കാസർകോട്∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കുറ്റിക്കോൽ ഡിവിഷനിൽ നിന്നുള്ള സിപിഎമ്മിലെ സാബു ഏബ്രഹാമിനെ തിരഞ്ഞെടുത്തു. ഏഴിനെതിരെ 9 വോട്ടുകൾക്കാണ് സാബു ഏബ്രഹാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പുത്തിഗെ ഡിവിഷനിലെ കോൺഗ്രസിലെ ജെ.എസ്.സോമശേഖരയ്ക്ക് 7 വോട്ട് ലഭിച്ചു. ബിജെപി അംഗമായ ബദിയടുക്ക ഡിവിഷനിലെ രാമപ്പ മഞ്ചേശ്വരം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. കൃത്യസമയത്ത് ഹാജരാകാത്തതിനാൽ ഒരംഗത്തിന് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല.
വരണാധികാരിയായ കലക്ടർ കെ.ഇമ്പശേഖർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പ്രസിഡന്റ് സ്ഥാനാർഥിയായ സാബു ഏബ്രഹാമിനെ കയ്യൂർ വിഷനിൽ നിന്നുള്ള സിപിഎമ്മിലെ ഒക്ലാവ് കൃഷ്ണൻ നിർദേശിക്കുകയും പെരിയ ഡിവിഷനിലെ സിപിഐയിലെ കെ.കെ.സോയ പിൻതാങ്ങുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയായ ജെ.എസ്.സോമശേഖരിനെ വോർക്കാടി ഡിവിഷനിലെ കോൺഗ്രസ് അംഗം ഹർഷാദ് വോർക്കാടി പിൻതാങ്ങുകയും ഉദുമ ഡിവിഷനിലെ കോൺഗ്രസിലെ സുകുമാരൻ ശ്രീധരൻ പിൻതാങ്ങുകയും ചെയ്തു.
കെ.കെ.സോയ; ജില്ലയിലെ പരിചിതമുഖം
കാസർകോട്∙ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പെരിയ ഡിവിഷനിലെ എൽഡിഎഫ് അംഗം സിപിഐയിലെ കെ.കെ. സോയ തിരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് കെ കെ സോയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ചെങ്കള ഡിവിഷനിലെ മുസ്ലിംലീഗിലെ ജസ്ന മനാഫിനെ ചിറ്റാരിക്കൽ ഡിവിഷൻ കോൺഗ്രസിലെ ബിൻസി ജെയിൻ നിർദേശിക്കുകയും മഞ്ചേശ്വരം ഡിവിഷനിൻ മുസ്ലിംലീഗ് അംഗം ഇർഫാന ഇകുബാൽ പിൻതാങ്ങുകയും ചെയ്തു.
ജസ്ന മനാഫിനു 8 വോട്ടു കിട്ടി. ബിജെപിയിലെ രാമപ്പ മഞ്ചേശ്വരം വോട്ടടെടുപ്പിൽ നിന്നു നിന്നു.
നെഹ്റു കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ 2020 ലാണ് സോയ എഐഎസ്എഫിന്റെ സ്ഥാനാർഥിയായി ആദ്യം മത്സരിക്കുന്നത്. അന്ന് വിജയം ഒപ്പം നിന്നില്ല.
പക്ഷേ, 5 വർഷങ്ങൾക്കിപ്പുറമുള്ള ‘യഥാർഥ’ തിരഞ്ഞെടുപ്പിൽ പെരിയ ഡിവിഷനിൽ നിന്നു മിന്നും വിജയം നേടി കെ.കെ.സോയ (26) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവംഗമാണ്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, സിപിഐ രാവണീശ്വരം സെക്കൻഡ് ബ്രാഞ്ച് അംഗം, രാവണീശ്വരം സി.
അച്യുതമേനോൻ ഗ്രന്ഥാലയം ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. എംഎ, ബിഎഡ് ബിരുദധാരിയാണ്.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അവിവാഹിതയാണ്.
സിപിഐ ജില്ലാ കമ്മിറ്റിയംഗം കരുണാകരൻ കുന്നത്തിന്റെയും എം.രജിതയുടെയും മകളാണ്.
കാസർകോട്ടെ കരുത്തുറ്റ സാന്നിധ്യം
കാസർകോട് ∙ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും മലയോരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും വച്ചു നോക്കിയാൽ സാബു ഏബ്രാഹം ഒരു കേരള കോൺഗ്രസ് നേതാവാകുമായിരുന്നു. പക്ഷേ വലതുപക്ഷ രാഷ്ട്രീയമല്ല, തന്റെ മേഖലയെന്ന് ചെറുപ്പത്തിലേ അദ്ദേഹം തിരിച്ചറിഞ്ഞു. കോൺഗ്രസും കേരള കോൺഗ്രസും ശക്തിയുള്ള ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ സിപിഎമ്മിന് കരുത്തുറ്റ ഒരു നേതാവിനെ നൽകിയത് ആ തീരുമാനമായിരുന്നു.
