
തലപ്പാടി∙ സർവീസ് റോഡിലൂടെ വരേണ്ടിയിരുന്ന കർണാടക ആർടിസി നിയമം ലംഘിച്ചു ദേശീയപാതയിലുടെ അമിതവേഗതയിൽ എത്തി അപകടം വിളിച്ചുവരുത്തിയതായി നാട്ടുകാർക്ക് പരാതി. തലപ്പാടിയിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
തെന്നിനീങ്ങിയ ബസ് വന്ന് ഇടിച്ചുനിന്ന ഓട്ടോസ്റ്റാൻഡിൽ സാധാരണ ദിവസം 24 ഓട്ടോകൾ വരെ ഉണ്ടാകാറുണ്ട്. കർണാടകയിലെ ദക്ഷിണ കന്നഡയിൽ മഴ മൂലം അവധി പ്രഖ്യാപിച്ചിരുന്നതും കേരളത്തിലെ അവധിയും മൂലം യാത്രക്കാർ കുറവായതിനാൽ ഒരു ഓട്ടോ ഒഴികെ മറ്റെല്ലാ ഡ്രൈവർമാരും ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിരുന്നു.
ചില ഓട്ടോകൾ അൽപദൂരം മാറ്റി ഇട്ടിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
തലപ്പാടിയിലെ ഷമീറിന്റെ ഓട്ടോ മാത്രമായിരുന്നു അപകടസമയത്തു സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. ബസ് ഇദ്ദേഹത്തിന്റെ ഓട്ടോയിൽ ഇടിച്ചെങ്കിലും.
ഷമീർ തൊട്ടുമുൻപ് ഓട്ടോയിൽനിന്ന് ഇറങ്ങി ഓടിയതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. മറ്റ് ഓട്ടോ ഡ്രൈവർമാർ പിന്നീടാണ് സ്ഥലത്തെത്തിയത്.ദിവസവും ഒരു മണി മുതൽ വൈകിട്ട് ഏഴ് വരെ വിവിധ സ്ഥലങ്ങളിലെ കോളജുകളിലും സ്കൂളുകളിലുമായി പഠിക്കുന്ന വിദ്യാർഥികൾ തലപ്പാടിയിൽ എത്തി ബസ് മാറിക്കയറാൻ കാത്തുനിൽക്കുന്ന സ്ഥലമാണിത്.
അവധി ആയതിനാൽ ഈ വിദ്യാർഥികളും രക്ഷപ്പെട്ടു.
അപകടത്തിനിടയാക്കിയത് നിർമാണത്തിലെ അപാകതയെന്നു നാട്ടുകാർ
തലപ്പാടി∙ കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ അപകടത്തിനിടയാക്കിയത് നിർമാണത്തിലെ അപാകതയെന്നു നാട്ടുകാരുടെ ആരോപണം. ഇതു പരിഹരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അമിതവേഗത്തിനൊപ്പം പെട്ടെന്നു വീതി കുറയുന്നതും അപകടത്തിനു കാരണമാണ്. ചെറിയ ഇറക്കത്തിലാണ് ഈ വീതി കുറവ്.
കാസർകോട് മുതൽ ദേശീയപാതയിൽ നിഷ്കർഷിച്ച വേഗതയിൽ വരുന്ന വാഹനങ്ങൾ കർണാടക അതിർത്തിയായ തലപ്പാടിയിലെത്തുമ്പോൾ വേഗം കുറയ്ക്കണം. ഇന്നലെ അപകടം നടന്ന ഇടം മുതൽ നാലുവരിപ്പാതയാണ് മുന്നിൽ.
ഈ ഭാഗത്ത് സർവീസ് റോഡുകളും ഇല്ല.
ആറുവരിപ്പാതയിലെ വാഹനങ്ങൾക്കൊപ്പം സർവീസ് റോഡിലെ വാഹനങ്ങൾ കൂടി എത്തുമ്പോൾ പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് ചെറിയ ഇറക്കമായതിനാൽ ബ്രേക്കിട്ടാലും കണക്കുകൂട്ടിയ ഇടത്തു വാഹനം നിൽക്കില്ല.
അതിർത്തിയിലെ ടോൾഗേറ്റ് വരെ ആറുവരിപ്പാതയായി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വീതിക്കുറവിനൊപ്പം മഴ സമയത്ത് റോഡിനു തെന്നൽ കൂടുതലാണെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. ഗ്രിപ്പ് കുറവുള്ള ടയറുകളും പരിചയമില്ലാത്ത ഡ്രൈവറും മഴയും ഒരുമിച്ചു വന്നാൽ ഇതിലും ഭീകരമായ അപകടത്തിനു വഴിവയ്ക്കും.
തലപ്പാടി മുതൽ ദേശീയ പാതയിൽ ചിലയിടങ്ങളിൽ മാത്രം ഗ്രിപ്പ് കുറവാണ്. മഴ വന്നാൽ വാഹനം ഒരുവശത്തേക്കു തെന്നിനീങ്ങാൻ ഇടയുണ്ട്.
ഇന്നലെ അപകടമുണ്ടായ ഇടത്തും ഇത്തരത്തിൽ പരുക്കൻ ഭാഗത്തിന്റെ കുറവുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]