പത്തനംതിട്ട ജില്ലയിലെ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ തീർഥാടകരുടെ വാഹനങ്ങൾക്കായി പുതിയ ഫീസ് സമ്പ്രദായം വരുന്നു. വിമാനത്താവളങ്ങളിലെ മാതൃക പിന്തുടർന്ന് ഫാസ്ടാഗ് വഴിയുള്ള ഫീസ് ഈടാക്കാനാണ് തീരുമാനം.
വാഹനങ്ങൾ പാർക്കിങ് നഗറിലേക്ക് പ്രവേശിക്കുന്ന സമയം കമ്പ്യൂട്ടർ സംവിധാനം വഴി രേഖപ്പെടുത്തും. തുടർന്ന് തിരികെ പോകുന്ന സമയത്ത് ഗ്രൗണ്ടിൽ ചെലവഴിച്ച കൃത്യമായ സമയം കണക്കാക്കിയാകും തുക ഈടാക്കുക.
വാഹനം പുറത്തേക്ക് പോകുന്ന ഗേറ്റിൽ എത്തുമ്പോൾ സമയം കണക്കാക്കി ഫാസ്ടാഗിൽ നിന്ന് നേരിട്ട് പണം പിൻവലിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. നിലവിലുള്ള രീതിയനുസരിച്ച് വാഹനം ഗ്രൗണ്ടിലേക്ക് കയറുമ്പോൾ തന്നെ ഫാസ്ടാഗ് വഴി ഒരു നിശ്ചിത തുക ഈടാക്കുകയാണ് ചെയ്യുന്നത്.
ഇതിൽ എത്ര ദിവസങ്ങൾ വാഹനം ഗ്രൗണ്ടിൽ നിർത്തിയിട്ടാലും കൂടുതൽ തുക നൽകേണ്ടി വരാറില്ല. എന്നാൽ പുതിയ രീതി നിലവിൽ വരുന്നതോടെ പാർക്ക് ചെയ്യുന്ന സമയത്തിന് അനുസരിച്ച് ഫീസിൽ വ്യത്യാസം വരും.
വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നതുപോലെ വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ ചെലവഴിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതൽ തുക ഈടാവുക. നിലയ്ക്കൽ പാർക്കിങ് മേഖലയിൽ ആധുനിക നിർമിത ബുദ്ധി (എഐ) ക്യാമറകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം.
ഇതിലൂടെ ഓരോ ഗ്രൗണ്ടിലും പാർക്ക് ചെയ്തിട്ടുള്ള മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ കൺട്രോൾ റൂമിലിരുന്ന് കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