തുടർച്ചയായി രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന്റെ കൈകളിലെത്തുമ്പോൾ ഭരണത്തിന്റെ ചുക്കാൻ സാബു ഏബ്രഹാമിനെ ഏൽപിക്കുന്നതിൽ പാർട്ടിക്ക് കൂടുതൽ ആലോചിക്കേണ്ടിയും വന്നില്ല.
ചെറുപ്പത്തിൽ ചർച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സജീമായിരുന്നു സാബു.
സ്കൂൾ പഠന കാലത്ത് കേരള കോൺഗ്രസ് വിദ്യാർഥി വിഭാഗമായ കെഎസ്സിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. കോൺഗ്രസ് വിരുദ്ധ ചേരി എന്നതായിരുന്നു അന്ന് സാബുവിനെ കെഎസ്സി പ്രസ്ഥാനത്തിലേക്ക് ആകർഷിച്ച ഘടകം.
കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള എതിർപ്പ് ചെറുപ്പം മുതലേ രക്തത്തിലുള്ളതാണെന്ന് ഇതെ കുറിച്ച് സാബു പറയും.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സാബു ഏബ്രഹാം ‘മനോരമ’യോട് സംസാരിക്കുന്നു..
ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക്
വീട്ടുകാർ കമ്യുണിസ്റ്റ് കുടുംബമല്ല.
പിതാവടക്കമുള്ളവരെല്ലാം കേരള കോൺഗ്രസ് ആശയക്കാരായിരുന്നു. ജ്യേഷ്ഠൻ ബാബു ഏബ്രഹാം ഇപ്പോഴും കേരള കോൺഗ്രസ്(എം) സംസ്ഥാന കൗൺസിൽ അംഗമാണ്. പക്ഷേ ഞാൻ കോളജിലെത്തിയതോടെ എസ്എഫ്ഐ രാഷ്ട്രീയമായി തട്ടകം.
എളേരിത്തട്ട് ഗവ.കോളജിൽ പ്രീഡിഗ്രി ചേർന്ന കാലത്ത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായി. ബികോം പഠനത്തിനിടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു,
എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രസിഡന്റ് സ്ഥാനങ്ങളിലും പ്രവർത്തിച്ചു.അങ്ങനെ ആഗ്രഹിച്ചല്ല ഈ പദവിയിലെത്തിയത്.
അന്ന് 80 ശതമാനവും യുഡിഎഫ് സ്വാധീന മേഖലയാണ് മലയോര കുടിയേറ്റ മേഖല. അങ്ങനെ ഒരു സ്ഥലത്തു നിന്ന് സിപിഎമ്മിനൊപ്പം നിന്ന് പ്രവർത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.പതാൽ ജോസിനെ പോലെ ചുരുക്കം നേതാക്കളെ പാർട്ടിക്ക് അക്കാലത്ത് മലയോരത്ത് ഉണ്ടായിരുന്നുള്ളു.
അങ്ങനെ ഒരു സ്ഥലത്തു നിന്ന് വരുന്നതിന്റെ അവഗണനകൾ ഉണ്ടായിരുന്നു. ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നൊന്നും അന്ന് ആലോചിച്ചിട്ടു പോലുമില്ല.
ആദ്യ മത്സരം സിപിഐക്കെതിരെ
‘തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിനു മുൻപ് ഒരു തവണ മാത്രമേ മത്സരിച്ചിട്ടുള്ളു.
അതു തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. 1995ൽ.
24ാം വയസ്സിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹിയായിരിക്കെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് എളേരി ഡിവിഷനിൽ നിന്നായിരുന്നു മത്സരം. ജില്ലാ പഞ്ചായത്തിൽ ആരു മത്സരിക്കണമെന്ന് സിപിഎമ്മും സിപിഐയും മുന്നണി എന്ന നിലയിൽ അന്ന് ധാരണ ഉണ്ടാക്കിയിരുന്നില്ല.
അതിനാൽ യുഡിഎഫ് സ്ഥാനാർഥിക്കു പുറമെ സിപിഐ, സിപിഎം സ്ഥാനാർഥികളും വെവ്വേറെയായി മത്സര രംഗത്തെത്തി. ഇരു വിഭാഗവും നോമിനേഷൻ പിൻവലിച്ചില്ല.
