പെരിയ ∙ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള പുല്ലൂർ പെരിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ സി.കെ.സബിത പ്രസിഡന്റായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം വി.കെ.നളിനിയുടെ വോട്ട് അസാധുവായതിനെത്തുടർന്നു യുഡിഎഫിലെ എം.കെ.ബാബുരാജ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനാർഥികളാരെന്നതിനെച്ചൊല്ലി കോൺഗ്രസിലെ തർക്കത്തെത്തുടർന്ന് യുഡിഎഫ് അംഗങ്ങൾ എത്താത്തതിനാൽ ക്വോറമില്ലാതായതോടെ ശനിയാഴ്ച നടക്കേണ്ട തിരഞ്ഞെടുപ്പ് ഇന്നലെ നടത്തുകയായിരുന്നു.
19 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ്–9, എൽഡിഎഫ്–9, എൻഡിഎ–1 എന്നിങ്ങനെയാണ് കക്ഷിനില.
എൻഡിഎ അംഗം എ.സന്തോഷ്കുമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഉഷ എൻ.നായർക്കും എൽഡിഎഫിലെ സി.കെ.സബിതയ്ക്കും 9 വീതം വോട്ടുകൾ ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.കെ.സബിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഉച്ചതിരിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13–ാം വാർഡ് അംഗം എൽഡിഎഫിലെ വി.കെ.നളിനിയുടെ വോട്ട് അസാധുവായതോടെ എട്ടിനെതിരെ 9 വോട്ടുകൾ നേടിയ യുഡിഎഫിലെ എം.കെ.ബാബുരാജ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എൽഡിഎഫിലെ മുതിർന്ന അംഗം എ.കൃഷ്ണനെയാണ് ബാബുരാജ് പരാജയപ്പെടുത്തിയത്. ബാലറ്റ് പേപ്പറിൽ വി.കെ.നളിനി ഒപ്പിടാത്തതാണ് വോട്ട് അസാധുവാകാൻ കാരണം.
കെപിസിസി നിരീക്ഷകനായി എത്തിയ സജീവ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച നടത്തിയ ചർച്ചയിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളാകാൻ ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് അംഗങ്ങളെ അനുനയിപ്പിച്ചത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.സബിതയെ സ്വീകരിച്ച് എൽഡിഎഫ് പ്രവർത്തകരും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
എം.കെ.ബാബുരാജിനെ സ്വീകരിച്ച് യുഡിഎഫ് പ്രവർത്തകരും ചാലിങ്കാലിൽ പ്രകടനം നടത്തി.എൽഡിഎഫ് പ്രകടനത്തിന് നേതാക്കളായ വി.വി.രമേശൻ, കെ.രാജ്മോഹനൻ, പി.കെ.നിഷാന്ത്, കെ.വി.കൃഷ്ണൻ, സി.കെ.ബാബുരാജ്, ഷാജി എടമുണ്ട എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് പ്രകടനത്തിന് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, നേതാക്കളായ ധന്യ സുരേഷ്, കെ.വി.ഗോപാലൻ, രാജൻ അരീക്കര, കെ.ആർ.കാർത്തികേയൻ, ടി.രാമകൃഷ്ണൻ, സി.കെ.അരവിന്ദൻ, മുസ്തഫ പാറപ്പള്ളി, ബി.എം.ഷാഫി എന്നിവർ നേതൃത്വം നൽകി.
അംഗബലം തുല്യമായിരുന്നിട്ടും ഉച്ചതിരിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലേക്കു പോകാതെ തന്നെ വിജയിക്കാൻ കഴിഞ്ഞത് യുഡിഎഫിന് ആഹ്ലാദിക്കാൻ വക നൽകി. വൈസ് പ്രസിഡന്റായതിലൂടെ ധനകാര്യ സ്ഥിരസമിതി അധ്യക്ഷപദവി ഉറപ്പിച്ച യുഡിഎഫ് മറ്റു പ്രധാനപ്പെട്ട
സ്ഥിരസമിതികളുടെ അധ്യക്ഷ സ്ഥാനവും നേടാനാകുമെന്ന പ്രതീക്ഷയിലാണ്.
സിപിഎം – കോൺഗ്രസ് അന്തർധാരയെന്ന് ബിജെപി
പുല്ലൂർ പെരിയ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം – കോൺഗ്രസ് അന്തർധാരയെന്ന് ബിജെപി പുല്ലൂർ പെരിയ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസിലെ എം.കെ.ബാബുരാജിനെ സിപിഎം അംഗം നളിനി വോട്ട് അസാധുവാക്കി ജയിപ്പിക്കുകയായിരുന്നുവെന്ന് കമ്മിറ്റി ആരോപിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്തിലെ ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച ബിജെപി മെംബർ വിട്ടുനിന്നതിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ബിജെപി –കോൺഗ്രസ് അന്തർധാര ആരോപിച്ചിരുന്നു. ഇതിനെതിരെ കൂടിയാണ് ബിജെപി രംഗത്തെത്തിയത്.
സി.കെ.സബിത(41)
അമ്പലത്തറ മീങ്ങോത്ത് കോളിത്തടം സ്വദേശി.
അമ്പലത്തറ വാർഡിൽനിന്നു തുടർച്ചയായി രണ്ടാം തവണയും വിജയിച്ചാണ് പ്രസിഡന്റാകുന്നത്. സിപിഎം അമ്പലത്തറ ലോക്കൽ സെക്രട്ടറിയായിരുന്നു. എളേരിത്തട്ട് കോളജ് യൂണിയൻ ചെയർപഴ്സനായും എംജി യൂണിവേഴ്സിറ്റി വൈക്കം ബിഎഡ് സെന്റർ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം അമ്പലത്തറ ലോക്കൽ കമ്മിറ്റിയംഗം.
കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി. ഭർത്താവ്: ടി.മനോജ്കുമാർ (ദുബായ്). മക്കൾ: വിദ്യാർഥികളായ അനന്ത ഋഷിക്, പാർവണേന്ദു.
എം.കെ.ബാബുരാജ് (54)
കല്യോട്ട് വാർഡിൽ നിന്നു വിജയിച്ചു.
2005–10 കാലയളവിൽ പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം. കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ.
പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും കോൺഗ്രസിന്റെയും നിയമ പോരാട്ടത്തിനു നേതൃത്വം നൽകി. കോൺഗ്രസ് പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റ്, ഉദുമ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ യുഡിഎഫ് ഉദുമ നിയോജകമണ്ഡലം ലെയ്സൺ കമ്മിറ്റി അംഗം. ഭാര്യ: നിഷ (ചാലിങ്കാൽ വനിതാ സർവീസ് സഹകരണ സംഘം).
മക്കൾ: വിദ്യാർഥികളായ അഭിറാം, അഭിശ്രീ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

