കാഞ്ഞങ്ങാട് ∙ മഹാകവി ടി.എസ്.തിരുമുമ്പിന്റെ കാർമികത്വത്തിൽ 6 പതിറ്റാണ്ട് മുൻപ് തുടക്കമിട്ട ദേവീ ഭാഗവത നവാഹ യജ്ഞം ഇത്തവണയും നാടിന് ഊർജവും ഉണർന്നും പകർന്ന് വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതികാവിൽ പൂർത്തിയാക്കി സമാപനത്തിലേക്ക്.
ആദ്യ നവാഹ യജ്ഞത്തിന് വേദിയായ ഇവിടെ മറ്റൊരു നവാഹ യജ്ഞം കൂടി സമർപ്പണ ഘട്ടത്തിലെത്തിയതിന്റെ നിർവൃതിയിലാണ് ഭക്തരും സംഘാടകരും.
ഇക്കുറി സംസ്കൃത ഭാഷയിലുള്ള മൂലഗ്രന്ഥമാണ് പാരായണം ചെയ്ത് വിശദീകരിച്ചത്. മൂലഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ടി.എസ്.തിരുമുമ്പ് ഇതേ ഗ്രന്ഥം ആധാരമാക്കിയാണ് ഇവിടെ ആദ്യ യജ്ഞം നടത്തിയിരുന്നത്.
തിരുവനന്തപുരം ഗവ. സംസ്കൃത കോളജ് റിട്ട.പ്രിൻസിപ്പലും പണ്ഡിതനുമായ ഡോ.
കെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. കാസർകോട് കുരുദപ്പടവ് സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഇദ്ദേഹം പയ്യന്നൂർ കൈതപ്രം സ്വദേശിയാണ്.
തിരുവനന്തപുരം ജില്ലയിലെ ഉള്ളൂരിലാണ് കുടുംബസമേതം താമസം.
ഉപാചാര്യന്മാരായ മാടമന ശങ്കരനാരായണൻ നമ്പൂതിരി, കോറമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, മധുലാൽ കൈതപ്രം എന്നിവർക്കൊപ്പം വെള്ളിക്കോത്ത് സ്വദേശി പുറവങ്കര സുധാകരൻ നായരും യജ്ഞ വേദിയിൽ പാരായണത്തിൽ പങ്കുചേർന്നു. ഗണപതി ഹോമത്തോടെ തുടങ്ങി ഓരോ ദിവസത്തെയും യജ്ഞ സമാപനത്തിൽ കാവിൽ സവിശേഷമായ നിറമാല, രാവിലെ മുതൽ ലളിതാ സഹസ്രനാമജപം, ഗ്രന്ഥപൂജ, ഉച്ചപ്പൂജ, ദീപാരാധന എന്നിവയുമുണ്ടായി.
ആയിരങ്ങൾക്ക് ഉച്ചഭക്ഷണമുൾപ്പെടെ ഒരുക്കാൻ ഭക്ഷണ കമ്മിറ്റിയും വൊളന്റിയർമാരും ശ്രദ്ധിച്ചു.
അഷ്ടദ്രവ്യ മഹാഗണപതി ഹോമമാണ് സമാപന ദിവസത്തെ വിശേഷാൽ പൂജ. രാവിലെ 10ന് തുളസി പൂജ, ഗായത്രി സഹസ്രനാമാർച്ചന, 11ന് കലശപൂജ, അഭിഷേകം, മഹാമംഗളാരതി എന്നിവയുണ്ടാകും.
11.30 ന് യജ്ഞ സമർപ്പണം, തുടർന്ന് യജ്ഞ പ്രസാദവിതരണം. ഉച്ചപൂജയ്ക്ക് ശേഷം അന്നദാനവുമുണ്ടാകും. നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ മൂന്ന് ദിവസങ്ങളിലും രാത്രി നിറമാല പൂജയുണ്ടാകും.
സംഘാടക സമിതി ചെയർമാൻ പി.നാരായണൻകുട്ടി നായർ, ജനറൽ കൺവീനർ കെ.കൃഷ്ണൻ, ട്രഷറർ കെ.കൃഷ്ണൻ, ക്ഷേത്രം പ്രസിഡന്റ് പി.ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് ടി.യശോദ അമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് യജ്ഞ നടത്തിപ്പ്.
6 പതിറ്റാണ്ടായി മുടങ്ങാത്ത സാന്നിധ്യം
വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ 60 വർഷം മുൻപ് ടി.എസ്.തിരുമുമ്പ് നടത്തിയ ആദ്യ നവാഹ യജ്ഞത്തിൽ പൂർണ സമയം പങ്കെടുത്ത വെള്ളിക്കോത്ത് വിജയ നിലയത്തിലെ പുറവങ്കര ഇന്ദിരയമ്മ ഇക്കുറിയും യജ്ഞശാലയിൽ മുഴുവൻ സമയ സാന്നിധ്യമാണ്. കവിയും വിപ്ലവകാരിയുമായിരുന്ന മഹാകവി ടി.എസ്.തിരുമുമ്പിന്റെ ശ്രീമദ് ദേവീ ഭാഗവത വ്യാഖ്യാന ഗ്രന്ഥത്തിന്റെ ആദ്യകോപ്പിയും ഇവർ നിധി പോലെ സൂക്ഷിക്കുന്നുണ്ട്.
പുസ്തകം പ്രസിദ്ധീകരിച്ചയുടൻ ആദ്യ കോപ്പിയുമായി ഉദിനൂരിലെ വീട്ടിൽ നേരിട്ടെത്തിയ തിരുമുമ്പ് ഇന്ദിരയമ്മയുടെ ഭർത്താവ് സി.എം.പത്മനാഭൻ നായർക്ക് സമ്മാനിച്ചതാണ് ഈ ഗ്രന്ഥം.ആദ്യം പട്ടാളത്തിലും പിന്നീട് രാഷ്ട്രീയത്തിലും സേവനമനുഷ്ഠിച്ച സി.എം.പത്മനാഭൻ നായർ ആദ്യ യജ്ഞത്തിന്റെ സംഘാടനത്തിനും ചുക്കാൻ പിടിച്ചിരുന്നു.
അന്നത്തെ യജ്ഞം അവസാനിച്ച ശേഷം ഈ പുസ്തകം ഇന്ദിരയമ്മയുടെ നിത്യപാരായണ ഗ്രന്ഥങ്ങളിലൊന്നായി.
1978ൽ ഭർത്താവ് മരിച്ചതിനു ശേഷം ഭർത്താവിന്റെ കൂടി ഓർമകൾ ഉള്ള ഈ ഗ്രന്ഥം ഇവർ നിധി പോലെ സൂക്ഷിച്ചുവന്നു. പേജുകൾ വേർപെട്ടു തുടങ്ങിയെങ്കിലും ഇതേ പുസ്തകം പൂജാമുറിയിൽ സൂക്ഷിച്ച് ഇന്നും നിത്യപാരായണത്തിനെടുക്കുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]