
കിഴിവില്ലാത്ത ദുരിതം; നെഞ്ചു പൊള്ളുന്ന കർഷകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ പൊള്ളുന്ന വെയിലിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി 77ാം വയസ്സിലും നെല്ലുണക്കുകയാണു കർഷകയായ ജാനമ്മ ഗംഗാധരൻ. തൈപ്പറമ്പ് വടക്കു ഭാഗത്ത് എട്ടു പറ കണ്ടം പാട്ടത്തിനെടുത്താണ് ജാനമ്മയും മകനും കൃഷിയിറക്കിയത്. ഒരാഴ്ച മുൻപ് കൊയ്തുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ എല്ലാം തകിടം മറിഞ്ഞു, നെല്ലിനു നനവ് തട്ടിയാൽ മില്ലുകാർ അമിതമായ കിഴിവു ചോദിക്കുമെന്നതാണ് ജാനമ്മയെപ്പോലെ പല കർഷകരുടെയും വേവലാതി. 2 മുതൽ 7 കിലോ വരെയാണ് പലരും ക്വിന്റലിനു കിഴിവു ചോദിക്കുന്നതെന്നു കർഷകർ പറയുന്നു.
തൈപ്പറമ്പ് വടക്കു ഭാഗത്തെ പാടശേഖരത്തിൽ വഴിയോരത്ത് നട്ടുച്ച വെയിലിൽ നിലത്തിരുന്നു നെല്ലുണക്കുന്ന ജാനമ്മ പറയുന്നതിങ്ങനെ : ‘സ്വന്തം കുഞ്ഞിനെപ്പോലെയാണു ഞാനീ കൃഷി നോക്കിയത്, അക്കൗണ്ടിൽ പണം ലഭിക്കുന്നതു വരെ ഉള്ളിൽ ഒരു നീറ്റലാ’. രാവിലെ 7ന് വീട്ടിൽ നിന്നിറങ്ങുന്ന ജാനമ്മ പകലന്തിയോളം നെല്ലുണക്കി പാടത്തുണ്ടാകും. വെളിയനാട് 7ാം വാർഡിലാണ് ജാനമ്മ താമസിക്കുന്നത്. കർഷകനായിരുന്ന ഭർത്താവ് 2012ൽ മരിച്ചു ഏക മകൻ അവിവാഹിതനാണ്. ഇരുവരും ചേർന്നാണ് വർഷങ്ങളായി കൃഷി നടത്തുന്നത്.
പാട്ടക്കൂലി, 3 തരം വളം, മെഷീനുകളുടെ വാടക, തൊഴിലാളികളുടെ കൂലി, എന്നിവയ്ക്കായി കടം വാങ്ങിയും പട്ടിണി കിടന്നുമാണ് ഇടത്തരം കർഷകർ വയലിൽ കൃഷിയിറക്കുന്നത്. കിഴിവു പറഞ്ഞുള്ള വിലപേശലിൽ വലയുന്ന കർഷകർക്കിടയിൽ ദുരിതമനുഭവിക്കുന്നത് ജാനമ്മയെപ്പോലെ ചെറുകിട കൃഷിക്കാരാണ്. സ്വർണം പോലെ കിടക്കുന്ന നെല്ലിനു അമിതമായ കിഴിവു ചോദിക്കുന്നവർ തങ്ങളുടെ ജീവിതത്തിനാണു വില പറയുന്നതെന്ന് ഇവർ സങ്കടത്തോടെ പറയുന്നു.