
ചെർക്കള ∙ ദേശീയപാതയ്ക്കരികിലെ ട്രാൻസ്ഫോമറുകൾക്ക് സുരക്ഷാവേലിയില്ലാത്തത് അപകടഭീഷണി. സർവീസ് റോഡിന്റെ അരികിൽ നടപ്പാതയിലാണ് ട്രാൻസ്ഫോമറുകൾ യാതൊരു സുരക്ഷയുമില്ലാതെ സ്ഥാപിച്ചിട്ടുള്ളത്.ഒന്നര മീറ്റർ മാത്രം വീതിയുള്ളതാണ് നടപ്പാത.
ഇതിലൂടെ നടന്നുപോകുന്നവർ സൂക്ഷിച്ചില്ലെങ്കിൽ ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് യൂണിറ്റിൽ തട്ടാൻ സാധ്യതയുണ്ട്. ചെറിയ കുട്ടികൾക്കുപോലും എത്തിപ്പിടിക്കാൻ സാധിക്കുന്ന ഉയരത്തിലാണ് ഫ്യൂസ് യൂണിറ്റുകളുള്ളത്.തലപ്പാടി മുതൽ ചെർക്കള വരെ പലയിടത്തും ഇത്തരത്തിൽ ട്രാൻസ്ഫോമറുകൾ അപകടക്കെണിയൊരുക്കുന്നു.
സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ നിയന്ത്രണംവിട്ട് ട്രാൻസ്ഫോമറിൽ ഇടിച്ചാൽ വലിയ ദുരന്തമുണ്ടാകും.
നാലാം മൈലിൽ ചെർക്കള ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിന്റെ അരികിൽ ഇത്തരത്തിൽ ട്രാൻസ്ഫോമറുണ്ട്. സ്കൂൾ കുട്ടികൾ അടക്കം ബസ് കാത്തിരിക്കുന്ന സ്ഥലമാണിത്.
കരാർ പ്രകാരം ദേശീയപാതയ്ക്കരികിലെ വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കേണ്ടതും ട്രാൻസ്ഫോമറുകൾക്ക് സുരക്ഷാവേലി സ്ഥാപിക്കേണ്ടതും ദേശീയപാത അധികൃതരാണ്. ദേശീയപാത അധികൃതർ ഇത് ഏൽപിച്ചത് റോഡ് നിർമാണം കരാറെടുത്ത കമ്പനികളെയാണ്.
കെഎസ്ഇബിക്ക് മേൽനോട്ട ഉത്തരവാദിത്തം മാത്രമേയുള്ളൂ.
കെഎസ്ഇബി അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും കരാർ കമ്പനികൾ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
ദേശീയപാതയുടെ സർവീസ് റോഡിനു പുറത്ത് ആവശ്യമായ വീതിയില്ലാത്തതിനാൽ നടപ്പാതയിൽ തന്നെയാണ് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ സുരക്ഷാ വേലി നിർമിക്കാനുള്ള സൗകര്യമില്ലാത്തതും വലിയ പ്രതിസന്ധിയാണ്.
ജീവനക്കാർക്ക് നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ കണക്കിലെടുത്ത് രണ്ടര മീറ്റർ വീതിയാണ് സുരക്ഷാവേലി നിർമിക്കാൻ ആവശ്യമുള്ളത്. എന്നാൽ ദേശീയപാതയ്ക്കരികിൽ ഒന്നര മീറ്റർ മാത്രമേ വീതിയുള്ളൂ.
വൈദ്യുത ലൈനും അപകടഭീഷണി
ദേശീയപാതയ്ക്കരികിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതും അപകടകരമായ രീതിയിൽ.
കെട്ടിടങ്ങളിൽനിന്ന് നിശ്ചിത അകലംപോലും പാലിക്കാതെയാണ് പലയിടത്തും ലൈൻ വലിച്ചിട്ടുള്ളത്.വൈദ്യുതി ലൈനും കെട്ടിടവും തമ്മിൽ 1.2 മീറ്റർ അകലം വേണമെന്നാണ് ചട്ടം. എന്നാൽ നായന്മാർമൂല, വിദ്യാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ചില കെട്ടിടങ്ങളും ലൈനുമായി 30 സെന്റിമീറ്റർ അകലം മാത്രമാണുള്ളത്.
ഇത് ഭാവിയിൽ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും.
സർവീസ് റോഡിന് പുറത്ത് നടപ്പാതയ്ക്ക് പലയിടത്തും ഒന്നര മീറ്റർ മാത്രമേ വീതിയുള്ളൂ. ഇതാണ് യൂട്ടിലിറ്റി കോറിഡോറും.
ജലഅതോറിറ്റി പൈപ്പ് ലൈൻ, മൊബൈൽ കേബിളുകൾ, കെഎസ്ഇബി കേബിളുകൾ തുടങ്ങിയവ പോകുന്നത് ഇതിലൂടെയാണ്. ഇതിന്റെ ഏറ്റവും പുറത്താണ് വൈദ്യുതിത്തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. ലൈനും കെട്ടിടങ്ങളും തമ്മിലുള്ള അകലം കുറയാൻ ഇതും കാരണമായി.
ചില സ്ഥലങ്ങളിൽ മരങ്ങളും ഇങ്ങനെ ലൈനിനോടു ചേർന്ന് നിൽക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]