
തലപ്പാടി ∙ സർവീസ് റോഡ് ഉപയോഗിക്കാതെ കർണാടക ആർടിസി ബസുകളും മറ്റു വാഹനങ്ങളും യാത്ര ചെയ്യുന്നത് ഇനിയും അപകടമുണ്ടാക്കുമെന്ന ഭീതിയിൽ നാട്. ഇതോടൊപ്പം ഹെഡ് ഫോണിൽ പാട്ടു വച്ചും കേരളത്തിൽ നിരോധിച്ചിട്ടുള്ള ലഹരി ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ദേശീയപാതയിലൂടെ തന്നെ വരുന്ന ബസുകൾ ആറുവരിപ്പാതയിൽനിന്നു നാലുവരിപ്പാതയിലേക്കെത്തുമ്പോൾ ബ്രേക്കിടും.
വാഹനത്തിന്റെ ടയറുകളുടെ അവസ്ഥയും കാലാവസ്ഥയും ഡ്രൈവറുടെ ശ്രദ്ധയും ഈ സാഹചര്യത്തിൽ നിർണായകമാണ്. ഇതൊഴിവാക്കാൻ ബസുകൾ സർവീസ് റോഡുകൾ ഉപയോഗിക്കുന്നതു വഴി സാധിക്കും.
ഇന്നലെ ഉണ്ടായ അപകടം ഇത്തരത്തിലുള്ളതാണെന്നു നാട്ടുകാർ പറയുന്നു.
സർവീസ് റോഡ് ഉപയോഗിക്കാതെ ദേശീയപാതയിലൂടെ വന്ന ബസ് ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. കനത്ത മഴയും റോഡും ടയറും അപകടത്തിനു കാരണമായി.
ഡ്രൈവറുടെ വീഴ്ച പൊലീസ് അന്വേഷണത്തിലേ മനസ്സിലാകൂ. ദേശീയപാതയിലെ സഞ്ചാരം കൂടുതൽ സുരക്ഷിതമാക്കണമെന്നു സ്ഥലം സന്ദർശിച്ച ശേഷം എ.കെ.എം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു.
അമിത വേഗവും കനത്ത മഴയും അപകടത്തിന് കാരണമായി. സർവീസ് റോഡ് മാത്രം ഉപയോഗിക്കേണ്ട
ബസുകൾ പലപ്പോഴും പ്രധാന പാതയിലൂടെ സഞ്ചരിക്കുന്നതും മത്സരയോട്ടം നടത്തുന്നതും പതിവാണ്. ഡ്രൈവർമാർ പാൻ മസാല അടക്കമുള്ളവയും ഹെഡ് സെറ്റുമൊക്കെ ഉപയോഗിക്കുന്നതും മുൻപേ തന്നെ പരാതിയായി വന്നിട്ടുണ്ട്.
താൻ പലവട്ടം ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നെന്നും നടപടി ഉണ്ടായില്ലെന്നും എംഎൽഎ ആരോപിച്ചു.
ബസിന്റെ ടയറുകൾ നിലവാരമില്ലാത്തവ
തലപ്പാടി ∙ ദേശീയപാതയിലെ അപകടത്തിനു പിന്നാലെ കർണാടക ആർടിസി ബസിന്റെ ടയറുകൾ നിലവാരമില്ലാത്തവയെന്ന് ആരോപണം. പലതിനും ഗ്രിപ്പില്ലെന്നും ടയറിൽ പൊട്ടലുകൾ കാണാമെന്നും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പറയുന്നു.
ഇന്നലെ നിയന്ത്രണംവിട്ട് അപകടമുണ്ടാക്കിയ ബസിന്റെ ടയറുകൾ മോശം അവസ്ഥയിലായിരുന്നു. ബ്രാൻഡഡ് ടയർ വാങ്ങി ഉപയോഗിച്ചു തീർന്ന ശേഷം റീസോൾ ചെയ്ത ടയറുകളായിരുന്നു മുന്നിലും പിന്നിലും.കമ്പനി ടയറിനും പിന്നീട് ഘടിപ്പിച്ച റബർ സോളിനുമിടയിൽ വിള്ളലുകളുമുണ്ടായിരുന്നു.
