പെരിയ ∙ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളാരെന്നതിനെച്ചൊല്ലി കോൺഗ്രസിലെ തർക്കത്തെത്തുടർന്ന് യുഡിഎഫ് അംഗങ്ങൾ എത്താത്തതിനാൽ ക്വാറമില്ലാതായതോടെ, പുല്ലൂർ പെരിയ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ തിങ്കളാഴ്ചത്തേക്ക് മാറ്റി. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ്–9, എൽഡിഎഫ്–9, എൻഡിഎ–1 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിലെ 9 അംഗങ്ങളും എൻഡിഎയുടെ ഒരംഗവും ഇന്നലെ തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയില്ല.
യോഗത്തിൽ ക്വോറം തികയാതെ വന്നാൽ തിരഞ്ഞെടുപ്പ് അടുത്ത പ്രവൃത്തിദിവസം നടത്തണമെന്നാണ് ചട്ടമെന്നും അതുപ്രകാരം തിങ്കളാഴ്ച 10.30ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും 2.30ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കുമെന്ന് വരണാധികാരി കെ.എൻ.സുനിത അറിയിച്ചു.
കോൺഗ്രസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളാകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് നേതൃത്വം ഇടപെട്ടിട്ടും പരിഹാരമാകാത്തതിനാലാണ് യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നത്. 9 അംഗങ്ങളുള്ള യുഡിഎഫിൽ 8 അംഗങ്ങൾ കോൺഗ്രസിന്റേതാണ്.
ഒരു അംഗം മുസ്ലിം ലീഗിന്റെതും. കോൺഗ്രസിൽ പെരിയ ടൗൺ വാർഡിൽ നിന്നു വിജയിച്ച ഉഷ എൻ.നായരെ ആദ്യ ടേമിൽ പ്രസിഡന്റാക്കാൻ കോർ കമ്മിറ്റി യോഗമെടുത്ത തീരുമാനത്തെ കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന എ.കാർത്യായനിയും അവരെ അനുകൂലിക്കുന്നവരും അംഗീകരിക്കാത്തതാണ് തർക്കത്തിനു കാരണം.
കല്യോട്ട് വാർഡിൽ നിന്നു വിജയിച്ച എം.കെ.ബാബുരാജിനെ 5 വർഷത്തേക്ക് വൈസ് പ്രസിഡന്റാക്കാനുള്ള തീരുമാനത്തെ രതീഷ് കാട്ടുമാടവും ചോദ്യം ചെയ്തു. കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്ന തനിക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തിന് അർഹതയുണ്ടെന്നായിരുന്നു രതീഷിന്റെ വാദം.തർക്കം വന്നാൽ കെപിസിസി സർക്കുലറിലുള്ള മാനദണ്ഡ പ്രകാരം സീനിയോറിറ്റി പരിഗണിക്കമെന്നതു കണക്കിലെടുക്കണമെന്ന് നിർദേശിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദനും രതീഷ് കാട്ടുമാടവും കോർ കമ്മിറ്റിയോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
ഡിസിസി വിപ്പ് നൽകി; 2 പേർ കൈപ്പറ്റിയില്ല
പെരിയ ∙ കോർ കമ്മിറ്റി തീരുമാനിച്ച ഉഷ എൻ.നായർക്ക് വോട്ട് ചെയ്യണമെന്ന ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലിന്റെ വിപ്പ് വെള്ളിയാഴ്ച രാത്രി തന്നെ പെരിയ മണ്ഡലം പ്രസിഡന്റ് രാജൻ അരീക്കര കോൺഗ്രസ് അംഗങ്ങൾക്കു നൽകിയിരുന്നു.
എന്നാൽ എ.കാർത്യായനിയും രതീഷ് കാട്ടുമാടവും വിപ്പ് കൈപ്പറ്റാൻ തയാറായില്ല. ഇന്നലെ യോഗം ആരംഭിക്കുന്ന 10.30 നു മുൻപ് തന്നെ ഉഷ എൻ.നായരുൾപ്പെടെയുള്ള ഏതാനും യുഡിഎഫ് അംഗങ്ങളും എൻഡിഎ അംഗം ബിജെപിയിലെ എ.സന്തോഷ് കുമാറും സ്ഥലത്തെത്തിയെങ്കിലും യോഗഹാളിൽ പ്രവേശിച്ചില്ല.
എൽഡിഎഫിലെ 9 അംഗങ്ങളും യോഗഹാളിലെത്തി മിനിറ്റ്സിൽ ഒപ്പിടുകയും ചെയ്തു.
ഇരുമുന്നണികളെയും പിന്തുണയ്ക്കേണ്ടെന്ന പാർട്ടി ജില്ലാ അധ്യക്ഷയുടെ വിപ്പ് ലഭിച്ചതിനാലാണ് വോട്ടെടുപ്പിൽ പങ്കെടുക്കാത്തതെന്ന് എ.സന്തോഷ്കുമാർ പറഞ്ഞു. എ.കാർത്യായനി, രതീഷ് കാട്ടുമാടം, സി.കൃഷ്ണകുമാർ, എ.വി.മിനി എന്നീ കോൺഗ്രസ് അംഗങ്ങൾ എത്താത്തതോടെ വോട്ടെടുപ്പ് നടന്നാൽ എൽഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെടുമെന്നതിനാൽ യുഡിഎഫ് അംഗങ്ങൾ മടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങളും എൻഡിഎ അംഗവും ഇതേ നിലപാട് സ്വീകരിച്ചതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും തിങ്കളാഴ്ച 2.30 ലേക്ക് മാറ്റിയതായി വരണാധികാരി കെ.എൻ.സുനിത പറഞ്ഞു. തിങ്കളാഴ്ച ക്വാറം തികഞ്ഞില്ലെങ്കിലും ഹാജരായ അംഗങ്ങളുമായി തിരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയാക്കാമെന്നും വരണാധികാരി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

