
പെരിയ∙ തണ്ണോട്ട് പുല്ലാഞ്ചിക്കുഴിയിൽ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസ് അതിർത്തിയിലെ വീടിനു സമീപം പുലി എത്തിയെന്ന് സംശയം. വീട്ടുമുറ്റത്ത് കെട്ടിയിട്ട
വളർത്തുനായയെ കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുല്ലാഞ്ചിക്കുഴിയിലെ കുരിക്കൾ വീട്ടിൽ ഗൗരിയുടെ വീട്ടിലെ വളർത്തുനായയെ തിങ്കളാഴ്ച രാത്രി പുലി ആക്രമിച്ചതായാണു സംശയം.
ഇന്നലെ രാവിലെയാണ് ചങ്ങലയിൽ കെട്ടിയിട്ട സ്ഥലത്ത് നായയുടെ ജഡം കണ്ടത്.
ഗൗരിയുടെ മകൾ ബിന്ദുവും ഭർത്താവ് ഗോവിന്ദനുമാണ് ഇവിടെ താമസിക്കുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് കാസർകോട് വനംവകുപ്പ് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.വി.സത്യന്റെ നേതൃത്വത്തിലുള്ള ആർആർടി സംഘം സ്ഥലത്ത് പരിശോധന നടത്തി.
പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതിനെത്തുടർന്ന് സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു.
പുലിയുടെ സാന്നിധ്യം ഉറപ്പിക്കാനായാൽ ഇവിടെ കൂട് സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. ആഴ്ചകൾക്കു മുൻപ് കേരള കേന്ദ്ര സർവകലാശാല പരിസരത്തും സമീപസ്ഥലങ്ങളായ കളിയങ്ങാനം, കുന്നുമ്മങ്ങാനം, പെരിയ പുക്കളം എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
വളർത്തുമൃഗങ്ങളുള്ള വീട്ടുകാരോട് ജാഗ്രതപാലിക്കാനും രാത്രി കൂടുകൾക്കു സമീപം ലൈറ്റിടണമെന്നും അധികൃതർ നിർദേശിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജയകുമാരൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.അഭിലാഷ്, യു.രവീന്ദ്ര, ജി.എ.ജിതിൻ, അമൽ, പി.മണികണ്ഠൻ, ബിജേഷ്കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]