാണെന്നു തെളിഞ്ഞു. ബിന്ദുവിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഇയാൾ കൃത്രിമങ്ങൾ നടത്തിയെന്നും പിന്നീടു വ്യക്തമായി.
കൃത്രിമം കാട്ടി ബിന്ദുവിന്റെ എറണാകുളത്തെ സ്ഥലം വിറ്റപ്പോഴാണു മുൻപു റിമാൻഡിലായത്.സഹോദരനു കൂടി അവകാശപ്പെട്ട സ്വത്തുക്കൾ ബിന്ദു വർഷങ്ങൾക്കു മുൻപു സ്വന്തം പേരിലാക്കിയിരുന്നു.
ഇതിലും സെബാസ്റ്റ്യൻ സഹായിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പിതാവ് ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മ നിവാസിൽ പരേതനായ പത്മനാഭ പിള്ള മക്കളായ ബിന്ദുവിനും പ്രവീണിനും ഒരുമിച്ചാണു സ്വത്തുക്കൾ എഴുതിവച്ചത്.
എന്നാൽ, പിന്നീട് ഇവ പൂർണമായും ബിന്ദുവിന്റെ പേരിലാക്കിയിരുന്നു.
വ്യാജ വിൽപത്രം ഉപയോഗിച്ചാണ് ഇങ്ങനെ മാറ്റിയതെന്നു പൊലീസ് പറയുന്നു. വിദേശത്തായിരുന്ന പ്രവീൺ പരാതിയൊന്നും നൽകിയില്ല.
പ്രവീൺ തന്നെ ശല്യം ചെയ്യരുതെന്നു കാണിച്ചു ബിന്ദു കോടതിയിൽനിന്നു നോട്ടിസ് അയപ്പിക്കുകയും ചെയ്തു. അപ്പോഴെല്ലാം സെബാസ്റ്റ്യനായിരുന്നു സഹായി.ബിന്ദുവിനെ കാണാതായ ശേഷം അവരുടെ എറണാകുളത്തെ ഭൂമി വിറ്റതായി കേട്ടറിഞ്ഞാണു പ്രവീൺ പൊലീസിൽ പരാതി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ബിന്ദുവിന്റെ സ്വത്തുക്കൾ 6 വർഷം മുൻപു വ്യാജ മുക്ത്യാർ ഉണ്ടാക്കി, ഇവ കൈകാര്യം ചെയ്യാൻ സെബാസ്റ്റ്യനെ അധികാരപ്പെടുത്തിയതെന്നു കണ്ടെത്തിയത്. ബിന്ദുവിന്റേതായി വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
തുടർന്ന് സെബാസ്റ്റ്യൻ അറസ്റ്റിലായി. ബിന്ദുവിന് എന്തു സംഭവിച്ചു എന്നത് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സജീവമാകുന്നു ഐഷ കേസും
ജെയ്നമ്മയുടെയും ബിന്ദു പത്മനാഭന്റെയും തിരോധാനത്തെപ്പറ്റിയുള്ള അന്വേഷണം വീണ്ടും സജീവമായതോടെ ഐഷയെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നു.
2 മാസം മുൻപും പൊലീസ് ഐഷയുടെ മകനെ വിളിച്ചു വിവരങ്ങൾ ചോദിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പല തവണ ക്രൈംബാഞ്ച് ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നെന്നു മക്കൾ പറഞ്ഞു.
ചില സ്ഥലങ്ങളിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ അതു പരിശോധിക്കാനും വിളിപ്പിച്ചിരുന്നു. സെബാസ്റ്റ്യനുമായി സ്ഥലത്തിന്റെ കാര്യത്തിൽ ഐഷ ബന്ധപ്പെട്ടിരുന്നോയെന്ന് അറിയില്ലെന്നും മക്കൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]