ബേക്കൽ ∙ ബേക്കൽ കോട്ടയിൽ കൊത്തളത്തിനു സമീപത്തെ തകർന്ന മതിൽ പുനർനിർമിക്കാൻ നടപടികൾ തുടങ്ങി. കഴിഞ്ഞ ജൂണിലാണ് കോട്ടയുടെ പ്രവേശന കവാടത്തോട് ചേർന്ന 11 മീറ്ററോളം ഉയരത്തിലും 20 മീറ്റർ നീളത്തിലും ഉള്ള മതിൽ തകർന്നത്.മതിൽ തകർന്നത് കോട്ട
കൊത്തളത്തിന്റെ സുരക്ഷിതത്വത്തിനു കൂടി ആഘാതമുണ്ടാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. തകർന്ന ഭാഗം പുനർ നിർമിക്കുന്നതിന് 30 ലക്ഷത്തിലേറെ രൂപ ചെലവുള്ള പദ്ധതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർക്കു സമർപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട
എൻജിനീയറിങ് വിഭാഗം ഇതു പരിശോധിച്ച് അംഗീകാരം നേടിയ ശേഷം ടെൻഡർ നടപടി തുടങ്ങും. മഴ മാറിയാൽ നവംബർ – ഡിസംബർ മാസങ്ങളിലായി പണി തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.സന്ദർശകരെ ആകർഷിക്കുന്നതിന് കോട്ടയിൽ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ കിയോസ്കുകൾ, കഫെറ്റീരിയ, ശുചിമുറി സൗകര്യം എന്നിവ ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ബെംഗളൂരുവിലുള്ള ഒരു ഏജൻസിയെ ഡിപിആർ തയാറാക്കാൻ നിയോഗിച്ചിട്ടുണ്ട്.
കോട്ടയിൽ ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ നിയന്ത്രണത്തിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ബംഗ്ലാവ് കേന്ദ്ര പുരാവസ്തു വകുപ്പിനു ലഭ്യമാക്കി അറ്റകുറ്റപ്പണി ചെയ്ത് ചരിത്ര സ്മാരക മ്യൂസിയമാക്കി മാറ്റാനുള്ള ആവശ്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.കോട്ടയ്ക്കകത്തു നിന്നു കണ്ടെടുത്ത നാണയങ്ങൾ, പാത്രങ്ങൾ, വെടിക്കോപ്പുകൾ, നാണയങ്ങളുടെ അച്ച് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ മേഖലാ ഓഫിസിലാണ് ഇപ്പോൾ സൂക്ഷിക്കുന്നത്.
മ്യൂസിയം തുടങ്ങാൻ കഴിഞ്ഞാൽ ഇതെല്ലാം ഇങ്ങോട്ടു മാറ്റാൻ കഴിയും.വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇതു സഹായമാകും. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയിലും കോട്ടയുടെ 100 മീറ്റർ പരിസരത്തും ഒരു നിർമാണവും നടത്താൻ അനുമതിയില്ല.
ഇതനുസരിച്ച് ഇവിടെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മാത്രം ഉടമസ്ഥതയിലായിരിക്കും ഏതു നിർമാണവും വികസനവും നടക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ മേഖലാ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയകുമാർ എസ്.നായർ കഴിഞ്ഞ ദിവസം കോട്ട
സന്ദർശിച്ചു നിലവിലുള്ള സ്ഥിതി വിലയിരുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