അന്ന് 685 വോട്ടിന് സിപിഎമ്മിനു വേണ്ടി ഞാൻ ജയിച്ചു.; മലയോര മേഖലയിൽ സിപിഎമ്മിന് ശക്തി പകർന്ന ആ വിജയം സാബു ഏബ്രഹാമിനും വലിയ നേട്ടമായി. ആ വിജയത്തിനു ശേഷം 3 പതിറ്റാണ്ടു കാലം പാർട്ടി പ്രവർത്തനം മാത്രമായിരുന്നു.
സഹകരണ രംഗത്ത്
2018ൽ വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി 2020ലും തിരഞ്ഞടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്ത വേളയിലാണ് ഈ രണ്ട് സ്ഥാനങ്ങളും രാജിവച്ചത്. ഡിവൈഎഫ്ഐയിൽ പാലാവയൽ വില്ലേജ് സെക്രട്ടറിയായാണ് തുടങ്ങിയത്.
പിന്നീട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്കും ചുമതല ലഭിച്ചു. ലോക്കൽ, ഏരിയാ കമ്മിറ്റി അംഗമായി സിപിഎമ്മിലും സജീവമായി. മലയോര മേഖലയിൽ മോട്ടർ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രംഗത്തെത്തിയ അദ്ദേഹം സിഐടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദവികളും അലങ്കരിച്ചു.
കൂടെയുള്ളവർ
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ ധനമന്ത്രി കെ.എം.ബാലഗോപാൽ, മന്ത്രി എം.ബി.രാജേഷ് എന്നിവരോടൊപ്പം ചേർന്നു പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരിക്കെ ആ സമിതിയിൽ ഇപ്പോഴത്തെ മന്ത്രി കെ.രാജനും ഉണ്ടായിരുന്നു.
കൂത്തുപറമ്പ് വെടിവയ്പ് സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനു നേതൃത്വം നൽകിയതിന് 22 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഈസ്റ്റ് എളേരി കണ്ണിവയൽ സ്വദേശിയാണെങ്കിലും ഇപ്പോൾ കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളേനിയിലാണ് താമസം. ജില്ലാ ട്രഷറിയിലെ യുഡി ടൈപ്പിസ്റ്റ് പെരുമ്പള സ്വദേശി പി.ജി.ഷീജയാണ് ഭാര്യ.
മക്കൾ: ആസാദ് സാബു( പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര വിദ്യാർഥി), അഥീന സാബു (ഒൻപതാം ക്ലാസ് വിദ്യാർഥി, ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂൾ). പിതാവ് പരേതനായ ഏബ്രഹാം കർഷക തൊഴിലാളിയായിരുന്നു.
മാതാവ് മേരി(80).
സോളർ വേലി മറ്റ് പഞ്ചായത്തുകളിലും
കൂടുതൽ വ്യവസായ സംരംഭങ്ങളെയും നിക്ഷേപകരെയും ജില്ലയിലേക്ക് ആകർഷിക്കാൻ പരിശ്രമിക്കും. മുൻ എൽഡിഎഫ് ഭരണ സമിതി മുന്നോട്ടു വച്ച ‘റൈസിങ് കാസർകോട് സംരംഭകത്വ ഉച്ചകോടി’ അടക്കമുള്ള മാതൃകാ പദ്ധതികളുടെയെല്ലാം തുടർച്ചയുണ്ടാവും. ജില്ലാ ആശുപത്രിയിൽ മെച്ചപ്പെട്ട
കാത്ത് ലാബ് സൗകര്യം, അവയവമാറ്റ ശസ്ത്രക്രിയാ സൗകര്യം എന്നിവയെല്ലാം ഉണ്ടാവേണ്ടതുണ്ട്. വൃക്കരോഗികൾക്കുള്ള ഡയാലിസിസ് ജില്ലയിലെ പല സ്ഥലങ്ങളിൽ ചെയ്യാനുള്ള അവസരവും സൗകര്യങ്ങളും ഒരുക്കും.
വന്യ ജീവി ആക്രമണം തടയുന്നതിന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ സോളർ വേലി പദ്ധതി ജില്ലയിലെ മലയോര പഞ്ചായത്തുകളിലെല്ലാം നടപ്പാക്കുന്നത് ആസൂത്രണം ചെയ്യും. ജില്ലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹകരണ ബാങ്കുകളുമായി സഹകരിച്ച് വായ്പയും സബ്ഡിസിയും അടക്കം നൽകുന്ന പദ്ധതികളൊരുക്കും.
ടൂറിസം മേഖലയിൽ ഈ രംഗത്തെ എല്ലാവരെയും യോജിപ്പിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യും.’– സാബു ഏബ്രഹാം മനോരമയോട് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

