മധൂർ ∙ നിർത്താതെ പെയ്യുന്ന മഴയിൽ മധുവാഹിനി കവിഞ്ഞൊഴുകി മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം നാലുഭാഗത്തും വെള്ളക്കെട്ടിലായി. നിറപുത്തരി ഉത്സവമായ ഇന്നലെ രാവിലെ 6 മണിയോടെയാണ് നാലടിയോളം വെള്ളം കയറിയത്.
തുടർന്നും വെള്ളം കയറിയെങ്കിലും നിറപുത്തരി ചടങ്ങുകൾ മുടങ്ങാതെ നടന്നു.
മഴയും വെള്ളക്കെട്ടും കാരണം പതിവുപോലെയുള്ള ജനം കുറവായിരുന്നുവെങ്കിലും രണ്ടായിരത്തോളം പേർക്ക് പുത്തരിസദ്യ നൽകി. ചിങ്ങത്തിലെ ചോതി നക്ഷത്രനാളിലാണു മധൂർ ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവം.
തന്ത്രി ഉളിയ വിഷ്ണു ആസ്ര, മേൽശാന്തി പി.കെ.ധനഞ്ജയഭട്ട് എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 7 മണിയോടെ ഗണപതി ഹോമത്തോടെയായിരുന്നു നിറപുത്തരി ചടങ്ങുകൾക്കു തുടക്കമായത്.
തന്ത്രിയും പരിവാരങ്ങളും ഉത്സവത്തിടമ്പ് വഹിച്ചു വാദ്യമേളത്തിന്റെ അകമ്പടിയോടെ മുട്ടോളം വെള്ളത്തിൽ ക്ഷേത്ര പ്രദക്ഷിണംവച്ച് കിഴക്കുഭാഗത്ത് മധുവാഹിനിത്തോടു കടന്നുള്ള വയലിൽ പ്രാർഥന നടത്തി വിത്തുവിതറി. ഇതിൽ ശേഷിച്ച നെല്ല് തന്ത്രിയും പരിവാരങ്ങളും ഉത്സവത്തിടമ്പുമായി ശ്രീകോവിലിൽ എത്തിയശേഷം ഭക്തർക്കു പ്രസാദമായി നൽകി.
പിന്നീട് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തു വയലിൽ അരയാൽത്തറയിൽനിന്നു ക്ഷേത്ര അവകാശികളായ വിവിധ സമുദായ പ്രതിനിധികൾ സമർപ്പിച്ച നെൽക്കതിർ മേൽശാന്തി ഏറ്റുവാങ്ങി തലയിൽവച്ചു ശ്രീകോവിലിൽ കൊണ്ടുവന്നു.
ധാന്യ ലക്ഷ്മി പൂജ നടത്തിയശേഷം ശ്രീകോവിലുകളിൽ ഉത്തരത്തിൽ കതിർ കെട്ടി.
അത്തി, ഇത്തി, ആൽ, അരയാൽ, പൊലിവള്ളി, നെല്ലി, മാവ്, പ്ലാവ്, ദശ പുഷ്പങ്ങൾ എന്നിവയുമായി ചേർത്താണ് കതിർ കെട്ടിയത്. ക്ഷേത്ര സന്നിധിയിൽ എല്ലാവർക്കും പ്രസാദമായി നെൽക്കതിർ നൽകി.
പുതിയ അരികൊണ്ടുള്ള നിവേദ്യം ദേവനു സമർപ്പിച്ചു. പൂജകൾക്കുശേഷം ഭക്തജനങ്ങൾക്കു പുത്തരിസദ്യ വിളമ്പി.
ക്ഷേത്രം രാവിലെ നാലടിയോളം വെള്ളക്കെട്ടിൽ ആയിരുന്നുവെങ്കിലും ഉച്ചയോടെ ഒരടിയോളം താഴ്ന്നിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞു മഴ വീണ്ടും ഇടവിട്ടു കനത്തു പെയ്തുതുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]