ഇടതു ഭാഗത്തുള്ള ടയറുകൾക്ക് റീസോൾ ചെയ്തിട്ടും ഗ്രിപ്പില്ലായിരുന്നു.
മഴയത്ത് തെന്നി നിയന്ത്രണംവിടാൻ ഇതും കാരണമായി. കാസർകോട് റൂട്ടിൽ ഓടുന്ന ഒട്ടേറെ ബസുകളുടെ അവസ്ഥ ഇതാണെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്ഥലം സന്ദർശിച്ച എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും ഇതേ ആരോപണമുന്നയിച്ചു.
ബസിന്റെ ടയറുകളുടെ സ്ഥിതി മോശമാണെന്നും കൃത്യമായ മെയ്ന്റനൻസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ടയറുകൾ മാറ്റേണ്ട
സമയത്തു മാറ്റിയിട്ടില്ല. അമിതവേഗത്തിലുമാണ് ബസ് എത്തിയത്.
മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണം. – എംഎൽഎ ആവശ്യപ്പെട്ടു.
ബസിലുള്ളവരെ ഭാഗ്യം തുണച്ചു
തലപ്പാടി ∙ ദേശീയപാതയിൽ തലപ്പാടിയിൽ അപകടമുണ്ടായ ബസിലെ യാത്രക്കാർ രക്ഷപ്പെട്ടതും ഭാഗ്യത്തിന്റെ സഹായത്താൽ.
നിയന്ത്രണംവിട്ടു നിരങ്ങുന്നതിനിടെ ബസ് ഒരു വശത്തേക്കോ തലകീഴായോ മറിയാൻ സാധ്യതകളുണ്ട്. ഇതുണ്ടാവാതിരുന്നത് രക്ഷയായി.
അല്ലെങ്കിൽ മരണസംഖ്യയും പരുക്കേറ്റവരുടെ എണ്ണവും ഇനിയും ഉയർന്നേനെ. അപകടത്തിലായ ബസിലെ യാത്രക്കാരെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് പിന്നാലെ എത്തിയ മറ്റൊരു കർണാടക ആർടിസി ബസിൽ കയറ്റിവിടുകയായിരുന്നു.
ഇതിനു ശേഷമാണ് രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപകടം ടോൾ ബൂത്തിന് 550 മീറ്റർ അകലെ
തലപ്പാടി ∙ ബസ് ഓട്ടോയിലേക്ക് ഇടിച്ചുകയറിയത് കർണാടക – കേരള അതിർത്തിയിലെ തലപ്പാടിയിൽ ആറുവരിപ്പാത അവസാനിക്കുന്നിടത്താണ്. ഈ ഭാഗത്തു മീഡിയനുമില്ല.
ഏതാണ്ട് 100 മീറ്റർ മാറിയാണ് മീഡിയൻ ആരംഭിക്കുന്നത്. അപകടസ്ഥലത്തുനിന്നു 550 മീറ്റർ മാറിയാണ് തലപ്പാടിയിലെ ടോൾ ബൂത്ത്.
അപകടം നടന്ന സ്ഥലം മുതൽ മുന്നോട്ട് നാലുവരിപ്പാതയുണ്ട്. അപകടം നടന്നതിനു പിന്നാലെ ടോൾ ബൂത്തിൽ നിന്നു കാസർകോട് ഭാഗത്തേക്കു ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
നാലുവരിപ്പാതയിൽ കാസർകോട് ഭാഗത്തേക്ക് ഒരു വശം അടച്ച് ഒരു വശത്തു മാത്രമായിരുന്നു ഗതാഗതം. മറുവശത്ത് രണ്ടു വരി ഉണ്ടായിരുന്നതിനാൽ കാര്യമായ കുരുക്കുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]