കാഞ്ഞങ്ങാട് ∙ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളെ ‘ഊര്’ എന്നു വിളിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഇതിന് തയാറല്ലെങ്കിൽ കണ്ണൂർ, പയ്യന്നൂർ പോലുള്ള സ്ഥലനാമങ്ങളും മാറ്റണമെന്നും കേരള ഗോത്രവർഗ കമ്മിഷന് തായന്നൂർ എണ്ണപ്പാറ കോളനിയിലെ ഊരുമൂപ്പൻ രമേശൻ മലയാറ്റുകരയുടെ പരാതി. കോളനി, സങ്കേതം, ഊര് തുടങ്ങിയ പേരുകൾക്കു പകരം നഗർ, പ്രകൃതി, ഉന്നതി എന്നീ പേരുകളിലൊന്ന് ഊരുകൂട്ട
തീരുമാനത്തോടെ അംഗീകരിക്കാമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു.
‘കോളനി’ നിരോധിക്കുന്നതിന് ആദിവാസികൾ അനുകൂലമാണ്. കോളനി പോലെ നെഗറ്റീവ് അർഥം വരുന്ന വാക്കല്ല ഊര്, ആദിവാസി സംസ്കാരവുമായി ബന്ധപ്പെട്ട
പദമാണത്. പല ആദിവാസി വിഭാഗങ്ങളും വീടിനെ ‘ഊര്’ എന്നാണ് പറയുന്നത്. ഈ പദം ഒഴിവാക്കുന്നതിലൂടെ ആദിവാസികളുടെ ഭാഷയെക്കൂടിയാണ് നിരോധിക്കുന്നത്.
ഇതു മനുഷ്യാവകാശ ലംഘനമാണ്.ആദിവാസി ഭരണ സംവിധാനങ്ങളാണ് ഊരുകൂട്ടവും ഊരുമൂപ്പനും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഊരുകൂട്ട
സംവിധാനത്തെ സർക്കാർ ഔദ്യോഗികമാക്കിയത് ഇതിനെ ശക്തിപ്പെടുത്താനാണ്.
ഊര് എന്ന പദം നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഊരുകൂട്ടങ്ങളുടെ അഭിപ്രായം തേടാതെ ‘ഉന്നതി’ എന്ന ആദിവാസികളെ കളിയാക്കുന്ന പദം ഉപയോഗിക്കുന്നത് നിർത്തണമെന്നും പരാതിയിൽ പറയുന്നു.‘ഊര്’ നിരോധനം പിൻവലിക്കാത്തപക്ഷം കണ്ണൂർ, കൊടുങ്ങല്ലൂർ, പയ്യന്നൂർ, തൃശൂർ, കിനാനൂർ, ബേളൂർ, ബെള്ളൂർ, തായന്നൂർ, അന്നൂർ തുടങ്ങി ‘ഊര്’ വരുന്ന മുഴുവൻ സ്ഥലനാമങ്ങളും മാറ്റാൻ നടപടി വേണമെന്നും പരാതിയിലുണ്ട്. പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന പരിപാടികൾ ഊരുത്സവം എന്ന പദം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]