
ആലപ്പുഴയുടെ ടൂറിസം വികസനത്തിന് 93 കോടിയുടെ കേന്ദ്രാനുമതി; വികസന സ്വപ്നങ്ങൾക്ക് ചിറകുവിരിയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ആലപ്പുഴ∙ സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചത് ആലപ്പുഴയുടെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകും. ഇതോടെ 93.17 കോടി രൂപയുടെ വികസനം ആലപ്പുഴ നഗരത്തിനു ലഭിക്കും. നഗരത്തിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചു സാഹസിക വിനോദങ്ങൾ, ബീച്ചിന്റെ സൗന്ദര്യവൽക്കരണം, പുന്നമട മുതൽ ബീച്ച് വരെ ടൂറിസം ഡിസ്ട്രിക്ട് എന്നിവ ഒരുക്കി രാജ്യാന്തര നിലവാരത്തിലേക്ക് ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയെ വളർത്തുന്ന പദ്ധതിയാണ് ‘ആലപ്പുഴ: എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’. നഗരത്തിലെ മൂന്നു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പുന്നമട കായൽ, ബീച്ച്, കനാലുകൾ എന്നിവിടങ്ങളിലാണ് സ്വദേശ് ദർശൻ 2.0 പ്രകാരമുള്ള വികസന പദ്ധതി ഒരുങ്ങുന്നത്.
പുന്നമടയിലെ ക്രൂസ് ടെർമിനൽ
പുന്നമട കായൽ തീരത്ത് രാജ്യാന്തര ക്രൂസ് ടെർമിനൽ സാംസ്കാരിക കേന്ദ്രം, ജല സാഹസിക വിനോദങ്ങൾ. നഗരത്തിലെ കനാലിന്റെ വശങ്ങളിലായി ഇരിപ്പിടങ്ങൾ, ലൈറ്റിങ് സംവിധാനങ്ങൾ, കഫേകൾ, ബോട്ട് സർവീസുകൾ, ഫ്ലോട്ടിങ് റസ്റ്ററന്റ്, മാർക്കറ്റ്, ബോട്ട് ജെട്ടി എന്നിവ ഒരുങ്ങും. ബീച്ചിന്റെ സമ്പൂർണ വികസനം ലക്ഷ്യമിടുന്ന പദ്ധതിയിൽ സാംസ്കാരിക കേന്ദ്രം, നടപ്പാത, ഇരിപ്പിടങ്ങൾ, വിളക്കുകൾ എന്നിവ സ്ഥാപിച്ച് സൗന്ദര്യവൽക്കരിക്കും. ഇവയ്ക്കു പുറമേ നഗരത്തിൽ എത്തുന്ന സഞ്ചാരികൾക്കായി പാർക്കിങ് സൗകര്യം, പിക്കപ് ആൻഡ് ഡ്രോപ് ഓഫ് എന്നിവയ്ക്കായി ഷട്ടിൽ സർവീസുകൾ, ബഹുഭാഷാ ഓൺലൈൻ ടിക്കറ്റ് പോർട്ടൽ, പരാതിപരിഹാരത്തിന് എഐ ചാറ്റ് ബോട്ടുകൾ, വിവിധ ഭാഷകളിലുള്ള ദിശാബോർഡുകൾ എന്നിവ സജ്ജമാകും.
കൂടാതെ സഞ്ചാരികൾക്കായി ടിക്കറ്റ് ബുക്കിങ് കിയോസ്ക്കുകൾ, ക്യൂ ആർ കോഡ് സ്കാനിങ് സൗകര്യം, വിദേശ സഞ്ചാരികൾക്കായി ഓഡിയോ– വിഡിയോ ടൂർ ഗൈഡിങ്, സുരക്ഷാ– നിരീക്ഷണ സംവിധാനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ്, ആലപ്പുഴ കനാൽ മാനേജ്മെന്റ് സൊസൈറ്റി, സംസ്ഥാന മാരിടൈം ബോർഡ് എന്നിവരുടെ കൈവശമുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുമെന്നും 2026 മാർച്ചിൽ നിർമാണം പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ ആദ്യ ടൂറിസം ഡിസ്ട്രിക്ട്
പുന്നമട മുതൽ ബീച്ച് വരെയുള്ള 12 കിലോമീറ്ററോളം ദൂരം കായലിനെയും കനാലുകളെയും കടലിനെയും ബന്ധിപ്പിച്ചുള്ള പ്രത്യേക വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്. സഞ്ചാരികൾക്കായി സമാന സ്വഭാവമുള്ള കേന്ദ്രങ്ങളെ കോർത്തിണക്കി ഒരുക്കുന്നതാണ് ടൂറിസം ഡിസ്ട്രിക്ട്. പുന്നമട കായലിൽ ജല സാഹസിക വിനോദങ്ങളും ക്രൂസ് ടെർമിനലും ഒരുക്കും. കനാലുകൾ സൗന്ദര്യവൽകരിച്ചു ഫ്ലോട്ടിങ് റസ്റ്ററന്റ്, വശങ്ങളിലായി ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കും. ബീച്ചിന്റെ സമ്പൂർണ വികസനവും പദ്ധതി ലക്ഷ്യമിടുന്നു. ടൂറിസത്തിനായി പ്രത്യേക മേഖല നിലവിൽ വരുന്നതോടെ നഗരത്തിൽ നൈറ്റ് ലൈഫും സജീവമാകും.