കാഞ്ഞങ്ങാട്∙ നീണ്ടുനിൽക്കുന്ന ചുമ, കഫക്കെട്ട്; ഇതിന് പുറമേ ശരീര വേദനയും ശക്തമായ പനിയും. വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ജില്ലയിൽ കുത്തനെ ഉയരുന്നു.
പനിക്ക് പുറമേ വില്ലനായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമായി പടരുന്നു. ജില്ലയിലെ പനിബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു.തിങ്കളാഴ്ച വരെയുള്ള കണക്കിൽ പനി ബാധിതരുടെ എണ്ണം 86,341 ആണ്.
ഈ മാസം മാത്രം 10,740 പേർ പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. തിങ്കളാഴ്ച മാത്രം 342 പേരാണ് ചികിത്സ തേടിയത്.മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണവും ജില്ലയിൽ കുത്തനെ കൂടുകയാണ്.
മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
എന്നാൽ ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കണക്കിൽ മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളുടെ കണക്ക് ലഭ്യമല്ല. കൂടുതൽ പേരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്കിടെ മരിക്കുന്നത്.
അതും കണക്കുകൾ ലഭ്യമാകുന്നതിനു തടസ്സമാകുന്നുണ്ട്. മലയോരമേഖലയിലും നഗരസഭാ പരിധിയിലുമാണ് മഞ്ഞപ്പിത്തം ഏറെ പടരുന്നത്.
ജില്ലയിൽ ഈ വർഷം 531 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ രോഗികളുടെ എണ്ണം 42 ആയിരുന്നു.
ജൂണിൽ 98 പേർക്കും ജൂലൈയിൽ 88 പേർക്കും രോഗം സ്ഥിരീകരിച്ചു.
മലിന ജലം, ഭക്ഷണം എന്നിവ വഴിയാണ് മഞ്ഞപ്പിത്തം പടരുന്നത്.ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ വർഷം 240 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ലക്ഷണങ്ങളോടെ 678 പേരും ചികിത്സ തേടി.ഈ മാസം മാത്രം 51 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 124 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി.
28 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു.
ഹെപ്പറ്റൈറ്റിസ് എ: ജാഗ്രത വേണമെന്ന് ഐഎച്ച്കെ
കാഞ്ഞങ്ങാട്∙ നഗരസഭയിലും സമീപപ്രദേശങ്ങളിലും ഹെപ്പറ്റൈറ്റിസ് എ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐഎച്ച്കെ) ജില്ലാ കമ്മിറ്റി.
ഹെപ്പറ്റൈറ്റിസ് എയെക്കുറിച്ചുള്ള സൗജന്യ ബോധവൽക്കരണത്തിനും പ്രതിരോധത്തിനും സംഘടനയുടെ സൗജന്യ സേവനം ലഭ്യമാണെന്ന് ഐഎച്ച്കെ ജില്ലാ സെക്രട്ടറി ഡോ. എം.പി.ജയശങ്കർ അറിയിച്ചു.മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഈ കരൾ രോഗം പ്രധാനമായും പകരുന്നത്.
പ്രധാന രോഗലക്ഷണങ്ങൾ
പനി, കഠിനമായ ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, വയറുവേദന (പ്രത്യേകിച്ച് വലതുവശത്ത് മുകളിലായി), കണ്ണിനും ചർമത്തിനും മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞനിറം, മലം നിറം മങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
പ്രതിരോധമാണ് പ്രധാനം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണറുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
ആഹാരം കഴിക്കുന്നതിന് മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പുറത്തുനിന്നുള്ള ആഹാരവും പാനീയങ്ങളും ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക.
മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.
ഹെപ്പറ്റൈറ്റിസ് എയെക്കുറിച്ചുള്ള സൗജന്യ ബോധവൽക്കരണത്തിനും പ്രതിരോധത്തിനുമായി ബന്ധപ്പെടാം–ഫോൺ: 9400459569. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]